അടിപിടിയുണ്ടാക്കിയത് അജോയും ശ്രീക്കുട്ടനും: കാറുമായി വന്ന് ഇടിച്ചു വീഴ്ത്തിയത് അരവിന്ദ്; എല്ലാത്തിനും സാക്ഷിയായി അക്സവും; റാന്നിയില്‍ യുവാവിനെ കാറിടിച്ചു കൊന്നത് നാലു പ്രതികള്‍; അരവിന്ദ് നാലു ക്രിമിനല്‍ കേസുകളില്‍ പ്രതി

Update: 2024-12-16 14:03 GMT

പത്തനംതിട്ട: റാന്നി മന്ദമരുതിയില്‍ യുവാവിനെ കാറിടിച്ചു വീഴ്ത്തി കൊലപ്പെടുത്തിയ കേസില്‍ നാലു പ്രതികള്‍. മൂന്നു പേര്‍ നേരിട്ട് കൃത്യത്തില്‍ പങ്കാളികളെന്ന് പോലീസ്. കീക്കോഴൂരില്‍ വാടകയ്ക്ക് താമസിക്കുന്ന വെട്ടിക്കല്‍ വീട്ടില്‍ സുരേഷിന്റെ മകന്‍ അമ്പാടി സുരേഷ് (24) ആണ് മരിച്ചത്. റാന്നി ചേത്തയ്ക്കല്‍ നടമംഗലത്ത് വീട്ടില്‍ കുട്ടു എന്ന് വിളിക്കുന്ന അരവിന്ദ് (30), ചേത്തയ്ക്കല്‍ മലയില്‍ വീട്ടില്‍ അജോ എം. വര്‍ഗീസ് (30), നടമംഗലത്ത് വീട്ടില്‍ ശ്രീക്കൂട്ടന്‍ എന്ന് വിളിക്കുന്ന ഹരിശ്രീ വിജയന്‍ (28), നീരേറ്റുകാവ് കക്കുടുമണ്‍ താഴത്തേക്കൂറ്റ് വീട്ടില്‍ അക്സം (25) എന്നിവരാണ് അറസ്റ്റിലായത്.

അക്സം ഒഴികെ മൂന്നു പേര്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ എറണാകുളത്ത് നിന്നുമാണ് പിടിയിലായത്. അക്സത്തെ വീട്ടില്‍ നിന്നും ആദ്യം കസ്റ്റഡിയില്‍ എടുത്തിരുന്നു. കൃത്യത്തിന് ഉപയോഗിച്ച വാഹനം വെച്ചുച്ചിറ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുന്നത്ത് നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.

ബിവറേജിന് മുന്നില്‍ നിന്ന് തുടങ്ങി നടുറോഡില്‍ അവസാനിച്ചു

സംഭവത്തിന്റെ ആദ്യഘട്ടങ്ങളിലൊന്നും അമ്പാടി സുരേഷ് ചിത്രത്തില്‍ ഉണ്ടായിരുന്നില്ല. ഞായറാഴ്ച വൈകിട്ട് മൂന്നിന് റാന്നി ബിവറേജിന് മുന്നില്‍ മദ്യം വാങ്ങാന്‍ വന്ന അമ്പാടിയുടെ സഹോദരങ്ങളായ വിനു, വിഷ്ണു, മത്തി എന്ന് വിളിക്കുന്ന മിഥുന്‍ എന്നിവരുമായി രണ്ടാം പ്രതി അജോ വര്‍ഗീസ് ഉണ്ടാക്കിയ അടിപിടിയില്‍ നിന്നാണ് വിഷയം തുടങ്ങുന്നത്. മിഥുനും അജോയുമായി വാക്കേറ്റവും ഉന്തും തള്ളും നടന്നു.

വിനുവിന്റെയും വിഷ്ണുവിന്റെയും ബന്ധുക്കളായ എരുമേലി സ്വദേശിയുടെ വിവാഹത്തോട് അനുബന്ധിച്ച് മദ്യം വാങ്ങാന്‍ വന്നതായിരുന്നു മിഥുനും. ബിവറേജിലേക്ക് വാഹനത്തില്‍ വന്ന അജോ മിഥുനുമായി കൊരുത്തു. അവിടെ വച്ച് ഉന്തും തള്ളുമൊക്കെയായി എല്ലാവരും പിരിഞ്ഞു പോയി. എന്നാല്‍, വൈകിട്ട് അഞ്ചു മണിയോടെ അജോ മിഥുന്റെ വീട്ടില്‍ എത്തി വെല്ലുവിളിച്ചു. മിഥുന്‍ വീട്ടില്‍ ഇല്ലാതിരുന്നതിനാല്‍ ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞു. ധൈര്യമുണ്ടെങ്കില്‍ മന്ദമരുതിക്ക് വരാനും വെല്ലുവിളിച്ചു. വെല്ലുവിളി ഏറ്റെടുത്ത മിഥുനും വിഷ്ണുവും വിനുവും രാത്രി ഏഴരയോടെ മന്ദമരുതിയിലേക്ക് ഹ്യൂണ്ടായി ഐ ടെന്‍ കാറില്‍ പോയി.

പോകുന്ന വഴി എസ്.സി ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപമുള്ള മാവേലില്‍ പമ്പിന് മുന്നില്‍ നിന്ന് അമ്പാടിയെയും കൂടെ വിളിച്ചു കയറ്റി. മന്ദമരുതിയില്‍ ചെന്നപ്പോള്‍ അജോയുടെ സുഹൃത്തും അരവിന്ദിന്റെ ബന്ധുവുമായ ശ്രീക്കുട്ടനും അക്സവും സ്‌കൂട്ടറില്‍ വന്നു. ഇരുകൂട്ടരും തമ്മില്‍ അടിപിടിയുണ്ടായി. അതിന് ശേഷം ശ്രീക്കുട്ടനും അക്സവും സ്‌കൂട്ടറില്‍ സ്ഥലം വിട്ടു. മിഥുന്‍, വിനു, വിഷ്ണു എന്നിവര്‍ കാറില്‍ കയറി. കാറിന്റെ സമീപത്തായി റോഡില്‍ നിന്ന അമ്പാടിയെ പ്ലാച്ചേരി ഭാഗത്ത് നിന്ന് വന്ന സ്വിഫ്ട് കാര്‍ ഇടിച്ചു തെറിപ്പിച്ചു. തുടര്‍ന്ന് കാര്‍ നിര്‍ത്താതെ ഓടിച്ചു പോവുകയായിരുന്നു. മന്ദമരുതി തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിക്ക് സമീപമാണ് സംഭവം നടന്നത്. അരവിന്ദ്, അജോ, ശ്രീക്കുട്ടന്‍ എന്നിവരാണ് സ്വിഫ്ട് കാറിലുണ്ടായിരുന്നത്.

ഗുരുതരമായി പരുക്കേറ്റ അമ്പാടിയെ ആദ്യം റാന്നിയിലെയും പിന്നീട് കോഴഞ്ചേരിയിലെയും സ്വകാര്യ ആശുപത്രികളില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. വെറുമൊരു വാഹനാപകടമായി പോകുമായിരുന്ന കേസ് കൊലപാതകമാണെന്ന് പോലീസിന് വിവരം ലഭിച്ചത് അമ്പാടിയുടെ സുഹൃത്തുക്കളുടെ മൊഴിയില്‍ നിന്നാണ്. കൊലയ്ക്ക് ശേഷം അരവിന്ദും അജോയും ശ്രീക്കുട്ടനും കാര്‍ വെച്ചൂച്ചിറ കുന്നത്ത് ഉപേക്ഷിച്ച ശേഷം മറ്റൊരു വാഹനത്തില്‍ രക്ഷപ്പെടുകയായിരുന്നു. പുലര്‍ച്ചെ നാലു മണിയോടെ സ്വിഫ്ട് കാര്‍ ഉപേക്ഷിച്ച നിലയില്‍ പോലീസ് കണ്ടെത്തി കസ്റ്റഡിയില്‍ എടുത്തു. പ്രതികളുടെ വാട്സാപ്പ് സന്ദേശത്തില്‍ നിന്നും അക്സത്തെ കുറിച്ച് പോലീസിന് സൂചന ലഭിക്കുകയും ഇയാളെ ആദ്യം കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. തുടര്‍ന്ന് മറ്റു പ്രതികളുടെ നീക്കം നിരീക്ഷിച്ച് വലയിലാക്കുകയായിരുന്നു.

പിക്കപ്പ് വാനില്‍ കൈതചച്ചക്കയുടേയും പഴങ്ങളുടേയും കച്ചവടം നടത്തുന്ന അമ്പാടിയും ഭാര്യ ഹണിയും, ഒന്നരവയുള്ള മകന്‍ സുദേവുമായി റാന്നി ഇട്ടിയപ്പാറക്കു സമീപം താമറത്ത് വാടകയ്ക്ക് താമസിച്ചു വരികയാണ്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം വൈകിട്ടോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Tags:    

Similar News