രണ്ടു പേര്‍ വിമാനത്തില്‍ വന്നു; മൂന്ന് പേര്‍ കാറിലും; രണ്ടു പേര്‍ എത്തിയത് ട്രക്കില്‍; മുന്‍ അനുഭവത്തില്‍ മോഷ്ടാക്കള്‍ മേവാത്തിക്കാരാണെന്ന് തിരിച്ചറിഞ്ഞ കമ്മീഷണര്‍; തൃശൂരിലെ കൊള്ളക്കാരെ കുടുക്കിയത് ഇളങ്കോ ബുദ്ധി; കണ്ടൈനര്‍ രക്ഷപ്പെടല്‍ പൊളിച്ചത് 'കണ്ണൂര്‍' അനുഭവം

തൃശൂരിലെ എടിഎം കവര്‍ച്ചയില്‍ ഏഴ് പേരാണ് പിടിയിലായിരിക്കുന്നത്

Update: 2024-09-28 01:40 GMT

സേലം: പ്രതികളില്‍ രണ്ട് പേര്‍ കവര്‍ച്ചയ്ക്കായി കേരളത്തിലെത്തിയത് വിമാന മാര്‍ഗ്ഗം. മൂന്ന് പേര്‍ കാറിലും മറ്റുള്ളവര്‍ ട്രക്കിലും. ആ ഹരിയാന കൊള്ള സംഘം കേരളത്തില്‍ എത്തിയത് പല വിധമാണ്. സംഘത്തിലെ ഒരാളായ മുബാറകിന് ഒന്നിനെ കുറിച്ചും ഒരു അറിവുമില്ലെന്നും പൊലീസുമായി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് ട്രക്ക് ഉടമ സുമാനുദ്ദീന്‍ ആണെന്നും തമിഴ്നാട് പൊലീസ് സ്ഥിരീകരിച്ചു. തൃശൂരിലെ എടിഎം കവര്‍ച്ചയില്‍ ഏഴ് പേരാണ് പിടിയിലായിരിക്കുന്നത്. ഹരിയാനയിലെ പല്‍വാല്‍ ജില്ലക്കാരായ ഇര്‍ഫാന്‍, സഫീര്‍ഖാന്‍, സഖ്വീന്‍, മുബാറക് എന്നിവരും നൂഹ് ജില്ലയില്‍ നിന്നുള്ള മുഹമ്മദ് ഇക്രം, അസീര്‍ അലി, സുമാനുദ്ദീന്‍ എന്നിവരാണ് സംഘാംഗങ്ങള്‍. ഇതില്‍ സുമാനുദ്ദീന്‍ കൊല്ലപ്പെട്ടു.

സിനിമാ സ്‌റ്റൈലിലാണ് ആസൂത്രണം നടത്തിയത്. 23.4 കിലോമീറ്റര്‍ ദൂരപരിധിക്കുള്ളിലെ 3 എടിഎം കൗണ്ടറുകള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ചു തകര്‍ത്ത് കവര്‍ച്ചയ്ക്ക് വേണ്ടിവന്നത് ഒരു മണിക്കൂര്‍ 48 മിനിറ്റ് മാത്രം. മാപ്രാണം, നായ്ക്കനാല്‍, കോലഴി എന്നിവിടങ്ങളിലെ എടിഎം കവര്‍ച്ചയ്ക്കു പിന്നില്‍ മേവാത്തി ഗാങ് ആകാമെന്ന സൂചന പൊലീസിനു ലഭിച്ചത് കമ്മിഷണര്‍ ആര്‍.ഇളങ്കോയുടെ മുന്‍ അനുഭവത്തില്‍നിന്ന്. 3 വര്‍ഷം മുന്‍പു കണ്ണൂരില്‍ മേവാത്തി ഗാങ്ങിലെ ഒരു സംഘം എടിഎം കവര്‍ച്ച നടത്തിയപ്പോള്‍ ഇളങ്കോ കണ്ണൂരില്‍ എസ്പി ആയിരുന്നു. അന്നു പൊലീസ് ഹരിയാനയിലെത്തിയാണു മോഷ്ടാക്കളെ പിടികൂടിയത്. കവര്‍ച്ചയ്ക്ക് ഉപയോഗിച്ച കാര്‍ കണ്ടെയ്‌നര്‍ ലോറിയില്‍ കയറ്റിയാണ് അന്നും കൊള്ളസംഘം കേരളം വിട്ടത്. തൃശൂരിലെ കൊള്ളയുടെ രീതി കണ്ട കമ്മിഷണര്‍ പിന്നില്‍ മേവാത്തി ഗാങ് ആകാമെന്ന സൂചന തമിഴ്‌നാട് പൊലീസിനു കൈമാറി. അങ്ങനെയാണ് കണ്ടൈനറുകള്‍ക്ക് പിന്നാലെ തമിഴ്‌നാട് പോലീസ് നീങ്ങിയത്. 2019 ല്‍ ആലപ്പുഴയിലും സമാന രീതിയില്‍ മേവാത്തി ഗാങ് കവര്‍ച്ച നടത്തിയിട്ടുണ്ട്.

തമിഴ്‌നാട്ടിലെ നാമക്കലില്‍ വെച്ചാണ് ഏഴ് പ്രതികളെയും സിനിമാ സ്‌റ്റൈലില്‍ പിടികൂടിയത്. തൃശൂരിലെ എ.ടി.എം. കവര്‍ച്ചയുടെ മുഖ്യ സൂത്രധാരന്‍ പിടിയിലായ മുഹമ്മദ് ഇക്രമാണ്. ഏത് എ.ടി.എം കവര്‍ച്ച ചെയ്യണം എന്ന് തീരുമാനിച്ചത് ഇക്രമായിരുന്നു. ഇവര്‍ ഇന്നലെയാണ് തൃശ്ശൂരിലെത്തിയത്. സബീര്‍ കാന്തും, സൗകിനുമാണ് വിമാന മാര്‍ഗ്ഗം കേരളത്തിലെത്തിയത്. മുബാറകിന് ഒന്നിനെ കുറിച്ചും ഒരു അറിവുമില്ലായിരുന്നു. ഇയാളുടെ പേരില്‍ മറ്റ് കേസുകള്‍ ഇല്ലെന്നും പൊലീസ് കണ്ടെത്തി. അസീര്‍ അലി പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ്. മറ്റുള്ളവരെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.

പിടിയിലായതു മേവാത്തി ഗാങ്ങില്‍പെട്ടവരാണ്. പ്രഫഷനല്‍ എടിഎം കൊള്ളക്കാരായ ഇവര്‍ ബ്രെസ ഗാങ് എന്നും അറിയപ്പെടുന്നു. ഹരിയാന-രാജസ്ഥാന്‍ അതിര്‍ത്തിയിലെ മേവാത്തില്‍നിന്നു രാജ്യമാകെ സഞ്ചരിച്ച് എടിഎം കൗണ്ടറുകളില്‍നിന്ന് ഇവര്‍ കവര്‍ന്നതു കോടികളാണ്. എടിഎം തകര്‍ക്കാന്‍ പരിശീലനം നേടിയ ഇരുനൂറോളം പേരാണു മേവാത്തി ഗാങ്ങിലുള്ളത്. 10 പേരില്‍ താഴെയുള്ള സംഘങ്ങളായി സഞ്ചരിച്ചാണു കവര്‍ച്ച നടത്തുന്നത്. വ്യവസായമേഖലകള്‍ ഉള്‍പ്പെടുന്ന മേവാത്തില്‍നിന്നു ദക്ഷിണേന്ത്യയിലേക്കടക്കം ഒട്ടേറെ ട്രക്കുകള്‍ ദിനംപ്രതി സഞ്ചരിക്കുന്നുണ്ട്. ലോഡുമായി എത്തുന്ന ഇവ മിക്കപ്പോഴും മടങ്ങുന്നതു കാലിയായിട്ടാണ്. ഇത്തരം ട്രക്കുകളുടെ ഡ്രൈവര്‍മാരുമായി മേവാത്തി ഗാങ്ങിന് അടുത്ത ബന്ധമുണ്ട്.

മോഷ്ടിച്ച കാറിലാണ് മേവാത്തി ഗാങ് എടിഎം കവര്‍ച്ചയ്ക്കിറങ്ങുക. മേവാത്തില്‍നിന്നുള്ള ട്രക്ക് ഈ സമയത്തു മേഖലയിലുണ്ടെങ്കില്‍ കാത്തുനില്‍ക്കേണ്ട സ്ഥലവും സമയവും ഡ്രൈവറെ അറിയിക്കും. മോഷണത്തിനുശേഷം പറഞ്ഞ സ്ഥലത്തെത്തി കാര്‍ ട്രക്കില്‍ കയറ്റി സ്ഥലംവിടും. കാര്‍ കേന്ദ്രീകരിച്ചാകും പൊലീസ് അന്വേഷണമെന്നതിനാല്‍ പിടിയിലാകാതെ ഇവര്‍ അതിര്‍ത്തി കടക്കും. തോക്കുമായി സഞ്ചരിക്കുന്ന മേവാത്തി ഗാങ് അപകടം മണത്താല്‍ ഇത് ഉപയോഗിക്കാനും മടിക്കില്ല. ഗാങ്ങിന്റെ തലവനായ യൂസഫ് റാഷിദിനെ ഈയിടെയാണ് ഡല്‍ഹി പൊലീസ് പിടികൂടിയത്. തോക്കും 4 വെടിയുണ്ടകളും ഇയാളില്‍നിന്നു പിടിച്ചെടുത്തിരുന്നു.

തൃശൂരില്‍ പുലര്‍ച്ചെ 2.10 നാണ് ആദ്യ മോഷണം. ഇരിങ്ങാലക്കുടയ്ക്കടുത്ത് മാപ്രാണത്തെ എസ്ബിഐ എടിഎമ്മിലേക്ക് കാറിലെത്തിയ മുഖം മൂടി സംഘം കയറി ഗ്യാസ് കട്ടറുപയോഗിച്ച് എടിഎം തകര്‍ത്തു. അവിടെനിന്ന് തട്ടിയെടുത്തത് 33 ലക്ഷം രൂപ. എടിഎം തകര്‍ന്ന സന്ദേശം ബാങ്ക് സര്‍വ്വറില്‍ നിന്ന് പൊലീസിന് കിട്ടി. 2.45 ഓടെ പൊലീസ് മാപ്രാണത്ത് എത്തി. കവര്‍ച്ചാസംഘം അപ്പോഴേക്കും 20 കിലോമീറ്റര്‍ കടന്നിരുന്നു. പുലര്‍ച്ചെ 3.02 ന് കൊള്ളസംഘം നേരെ തൃശൂര്‍ നഗരത്തിലെ നായ്ക്കനാല്‍ ഷൊര്‍ണൂര്‍ റോഡിലുള്ള രണ്ടാമത്തെ എസ്ബിഐ എടിഎമ്മിലെത്തി. ഇവിടെ നിന്ന് 10 ലക്ഷം രൂപ കവര്‍ന്നു. അതേ കാറില്‍ കോലഴിയിലേക്ക് പോയി. എടിഎം കൗണ്ടറിലുള്ള സിസിടിവി സ്‌പ്രേ ചെയ്ത് മറച്ച ശേഷം കോലഴിയില്‍ നിന്ന് 25.8 ലക്ഷം രൂപ കവര്‍ന്നു. അലര്‍ട്ട് കിട്ടിയതനുസരിച്ച് പൊലീസ് രണ്ടാമത്തെ പോയിന്റില്‍ പരിശോധന നടത്തുമ്പോഴായിരുന്നു ഇത്.

വെള്ള കാറിനെ തേടി തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പൊലീസുകാര്‍ കൂട്ടത്തോടെ പരിശോധന നടത്തിയെങ്കിലും പാലക്കാട് അതിര്‍ത്തിയില്‍ കാത്തുനിന്ന കണ്ടെയ്‌നര്‍ ലോറിക്കുള്ളിലേക്ക് വെള്ളക്കാര്‍ കയറ്റി. കണ്ടെയ്‌നര്‍ ലോറിയിലാണ് പ്രതികള്‍ എന്ന വിവരം രാവിലെ 8:45ന് തമിഴ്‌നാട് പൊലീസിന് ലഭിച്ചു. നാമക്കലിലെ കുമാരപാളയം ജംഗ്ഷന്‍ ബൈപാസില്‍ വച്ച് പൊലീസ് സംഘം കണ്ടെയ്‌നറിന് കൈ കാണിച്ചെങ്കിലും നിര്‍ത്താതെ പോയി. ദുരൂഹത സംശയിച്ച പൊലീസ് പിന്നാലെ പാഞ്ഞു.

തൊട്ടടുത്തുള്ള ടോള്‍ ഗേറ്റിന് അടുത്ത് വച്ച് ലോറി വെട്ടിത്തിരിച്ച് അടുത്ത വഴിയിലേക്ക് പോകാന്‍ ശ്രമിച്ചു. അതിനിടെ നിരവധി വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചു. പൊലീസ് പിന്നാലെ തന്നെ പാഞ്ഞു. സന്യാസിപ്പെട്ടിയില്‍ വച്ച് വാഹനം നിര്‍ത്തി ഡ്രൈവറെ കസ്റ്റഡിയില്‍ എടുത്തു. മുന്നില്‍ 4 പേര്‍ ഇരിക്കുന്നുണ്ടായിരുന്നു. അവരെയും കസ്റ്റഡിയില്‍ എടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് പുറപ്പെട്ടു. അപ്പോഴൊന്നും എടിഎം മോഷണ സംഘമാണെന്ന പൊലീസ് അത്രകണ്ട് സംശയിച്ചിരുന്നില്ല.

വഴിയില്‍ വച്ച് ലോറിയുടെ ഉള്ളില്‍ എന്തോ ഉണ്ടെന്ന് പൊലീസിന് സംശയം തോന്നി. ലോറി നിര്‍ത്തി തുറന്നു പരിശോധിക്കാന്‍ ശ്രമിച്ചു. അപ്പോഴാണ് അകത്തു കാറും 2 പേരും ഉണ്ടെന്ന് കണ്ടത്. കണ്ടെയ്‌നറിന് ഉള്ളില്‍ ഉള്ളവര്‍ പുറത്തേക് ഓടാന്‍ ശ്രമിച്ചു. അവരെ കീഴ്‌പ്പെടുത്തി. ഇതിനിടയില്‍ ഡ്രൈവര്‍, പൊലീസ് ഇന്‍സ്പെക്ടറെ ആക്രമിച്ച് രക്ഷപെടാന്‍ ശ്രമിച്ചു. അയാളെ വെടി വച്ച് വീഴ്ത്തി.

Tags:    

Similar News