മുംബൈയിലും തിരുവനന്തപുരത്തും മൂന്നും ഒന്നും കോടി രൂപ മൂല്യമുള്ള ഫ്‌ലാറ്റുകള്‍; കൊല്ലത്ത് എട്ട് കോടി രൂപ മൂല്യമുള്ള ഷോപ്പിങ് മാളും; ഭാര്യയുടെയും മക്കളുടെയും പേരില്‍ വലിയ സമ്പാദ്യം; ഇതിന്റെയൊന്നും സാമ്പത്തിക ഉറവിടം വെളിപ്പെടുത്തിയില്ല; ചീഫ് സെക്രട്ടറിയായി വിരമിച്ച കെ.എം. എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിലേക്ക് എത്തുന്ന അനധികൃത സമ്പാദ്യങ്ങള്‍ ഇങ്ങനെ

മുംബൈയിലും തിരുവനന്തപുരത്തും മൂന്നും ഒന്നും കോടി രൂപ മൂല്യമുള്ള ഫ്‌ലാറ്റുകള്‍

Update: 2025-04-12 00:50 GMT

തിരുവനന്തപുരം: ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്നും വിരമിച്ചെങ്കിലും സംസ്ഥാന സര്‍ക്കാറില്‍ നിന്നും ഏറ്റവും കൂടുതല്‍ പണം വാങ്ങുന്ന ഉദ്യോഗസ്ഥനാണ് ഇന്നും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം. എബ്രഹാം. പിണറായി വിജയന്റെ അതിവിശ്വസ്തനാണ് ഇദ്ദേഹം. കേന്ദ്രത്തിനെതിരെ നിയമ പോരാട്ടം അടക്കം കേരളം നടത്തിയത് എബ്രഹാമിനെ വിശ്വസിച്ചാണ്. ഇതില്‍ അതൃപ്തിയുള്ള ഐഎഎസ് ഉദ്യോഗസ്ഥര്‍ നിരവധി പേരുണ്ടായിരുന്നു താനും. ഇങ്ങനെ എല്ലാംകൊണ്ടും സംസ്ഥാന സര്‍ക്കാറിലെ സൂപ്പര്‍പവറായി വിലസുന്ന ഉദ്യോഗസ്ഥനാണ് കെ എം എബ്രഹാം. അദ്ദേഹത്തിനെതിരായാണ് ഇപ്പോള്‍ സിബിഐ അന്വേഷണത്തിന് ഉത്തരവായിരിക്കുന്നത്. 2015 മേയ് 25-നാണ് അനധികൃത സ്വത്തുസമ്പാദനം ആരോപിച്ച് പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ ഉത്തരവ് വന്നിരിക്കുന്നത്.

അനധികൃതമായി വന്‍ സമ്പാദ്യം ഇദ്ദേഹത്തിനുണ്ടെന്നായിരുന്നു ആരോപണം. മുംബൈയിലും തിരുവനന്തപുരത്തും യഥാക്രമം മൂന്നും ഒന്നും കോടി രൂപ മൂല്യമുള്ള ഫ്‌ലാറ്റുകളും കൊല്ലത്ത് എട്ട് കോടി രൂപ മൂല്യമുള്ള ഷോപ്പിങ് മാളും ഉണ്ട്. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്മാരുടെ പെരുമാറ്റച്ചട്ടപ്രകാരം വര്‍ഷംതോറും ചീഫ് സെക്രട്ടറിക്ക് നല്‍കേണ്ട സാമ്പത്തിക ആസ്തി സംബന്ധിച്ച സ്റ്റേറ്റ്മെന്റ് നല്‍കിയിട്ടില്ല. ഭാര്യയുടെയും മകളുടെയും പേരിലും വലിയ സമ്പാദ്യം ഉണ്ട്. ഇതിന്റെയൊന്നും ഉറവിടം വെളിപ്പെടുത്തിയിട്ടില്ല. ഇതെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു ജോമോന്റെ പരാതി. ഈ പരാതിയാലാണ് ഇപ്പോള്‍ സിബിഐ അന്വേഷണവും എത്തുന്നത്.

എബ്രഹാം ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരിക്കെയായിരുന്നു ആരോപണം ഉയര്‍ന്നത്. 2015 മേയ് 25-നാണ് അനധികൃത സ്വത്തുസമ്പാദനം ആരോപിച്ച് പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും വിജിലന്‍സിനും ആദ്യം പരാതി നല്‍കിയത്. വിജിലന്‍സിന്റെ ത്വരിത പരിശോധനയില്‍ കോടതി കെ.എം. എബ്രഹാമിന് ക്ലീന്‍ചിറ്റ് നല്‍കിയതോടെ ജോമോന്‍ ഹൈക്കോടതിയിലെത്തി.

ആസ്തിബാധ്യതാ കണക്കില്‍ ഭാര്യയുടെയും മക്കളുടെയും സ്വത്തുവിവരം നല്‍കിയില്ലെന്നും നിയമവിരുദ്ധമായി സ്വത്തുസമ്പാദിച്ചെന്നുമായിരുന്നു പരാതി. പരാതിയില്‍ ചീഫ് സെക്രട്ടറി വിശദീകരണം തേടിയപ്പോള്‍, ഭാര്യ ഷേര്‍ളിക്ക് ദൈനംദിന ആവശ്യത്തിന് ഉപയോഗിക്കുന്ന വസ്തുക്കളല്ലാതെ മറ്റ് സ്വത്തുവകകള്‍ ഒന്നുമില്ലെന്ന വിശദീകരണമാണ് കെ.എം. എബ്രഹാം നല്‍കിയത്.

ഇതിനുപിന്നാലെ ജോമോന്‍ വിജിലന്‍സ് കോടതിയില്‍ നല്‍കിയ പരാതിയില്‍ 2016 സെപ്റ്റംബര്‍ ഏഴിന് തിരുവനന്തപുരം കോടതി കെ.എം. എബ്രഹാമിനെതിരേ ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടു. ഇതുമായി ബന്ധപ്പെട്ട് എബ്രഹാമിന്റെ വീട്ടില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത് വിവാദമായി. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരിക്കെയായിരുന്നു ഇത്. ഐഎഎസ് - ഐപിഎസ് പോരിനും ഇത് വഴിവെച്ചു. ഇതിനിടെ, കെ.എം. എബ്രഹാം 2000 മുതല്‍ 2015 വരെയുള്ള കാലത്തിനിടെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ആരോപണവും പരാതിക്കാരന്‍ ഉന്നയിച്ചു.

അന്വേഷണോദ്യോഗസ്ഥനായിരുന്ന എസ്. രാജേന്ദ്രന് ഐപിഎസ് ലഭിച്ചതോടെ അദ്ദേഹം മാറി, മറ്റൊരു ഡിവൈഎസ്പി അന്വേഷണച്ചുമതലയേറ്റു. പരാതിയില്‍ കഴമ്പില്ലെന്നായിരുന്നു വിജിലന്‍സിന്റെ കണ്ടെത്തല്‍. തുടര്‍ന്ന് കേസ് എഴുതിത്തള്ളാന്‍ റിപ്പോര്‍ട്ട് നല്‍കുകയും കോടതി അത് അംഗീകരിക്കുകയും ചെയ്തു. ഇതോടെയാണ് 2018-ല്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജോമോന്‍ ഹൈക്കോടതിയെ സമീപിച്ചത്.

ഹൈക്കോടതി വിധിയിലെ പരാമര്‍ശങ്ങള്‍ കെ എം എബ്രഹാമിന് തിരിച്ചടിയാണ്. ഭാര്യയുടെ ബാങ്കിലൂടെ നടത്തിയ പണമിടപാടില്‍നിന്ന് പ്രഥമദൃഷ്ട്യാ കെ.എം. എബ്രഹാം വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് വ്യക്തമാണെന്ന് പറഞ്ഞ ഹൈക്കോടതി ഇക്കാര്യങ്ങളും ചൂണ്ടിക്കാട്ടി

കെ.എം. എബ്രഹാമിനെ സംരക്ഷിക്കുന്നതരത്തിലായിരുന്നു അന്വേഷണം. വിജിലന്‍സിന്റെ ദ്രുതപരിശോധനാ റിപ്പോര്‍ട്ട് ഒരു പരിശോധനയുമില്ലാതെ വിജിലന്‍സ് കോടതി അംഗീകരിക്കുകയായിരുന്നു. വിജിലന്‍സിന്റെ നിയമോപദേശകനും ശരിയായി പ്രവര്‍ത്തിച്ചില്ല. വസ്തുതകള്‍ ശരിയായി പരിശോധിച്ചില്ല. ചീഫ് സെക്രട്ടറിയായി വിരമിച്ച കെ.എം. എബ്രഹാം നിലവില്‍ ആഭ്യന്തരവകുപ്പിന്റെ ചുമതലവഹിക്കുന്ന മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ്

അന്വേഷണത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസമുണ്ടാകേണ്ടതുണ്ട്. അതിനാല്‍ സിബിഐ അന്വേഷിക്കണം എന്നതായിരുന്നു ആവശ്യം.

നിലവില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ്. കിഫ്ബി സിഇഒയുമാണ്. ആര് അന്വേഷിച്ചാലും കുഴപ്പമില്ലെന്നും ജീവിതം തുറന്ന പുസ്തകമാണെന്നും എബ്രഹാം പ്രതികരിച്ചു. ശിവശങ്കരനും ശേഷം മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ കെ എം എബ്രഹാം അഴിക്കുള്ളിലാക്കുമോ എന്ന ചോദ്യമാണ് സജീവമാകുന്നത്. ചീഫ് സെക്രട്ടറി ആയിരുന്ന കെ എം എബ്രഹാം വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചത് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് സിബിഐ അന്വേഷണ തീരുമാനം. ജസ്റ്റിസ് കെ ബാബുവിന്റെ ബഞ്ചിലായിരുന്നു വാദം പൂര്‍ത്തിയായത്. നിലവില്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, കിഫ്ബി സിഇഒ എന്നി പദവികളില്‍ തുടരുകയാണ് കെ എം എബ്രഹാം. കൊച്ചി സിബിഐ യൂണിറ്റിനാണ് കേസ് ഏറ്റെടുക്കാനുള്ള നിര്‍ദേശം ഹൈക്കോടതി നല്‍കിയത്.

Tags:    

Similar News