പ്രമുഖ ബില്‍ഡര്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി; ഇന്‍കം ടാക്‌സ് റെയ്ഡിനിടെ സ്വന്തം തോക്ക് ഉപയോഗിച്ചു വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്‌തെന്ന് റിപ്പോര്‍ട്ടുകള്‍; സംഭവം ബംഗളുരുവിലെ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഓഫീസില്‍; ഞെട്ടലോടെ വ്യവസായ ലോകം

പ്രമുഖ ബില്‍ഡര്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി

Update: 2026-01-30 12:24 GMT

ബംഗളുരു: മലയാളിയും പ്രമുഖ ബില്‍ഡററുമായി കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി. ഇന്ന് ഇന്‍കം ടാക്‌സ് റെയ്ഡിനിടെ ലൈസന്‍സുള്ള സ്വന്തം തോക്ക് ഉപയോഗിച്ചു വെടിയുതിര്‍ത്ത് ജീവനൊടുക്കി എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സംഭവ ബംഗളുരുവിലെ അശോക് നഗറിലെ കോണ്‍ഫിഡന്‍സ് ഗ്രൂപ്പിന്റെ ഓഫീസില്‍ വെച്ചാണ്.

പ്രദേശത്ത് പോലീസ് സുരക്ഷ ഒരുക്കിയിരിക്കയാണ്. മൃതദേഹം നാരയണ ആശുപത്രിയിലേക്ക് മാറ്റിയിരിക്കയാണ്. ഇങ്ങനെ സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്യാന്‍ സി ജെ റോയിയെ പ്രേരിപ്പിച്ചത് എന്താണ് എന്ന് വ്യക്തമല്ല. ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടക്കവേ ഇന്ന് ഉച്ചയോടെയാണ് റോയ് ഓഫീസിലേക്ക് എത്തിയത്. ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. റോയി ആത്മഹത്യ ചെയ്‌തെന്ന വിവരം വ്യവസായ ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്.

സി ജെ റോയി സ്വയം വെടിവച്ചു മരിച്ചതായാണ് വിവരം. സംഭവത്തിന് പിന്നാലെ തന്നെ റോയിയെ നാരായണ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. ഓഫീസിനുള്ളിലെ തന്റെ മുറിയില്‍ വെച്ച് റോയി സ്വന്തം തോക്കുപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു.നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടര്‍ന്ന് ഇന്ന് അദ്ദേഹത്തിന്റെ ഓഫീസുകളിലും വസതികളിലും ആദായനികുതി വകുപ്പ് വ്യാപകമായ പരിശോധന നടത്തിയിരുന്നു.

ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലും സാന്നിധ്യമുള്ള പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പ്. ഈ വ്യവസായ ഗ്രൂപ്പിന്റെ സ്ഥാപനകനും ചെയര്‍മാനുമാണ് ഡോ. റോയ് സി.ജെ. കേരളത്തിലും കര്‍ണാടകയിലുമായി നിരവധി ഭവന നിര്‍മ്മാണ പദ്ധതികള്‍ നടപ്പിലാക്കിയ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനാണ്. സമുദ്ര സംബന്ധിയായ ജോലികള്‍ക്ക് ശേഷമാണ് റിയല്‍ എസ്റ്റേറ്റ് രംഗത്തേക്ക് റോയി കടന്നുവന്നത്. വിദ്യാഭ്യാസം, ഹൃദയശസ്ത്രക്രിയ, ഡയാലിസിസ് ക്യാമ്പുകള്‍, വീട് നിര്‍മ്മാണം എന്നിവയ്ക്ക് കോണ്‍ഫിഡന്‍സ് ഫൗണ്ടേഷന്‍ വഴി വലിയ സഹായങ്ങള്‍ നല്‍കി ലന്നിരുന്നു.

200-ലധികം വിദ്യാര്‍ത്ഥികള്‍ക്ക് കോടിരൂപയുടെ സ്‌കോളര്‍ഷിപ്പ് നല്‍കിയിട്ടുണ്ട് കോണ്‍ഫിഡന്റ് ഗ്രൂപ്പ്, കോണ്‍ഫിഡന്‍സ് ഗ്രൂപ്പ് റിയല്‍ എസ്റ്റേറ്റിന് പുറമെ ഹോസ്പിറ്റാലിറ്റി, എന്റര്‍ടെയ്ന്‍മെന്റ്, എഡ്യൂക്കേഷന്‍, ഇന്റര്‍നാഷണല്‍ ട്രേഡിംഗ് എന്നീ മേഖലകളിലും പങ്കുവെച്ചിട്ടുണ്ട്.

Tags:    

Similar News