നാട്ടിലേക്കുള്ള വിമാനയാത്രയ്ക്കിടെ കുഴഞ്ഞുവീണു; കണ്ണൂരില്‍ വിമാനം അടിയന്തരമായി ഇറക്കിയിട്ടും രക്ഷിക്കാനായില്ല; ഭാര്യയുടെയും മകളുടെയും മുന്നില്‍ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

Update: 2026-02-07 09:53 GMT

കണ്ണൂര്‍: ബഹ്‌റൈനില്‍നിന്ന് കുടുംബത്തോടൊപ്പം നാട്ടിലേക്കുള്ള വിമാന യാത്രയ്ക്കിടെ കുഴഞ്ഞുവീണ പ്രവാസി മലയാളി മരിച്ചു. തൃശൂര്‍ കുന്നംകുളം വേലൂര്‍ സ്വദേശിയായ യുവാവാണ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചത്. വെങ്ങിലശേരി ചാങ്കരവീട്ടില്‍ സുധാകരന്റെ മകന്‍ അഖിലാണ് (35) മരിച്ചത്. കൊച്ചിയിലേക്കുള്ള വിമാനം കണ്ണൂരില്‍ എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി അഖിലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യയും മകളും സുഹൃത്തും ഒപ്പമുണ്ടായിരുന്നു.

രാവിലെ 8.15ന് ബഹ്‌റൈനില്‍നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായിരുന്നു അഖില്‍. യാത്രയ്ക്കിടെ അഖിലിന് കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. വിമാനം പുറപ്പെട്ട് രണ്ട് മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് അഖില്‍ നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞുവീണത്. കണ്ണൂര്‍ വിമാനത്താവളത്തിലെ ഡോക്ടര്‍ പരിശോധിച്ചശേഷം മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.

Tags:    

Similar News