എസ് എച്ച് ഒ അവധിയില്‍; പുനരന്വേഷണത്തിന് ലൈംഗിക ബന്ധവും മദ്യ കുപ്പിയും നിര്‍ബന്ധം; മാന്നാനത്തെ ഹോട്ടലിലേക്ക് ക്ഷണം കിട്ടിയത് വിജിലന്‍സ് ബുദ്ധിയിലെന്ന് ആ എ എസ് ഐ അറിഞ്ഞില്ല; കേരളാ പോലീസില്‍ ഇത്തരം 'ബിജു'മാരുമുണ്ട്; കോട്ടയം ഗാന്ധിനഗറിലെ ബിജുവിനെ വിജിലന്‍സ് കുടുക്കിയത് ഇങ്ങനെ
കോട്ടയം : സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലെ പരാതിക്കാരിയെ ലൈംഗിക ബന്ധത്തിന് ക്ഷണിച്ച എ.എസ്.ഐയെ വിജിലന്‍സ് അറസ്റ്റ് ചെയ്തത് കെണിയൊരുക്കി. കോട്ടയം ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ബിജുവാണ് അറസ്റ്റിലായത്. പരാതിക്കാരിയില്‍ നിന്ന് കൈക്കൂലിയായി മദ്യവും ഇയാള്‍ വാങ്ങിയതായി ആരോപണമുണ്ട്.
പരാതിക്കാരിക്ക് ഗാന്ധി നഗര്‍ സ്റ്റേഷനില്‍ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് കേസുണ്ടായിരുന്നു. ഇതിന്റെ അന്വേഷണം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. എന്നാല്‍ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരി വ്യാഴാഴ്ച സ്റ്റേഷനിലെത്തി. സി.ഐ അവധിയായതിനാല്‍ എ.എസ്.ഐ ബിജുവാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്. ഇതിനിടെയാണ് ബിജു പരാതിക്കാരിയോട് ലൈംഗിക ബന്ധത്തിന് വഴങ്ങണമെന്ന് ആവശ്യപ്പെട്ടത്. തുടര്‍ന്ന് പരാതിക്കാരി കോട്ടയം വിജിലന്‍സ് ഓഫീസിലെത്തി വിവരങ്ങള്‍ ധരിപ്പിച്ചു. വിജിലന്‍സ് സംഘം നിര്‍ദ്ദേശിച്ചതനുസരിച്ച് കോട്ടയം മാങ്ങാനത്തുള്ള ഒരു ഹോട്ടലില്‍ എത്തണമെന്ന് പരാതിക്കാരി ബിജുവിനോട് ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഹോട്ടലില്‍ എത്തിയപ്പോഴാണ് വിജിലന്‍സ് പിടികൂടിയത്.
കഴിഞ്ഞദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. ഗാന്ധിനഗര്‍ എസ്എച്ച്ഒ ടി. ശ്രീജിത്ത് കഴിഞ്ഞ രണ്ടുദിവസമായി അവധിയിലായിരുന്നു. മുമ്പ് പരാതി നല്‍കിയ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ടാണ് പരാതിക്കാരി സ്റ്റേഷനില്‍ എത്തിയത്. ഈ സമയം എസ്എച്ച്ഒ അവധിയില്‍ ആയതിനാല്‍ ഗ്രേഡ് എഎസ്‌ഐ ആയ ബിജു ഇടപെടുകയായിരുന്നു. പരാതിക്കാരിയെ ലൈംഗികബന്ധത്തിന് ക്ഷണിക്കുകയും മദ്യക്കുപ്പി കൈക്കൂലിയായി ആവശ്യപ്പെടുകയുമായിരുന്നു. ഇതോടെ ഇവര്‍ പരാതിയുമായി കോട്ടയം വിജിലന്‍സ് സംഘത്തെ സമീപിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് നിര്‍ദേശപ്രകാരം പരാതിക്കാരി മദ്യക്കുപ്പിയുമായി മാന്നാനത്ത് കാത്തുനിന്നപ്പോഴാണ് ഗ്രേഡ് എഎസ്‌ഐ എത്തിയത്. തുടര്‍ന്ന് ഇയാളെ മദ്യക്കുപ്പി സഹിതം മാന്നാനത്തെ ഹോട്ടലില്‍ നിന്നും വിജിലന്‍സ് സംഘം പിടികൂടുകയായിരുന്നു. ഇന്നലെ രാത്രി എട്ടോടുകൂടിയാണ് കോട്ടയം വിജിലന്‍സ് ഡിവൈഎസ്പി നിര്‍മല്‍ ബോസിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്.