അസ്മ മരിച്ച വിവരം വീട്ടുകാര്‍ അറിയുന്നത് ബന്ധുവില്‍ നിന്നും; സിറാജുദ്ദീന്‍ ആരുമറിയാതെ പായയില്‍ പൊതിഞ്ഞ് മൃതദേഹം കൊണ്ടുവന്നു; പ്രതികരണത്തില്‍ സംശയം തോന്നിയ ബന്ധുക്കള്‍ മര്‍ദ്ദിച്ചു; ചട്ടിപ്പറമ്പിലെ യുവതിയുടെ മരണം ഭര്‍ത്താവ് ക്ഷണിച്ചുവരുത്തിയത്; നവജാതശിശു കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പീഡിയാട്രിക് ഐസിയുവില്‍ ചികിത്സയില്‍

അസ്മ മരിച്ച വിവരം വീട്ടുകാര്‍ അറിയുന്നത് ബന്ധുവില്‍ നിന്നും

Update: 2025-04-07 00:53 GMT

ചട്ടിപ്പറമ്പ്: വീട്ടിലെ പ്രസവത്തെത്തുടര്‍ന്ന് ചികിത്സ ലഭിക്കാതെ മലപ്പുറത്തു മരിച്ച അസ്മയുടെ മൃതദേഹം ഭര്‍ത്താവ് സിറാജുദ്ദീന്‍ പെരുമ്പാവൂരിലേക്ക് കൊണ്ടുവന്നത് ഭാര്യ വീട്ടുകാരെ അറിയിക്കാതെ. ചികിത്സ ലഭിക്കാതെയാണ് അസ്മ മരിച്ചത് എന്ന വിവരം ലഭിച്ചാല്‍ അത് പ്രശ്‌നമാകുമെന്ന് അറിയാവുന്നത് കൊണ്ടായിരുന്നു ഇയാളുടെ ഒളിച്ചുകളി. യുവതി മരിച്ചത് വീട്ടുകാരെ അറിയിക്കാതെ ഒരു ബന്ധു മുഖേനയാണ് അറിയിച്ചത്.

ആലപ്പുഴയിലുള്ള ഒരു ബന്ധുവില്‍നിന്നാണ് മരണവിവരം അറയ്ക്കപ്പടിയിലെ വീട്ടുകാര്‍ അറിയുന്നത്. വീട്ടുകാര്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ സന്നദ്ധരാണെന്ന് ബന്ധുവിനെ ധരിപ്പിക്കുകയായിരുന്നു. ഈ ഉറപ്പിലാണ് ആംബുലന്‍സ് അസ്മയുടെ വീട്ടിലെത്തിച്ചത്. ബാപ്പയുടെ അടുത്തുതന്നെ മറവുചെയ്യണമെന്ന് അസ്മയ്ക്ക് ആഗ്രഹമുണ്ടായിരുന്നുവെന്ന് പറഞ്ഞാണ് സിറാജുദ്ദീന്‍ മൃതദേഹം പെരുമ്പാവൂരിലേക്ക് കൊണ്ടുവന്നത്. വീട്ടിലെത്തി കാര്യങ്ങള്‍ തിരക്കിയപ്പോള്‍ സിറാജുദ്ദീന്റെ പ്രതികരണങ്ങളില്‍ ബന്ധുക്കള്‍ക്ക് സംശയം ഉണ്ടായി. അവര്‍ അസ്മയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കാത്തത് ചോദ്യംചെയ്തു. തുടര്‍ന്ന് ഇവര്‍ തമ്മില്‍ വാക്കേറ്റവും കൈയേറ്റവുമുണ്ടായി. ഇരു വിഭാഗത്തെയും അഞ്ചുപേര്‍ക്ക് വീതം പരിക്കേറ്റു.

ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പെരുമ്പാവൂര്‍ പോലീസ് എത്തി. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. നവജാതശിശു ഇപ്പോള്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പീഡിയാട്രിക് വിഭാഗത്തില്‍ നിയോ നേറ്റല്‍ എന്‍ഐസിയുവില്‍ ചികിത്സയിലാണ്. സ്ഥിതി വഷളായാല്‍ വെന്റിലേറ്റര്‍ ചികിത്സ നല്‍കേണ്ടിവരുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ശനിയാഴ്ച വൈകീട്ട് മലപ്പുറത്തെ വീട്ടില്‍ ജനിച്ച നവജാത ശിശുവിനെയും കൊണ്ട് ദീര്‍ഘദൂര യാത്രയാണ് പിതാവ് സിറാജുദ്ദീന്‍ നടത്തിയത്.

അസ്മ മരിച്ച സംഭവത്തില്‍ പെരുമ്പാവൂര്‍ പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തു. മൃതദേഹപരിശോധനാ നടപടികള്‍ക്കു ശേഷം കേസ് മലപ്പുറം പോലീസിനു കൈമാറും. തിങ്കളാഴ്ച രാവിലെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്കു കൊണ്ടുപോകും. ഇവരുടെ മറ്റു മക്കളെ സിറാജുദ്ദീന്റെ വീട്ടുകാര്‍ കൊണ്ടുപോയി. പരേതനായ ഇബ്രാഹിം മുസ്ലിയാരാണ് അസ്മയുടെ പിതാവ്. മാതാവ്: ശരീഫ.

35 വയസിനിടെ അഞ്ചാമത്തെ പ്രസവമാണ് അസ്മയുടേത്. നവജാതശിശുവിനെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലപ്പുഴ സ്വദേശിയായ ഭര്‍ത്താവ് സിറാജുദ്ദീനൊപ്പം ഈസ്റ്റ് കോഡൂരിലെ വാടകവീട്ടിലായിരുന്നു അസ്മയും കുടുംബവും താമസിച്ചിരുന്നത്. ആത്മീയചികിത്സകനും മതപ്രഭാഷകനുമാണെന്ന് അവകാശപ്പെടുന്ന സിറാജുദ്ദീന് അയല്‍വാസികള്‍ ഉള്‍പ്പെടെയുള്ളവരുമായി ബന്ധമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പ്രസവവും യുവതിയുടെ മരണവുമൊന്നും മറ്റാരും അറിഞ്ഞില്ല.

അസ്മ ഗര്‍ഭിണിയാണെന്ന് അയല്‍വാസികള്‍ക്ക് സംശയമുണ്ടായിരുന്നു. എന്നാല്‍, വീട്ടില്‍ പതിവുസന്ദര്‍ശനത്തിനെത്തിയ ആശവര്‍ക്കറോടുപോലും ഗര്‍ഭമില്ലെന്നാണു പറഞ്ഞിരുന്നത്. ശനിയാഴ്ച രാത്രി നാട്ടുകാര്‍ അറിയാതെ പുറത്തുനിന്നുള്ള കൂട്ടുകാരെ വിളിച്ചുവരുത്തി, കുട്ടികളെയുംകൂട്ടി അസ്മയുടെ മൃതദേഹവുമായി പെരുമ്പാവൂരിലേക്കു പോകുകയായിരുന്നു. പായയില്‍ പൊതിഞ്ഞാണ് അസ്മയുടെ മൃതദേഹം ഞായറാഴ്ച രാവിലെ ഏഴോടെ പെരുമ്പാവൂര്‍ അറയ്ക്കപ്പടിയിലെ വീട്ടിലെത്തിച്ചത്. നവജാതശിശുവിന്റെ ശരീരത്തില്‍ പ്രസവസമയത്തെ രക്തംപോലും തുടച്ചുമാറ്റാത്ത നിലയിലായിരുന്നുവെന്ന് അസ്മയുടെ ബന്ധുക്കള്‍ ആരോപിച്ചു.

ആരോഗ്യ കേരളത്തിന് വെല്ലുവിളി, 9 മാസത്തില്‍ മലപ്പുറം ജില്ലയില്‍ 4 കുഞ്ഞുങ്ങള്‍ മരിച്ചു.

അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഉറപ്പായിട്ടും വീട്ടില്‍ പ്രസവം നടത്തുന്ന രീതി കേരളത്തിന് വെല്ലുവിളായിണ്. മലപ്പുറം ചട്ടിപ്പറമ്പില്‍ വീട്ടില്‍വച്ചുള്ള പ്രസവത്തിനിടെ യുവതി മരിച്ചത് ഞായറാഴ്ച്ചയാണ്. അജ്ഞതയും ശാസ്ത്രാവബോധവുമില്ലായ്മയുമാണ് ചിലരെയെങ്കിലും വീട്ടില്‍ പ്രസവമെന്ന അനാരോഗ്യ തീരുമാനത്തിലേക്ക് നയിക്കുന്നത്. 2019 മുതല്‍ 2024 വരെ ഇത്തരത്തില്‍ രണ്ടായിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ 9 മാസത്തില്‍ മലപ്പുറം ജില്ലയില്‍ 4 കുഞ്ഞുങ്ങള്‍ മരിച്ചു.

ആശാപ്രവര്‍ത്തകരുടെയും തദ്ദേശസ്ഥാപനങ്ങളുടെയും സഹായത്തോടെ വീട്ടിലെ പ്രസവരീതി അവസാനിപ്പിക്കാനുള്ള വിപുലമായ പ്രചാരണം നടത്തുന്നുണ്ട്. പലപ്പോഴും അമിത രക്തസ്രാവം ഉണ്ടാകുമ്പോഴാണ് അമ്മയെ ആശുപത്രിയിലെത്തിക്കാന്‍ കുടുംബം തയ്യാറാകുന്നത്. ചിലയിടങ്ങളില്‍ അതും നടക്കുന്നില്ല. ഇത് അമ്മയുടെയോ കുഞ്ഞിന്റെയോ ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യത്തിലെത്തിക്കും. വിദേശരാജ്യങ്ങളില്‍ പരിശീലനം ലഭിച്ച ആരോഗ്യപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ മാത്രമാണ് വീടുകളില്‍ പ്രസവം നടത്തുന്നത്. അതിന് മാസങ്ങളുടെ തയ്യാറെടുപ്പും ഉണ്ടാകും. പ്രസവസമയത്തെ സങ്കീര്‍ണതകളും നേരിടാന്‍ സംവിധാനം ഒരുക്കേണ്ടത് അത്യാവശ്യമാണ്. പ്രസവം നീണ്ടുപോയാല്‍ കുഞ്ഞിന്റെ തലയിലേക്കുള്ള രക്തയോട്ടത്തിന് കുറവുവന്ന് ബുദ്ധിമാന്ദ്യം പോലും സംഭവിക്കാം.

ഇവയൊക്കെ കണ്ടുപിടിക്കാനുള്ള സംവിധാനവും ഉപകരണങ്ങളും അത് കൈകാര്യം ചെയ്യാന്‍ നൈപുണ്യം നേടിയവരും ഉണ്ടെങ്കിലേ അമ്മയ്ക്കും കുഞ്ഞിനും അപകടം തരണം ചെയ്യാനാവൂ. വീട്ടില്‍ പ്രസവിക്കുന്ന സ്ത്രീക്ക് ഇത്തരം ശുശ്രൂഷകള്‍ കിട്ടില്ലെന്നത് ഉറപ്പാണ്. അതിനാല്‍ അമ്മയെ ആശുപത്രിയിലെത്തിക്കുക പ്രധാനമാണെന്ന് ആരോഗ്യവിദഗ്ധരും പറയുന്നു. കേരളത്തിലെ മാതൃമരണ അനുപാതം ലക്ഷത്തില്‍ 19 ആണ്, ഇന്ത്യയില്‍ ഇത് 97ഉം. മാതൃ -ശിശു ആരോഗ്യത്തില്‍ തുടര്‍ച്ചയായ ശ്രദ്ധ അത്യാവശ്യമാണ്. പ്രസവത്തിനുമുമ്പും ശേഷവുമുള്ള പരിചരണം, കുഞ്ഞിന് കൃത്യമായി പ്രതിരോധ കുത്തിവയ്പ്, പോഷകാഹാരം എന്നിവയും ഉറപ്പാക്കണം.

Tags:    

Similar News