കോടതിയെ വരെ പറ്റിച്ച അഴിമതിക്കാരനെ എങ്ങനെ കിഫ്ബി പോലെ റേറ്റിംഗ് ഏജന്‍സികളുടെ കരുണയില്‍ നിലനില്‍ക്കുന്ന സ്ഥാപനത്തിന്റെ തലപ്പത്ത് ഇരുത്തും? കെ എം എബ്രഹാമിന്റെ രാജിക്കായി മുറവിളി; വിജിലന്‍സിനു വീഴ്ച്ച പറ്റിയെന്ന കോടതി നിരീക്ഷണവും തിരിച്ചടി: എബ്രഹിമിനെ രക്ഷിച്ചെങ്കിലും ജേക്കബ് തോമസിനെ എബ്രഹാം ചതിച്ചതും വീണ്ടും ചര്‍ച്ചയാവുന്നു
വിജിലന്‍സിനു വീഴ്ച്ച പറ്റിയെന്ന കോടതി നിരീക്ഷണവും തിരിച്ചടി: എബ്രഹിമിനെ രക്ഷിച്ചെങ്കിലും ജേക്കബ് തോമസിനെ എബ്രഹാം ചതിച്ചതും വീണ്ടും ചര്‍ച്ചയാവു
തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും പ്രബലനായ ഉദ്യോഗസ്ഥന്‍ കെ.എം. എബ്രഹാമിനെതിരെ ഹൈക്കോടതി സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചതിന്റെ ഞെട്ടലിലാണ് പിണറായി സര്‍ക്കാര്‍. സര്‍വീസില്‍ നിന്നും വിരമിച്ചിട്ടും സൂപ്പര്‍പവറായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ തുടരുകയാണ് കെ എം എബ്രഹാം. ഒരു കാലത്ത് സഹാറ എന്ന വ്യവസായ ഭീമനെ വീഴ്ത്തിയതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് കെ എം എബ്രഹാം.
മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായ ഉദ്യോഗസ്ഥനാണ് എബ്രഹാമിന്ന്. 2018 ല്‍ ചീഫ് സെക്രട്ടറി പദത്തില്‍ നിന്ന് വിരമിച്ച ശേഷം ലക്ഷങ്ങള്‍ ശമ്പളവും ഒപ്പം പെന്‍ഷനും വാങ്ങുന്ന സര്‍ക്കാരില്‍ നിര്‍ണായക സ്വാധിനമുള്ള, കാബിനറ്റ് റാങ്കുള്ള വ്യക്തിയാണ് കെ.എം. എബ്രഹാം. ഓരോ വര്‍ഷവും ശമ്പള വര്‍ധനവും അതും 10 ശതമാനം വീതം വര്‍ധന ലഭിക്കുന്ന കേരളത്തിലെ അപൂര്‍വ്വം ചിലരില്‍ ഒരാള്‍ ആണ് കെ.എം. എബ്രഹാം. 2016 ആഗസ്ത് 25 നാണ് കെ.എം എബ്രഹാം കിഫ്ബി സി.ഇ.ഒ ആകുന്നത്.
അന്ന് എബ്രഹാം ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി ആയിരുന്നു. മന്ത്രിസഭ യോഗത്തിന്റെ തീരുമാന പ്രകാരം എബ്രഹാമിന് ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ചുമതലയോടൊപ്പം കിഫ്ബിയുടെ സി.ഇ ഒ ആയി കൂടി നിയമിച്ചു. ഇന്ന് കെ എം എബ്രഹാമിനെതിരെ സിബിഐ അന്വേഷണം വരുമ്പോള്‍ അദ്ദേഹത്തിന്റെ രാജി ആവശ്യവും ഉയരുന്നുണ്ട്. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട കോടതിയുടെ കണ്ടെത്തലില്‍ വിജിലന്‍സ് അന്വേഷണം ശരിയായി നടന്നില്ലെന്നും പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നുമാണ് കണ്ടെത്തിയത്. ഇങ്ങനെ അഴിമതി ആരോപണത്തിന്റെ നിഴലില്‍ നില്‍ക്കുന്നയാളെ എങ്ങനെ കിഫ്ബി പോലെ റേറ്റിംഗ് ഏജന്‍സികളുടെ കരുണയില്‍ നിലനില്‍ക്കുന്ന സ്ഥാപനത്തിന്റെ തലപ്പത്ത് ഇരുത്തും എന്നതാണ് ചോദ്യം.
കോടതി പ്രഥമ ദൃഷ്ട്യ വരുമാനത്തിനപ്പുറം സ്വത്ത് സമ്പാദിചു എന്ന് കണ്ടെത്തുകയും അന്വേഷണം തടസപ്പെടുത്തുകയും കോടതിയില്‍ കള്ളം പറയുകയും ചെയ്ത ഒരാള്‍ക്ക് സ്ഥാനത്ത് തുടരാന്‍സാധിക്കുമോ എന്ന ചോദ്യം ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു. നേരത്തെ സെബി ചെയര്‍മാന്‍ മാധവി ബുചീനെപ്പറ്റി ആരോപണം ഉണ്ടായപ്പോ സി പി എം രാജി അവശ്യപ്പെട്ടിരുന്നു. എന്നാല്‍ പിണറായി വിജയന്റെ കാലത്ത് അത്തരം ശബ്ദങ്ങളൊന്നും ഉയരുന്നില്ലെന്നതും ശ്രദ്ധേയമാണ്. വിജിലന്‍സിന് അന്വേഷണത്തില്‍ വീഴ്ച്ച പറ്റി എന്ന ആരോപണം അടക്കം സിബിഐ അന്വേഷിക്കുമ്പോള്‍ അത് കെ എം എബ്രഹാമിന് തിരിച്ചടിയാകുന്ന കാര്യമാണ്.
ഈ വിജിലന്‍സ് അന്വേഷണത്തിലെ അട്ടിമറി നടക്കുമ്പോള്‍ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് മുന്‍ ഡിജിപി ജേക്കബ് തോമസും ഉണ്ടായിരുന്നു എന്നതും ശ്രദ്ദേയമാണ്. പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഇക്കാര്യം ആവര്‍ത്തിച്ച് ഉന്നയിക്കുകയാണ് ഉണ്ടായത്. കെ എം എബ്രഹാമിന്റെ അനധികൃത സ്വത്ത് സമ്പാദന കേസിന്റെ ഫയല്‍ ജേക്കബ് തോമസിനെ ഏല്‍പ്പിച്ചിട്ടും വിജിലന്‍സിലെ ഏറ്റവും മോശപ്പെട്ട ഉദ്യോഗസ്ഥനായ എസ്.പി രാജേന്ദ്രനെയാണ് കണ്ടുപിടിച്ച് അന്വേഷണ ചുമതല ഏല്പിച്ചതെന്നാണ് ജോമോന്‍ ഉയര്‍ത്തിയ ആരോപണം.
ജേക്കബ് തോമസ് പോര്‍ട്ട് ഡയറക്ടര്‍ ആയിരുന്നപ്പോള്‍ സര്‍ക്കാരിനു കോടിക്കണക്കിനു രൂപയുടെ നഷ്ടം വരുത്തിയെന്ന് ധനകാര്യവകുപ്പു സെക്രട്ടറി കെ.എം എബ്രഹാമിന്റെ നേതൃത്വത്തിലുള്ള ധനകാര്യ പരിശോധനാ റിപ്പോര്‍ട്ട് നടന്നുകൊണ്ടിരുന്ന പശ്ചാത്തലത്തില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് ജേക്കബ് തോമസിന് അനുകൂലമാക്കാന്‍ വേണ്ടി ജേക്കബ് തോമസ് കെ.എം എബ്രഹാമിന് എതിരെയുള്ള വിജിലന്‍സ് അന്വേഷണം പ്രയോജനപ്പെടുത്താന്‍ ശ്രമിച്ചവെന്നാമ് ജോമോന്‍ ആരോപിക്കുന്നത്ത. അതിന്റെ ഭാഗമായിട്ട് വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്. രാജേന്ദ്രനെ കൊണ്ട് എബ്രഹാമിന്റെ വീട്ടില്‍ പ്രഹസന റെയ്ഡ് നടത്തിയെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപച്ചു.
ജോമോന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്:
ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍ ആയിരിക്കെ ധനകാര്യവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ആയിരുന്ന കെ.എം എബ്രഹാം വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചതിനെതിരെ ഞാന്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ അന്നത്തെ തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജിയും ഇപ്പോഴത്തെ ഹൈക്കോടതി ജഡ്ജിയുമായ ജസ്റ്റിസ് എ.ബദറുദ്ധീന്‍, 2016 ഒക്ടോബര്‍ 7 ന് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തൊട്ടടുത്ത ദിവസം കോടതി ഉത്തരവിന്റെ ഒറിജിനല്‍ പകര്‍പ്പും മറ്റു മുഴുവന്‍ രേഖകളുമായി വിജിലന്‍സ് ഡയറക്ടര്‍ ആയിരുന്ന ജേക്കബ് തോമസിനെ ഞാന്‍ വിജിലന്‍സ് ആസ്ഥാനത്തു പോയി നേരില്‍ കാണാന്‍ ശ്രമിച്ചപ്പോള്‍, ഉച്ചകഴിഞ്ഞ് അദ്ദേഹം ആരെയും കാണാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹത്തിന്റെ പി.എ എന്നോടു പറഞ്ഞു.
എങ്കില്‍ പിന്നെ എന്നെ കാണാന്‍ അദ്ദേഹം അപ്പോയ്ന്റ്‌മെന്റ് എടുക്കേണ്ടി വരും എന്നു പറഞ്ഞ് ഞാന്‍ ഓഫീസില്‍ നിന്നും ഇറങ്ങുമ്പോള്‍ അദ്ദേഹം എന്നെ തിരിച്ചു വിളിച്ചു. അങ്ങനെ ഞാന്‍ ഓഫീസില്‍ കയറിച്ചെന്നു. അപ്പോള്‍ വിജിലന്‍സ് ലീഗല്‍ അഡൈ്വസറും കെ.എം എബ്രഹാമിന്റെ ചാരനുമായ അഗസ്റ്റിന്‍ അവിടെത്തന്നെ ഇരിക്കുകയായിരുന്നു. ഞാന്‍ കേസ് സംബന്ധിച്ച് വളരെ ചുരുങ്ങിയ വിവരങ്ങള്‍ പറഞ്ഞു. കേസിന്റെ ഫയല്‍ വിജിലന്‍സ് ഡയറക്ടര്‍ക്കു നേരിട്ടു കൊടുത്ത് ഞാന്‍ അപ്പോള്‍ തന്നെ തിരികെ പോന്നു. കെ.എം എബ്രഹാമിനെ സഹായിക്കാന്‍ വിജിലന്‍സിലെ ഏറ്റവും മോശപ്പെട്ട ഉദ്യോഗസ്ഥനായ എസ്.പി രാജേന്ദ്രനെയാണ് കണ്ടുപിടിച്ച് അന്വേഷണ ചുമതല ഏല്പിച്ചത്.
പിന്നീടാണ് എനിക്കൊരു കാര്യം മനസ്സിലായത്. ജേക്കബ് തോമസ് പോര്‍ട്ട് ഡയറക്ടര്‍ ആയിരുന്നപ്പോള്‍ സര്‍ക്കാരിനു കോടിക്കണക്കിനു രൂപയുടെ നഷ്ടം വരുത്തിയെന്ന് ധനകാര്യവകുപ്പു സെക്രട്ടറി കെ.എം എബ്രഹാമിന്റെ നേതൃത്വത്തിലുള്ള ധനകാര്യ പരിശോധനാ റിപ്പോര്‍ട്ട് നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഈ റിപ്പോര്‍ട്ട് ജേക്കബ് തോമസിന് അനുകൂലമാക്കാന്‍ വേണ്ടി ജേക്കബ് തോമസ് കെ.എം എബ്രഹാമിന് എതിരെയുള്ള വിജിലന്‍സ് അന്വേഷണം പ്രയോജനപ്പെടുത്താന്‍ ശ്രമിച്ചു. അതിന്റെ ഭാഗമായിട്ട് വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്. രാജേന്ദ്രനെ കൊണ്ട് എബ്രഹാമിന്റെ വീട്ടില്‍ പ്രഹസന റെയ്ഡ് നടത്തി.
ഇതിനെ തുടര്‍ന്ന് നിയമസഭയിലും ഐ.എ.എസ് അസോസിയേഷനും പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. തുടര്‍ന്ന് കെ.എം എബ്രഹാമിനെതിരെയുള്ള വിജിലന്‍സ് അന്വേഷണം അവസാനിപ്പിച്ചുകൊണ്ട് വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് കൊടുക്കുവാനും ധനകാര്യപരിശോധനാ റിപ്പോര്‍ട്ട് ജേക്കബ് തോമസിന് അനുകൂലമായി സര്‍ക്കാരിനു കൊടുക്കാനും കെ.എം എബ്രഹാമും ജേക്കബ് തോമസും ധാരണയിലെത്തി തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായി കെഎം എബ്രഹാമിനെതിരെയുള്ള റിപ്പോര്‍ട്ട് ആദ്യം വിജിലന്‍സ് കോടതിയില്‍ കൊടുക്കുക എന്ന തീരുമാനമാണ് മുന്നോട്ടു വെച്ചിരുന്നത്. അതിന്‍പ്രകാരം 2016 ഡിസംബര്‍ 7 ന് കെ.എം എബ്രഹാമിനെതിരെയുള്ള വിജിലന്‍സ് അന്വേഷണം അവസാനിപ്പിച്ചുകൊണ്ട് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് കൊടുത്തു.
വിജിലന്‍സ് റിപ്പോര്‍ട്ട് കോടതിയില്‍ കൊടുത്തതിന്റെ തൊട്ടടുത്ത ദിവസം 2016 ഡിസംബര്‍ 3 തീയതി വെച്ച് ജേക്കബ് തോമസിനെ ചതിച്ചു കൊണ്ട് ധനകാര്യ പരിശോധനാ റിപ്പോര്‍ട്ട് കെഎം എബ്രഹാം സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു ജേക്കബ് തോമസിനെ പ്രതിയാക്കി വിജിലന്‍സ് എഫ്.ഐ.ആര്‍ റെജിസ്റ്റര്‍ ചെയ്യുകയും ജേക്കബ് തോമസിനെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തത്.
അഴിമതിക്കാരുമായി ഒരിക്കലും സന്ധി ചേരില്ല എന്നു സ്വയം പറഞ്ഞു നടക്കുന്ന ജേക്കബ് തോമസ് തന്റെ അഴിമതി മറച്ചു പിടിച്ച് ഇല്ലാതാക്കാന്‍ വേണ്ടി വിജിലന്‍സ് ഡയറക്ടര്‍ ആയിരുന്നപ്പോള്‍ അധികാര ദുരുപയോഗം ചെയ്ത്, കെ.എം എബ്രഹാമിനെ സഹായിച്ച് തന്റെ അഴിമതി ഇല്ലാതാക്കാന്‍ ശ്രമിച്ചു ചതിക്കപെട്ടപ്പോഴാണ് ജേക്കബ് തോമസിന്റെ പതനം തുടങ്ങിയത്.
കെ.എം എബ്രഹാം വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചതിനെ കുറിച്ച് ഞാന്‍ നല്‍കിയ ഹര്‍ജി ഒന്നര വര്‍ഷമായി ഹൈക്കോടതിയുടെ പരിഗണനയിലാണ്.(Crl.M.C.No. 8044/18). ഹരിച്ഛന്ദ്രനാണെന്നു പറഞ്ഞു നടക്കുന്ന കെ.എം എബ്രഹാമിനെതിരെ ഏഴു വിജിലന്‍സ് അന്വേഷണങ്ങളും ഒരു ക്രൈംബ്രാഞ്ച് അന്വേഷണവും ഒരു സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടും കേരള ഹൈക്കോടതിയില്‍ വേറെ കേസുകള്‍ പെന്‍ഡിങ് ഉണ്ട്. കെ. എം എബ്രഹാം ചീഫ് സെക്രട്ടറിയായി 2017 ഡിസംബര്‍ 31ന് റിട്ടയര്‍ ചെയ്തതിന് ശേഷം രണ്ടാം പിണറായി സര്‍ക്കാര്‍ 2021 മെയില്‍ അധികാരത്തില്‍ വന്നതിനുശേഷം മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന അധികാരം ഉപയോഗിച്ച് ഈ കേസുകളില്‍ നിന്നെല്ലാം രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് കെ. എം എബ്രഹാം.
അതേസമയം കെ എം എബ്രഹാമിന് എതിരായ അഴിമതി ആരോപണ കേസില്‍ അതീവ ഗുരുതര നിരീക്ഷണങ്ങളാണ് ഹൈക്കോടതിയുടേതായുള്ളത്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ എം എബ്രഹാമിനെ രക്ഷിക്കാന്‍ വിജിലന്‍സ് ശ്രമിച്ചുവെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വിജിലന്‍സ് അന്വേഷണത്തില്‍ സംശയങ്ങള്‍ ഉണ്ട്. കെഎം എബ്രഹാം വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചു. ഇതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
സത്യസന്ധമായ അന്വേഷണത്തിന് സിബിഐ അനിവാര്യമാണ്. വിജിലന്‍സിനെ നിയന്ത്രിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസിലെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് കെഎം എബ്രഹാം എന്ന കാര്യവും വിമര്‍ശനത്തിനൊപ്പം ഹൈക്കോടതി എടുത്തുപറഞ്ഞു. എബ്രഹാമിനെതിരെ സിബിഐ അന്വേഷണം പ്രഖ്യാപിച്ചുള്ള ഉത്തരവിലാണ് കോടതിയുടെ ഗുരുതര പരാമര്‍ശങ്ങള്‍.
നിലവില്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കിഫ്ബി സിഇഒയുമാണ് കെ.എം. എബ്രഹാം. കെ.എം. എബ്രഹാം 2015-ല്‍ ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ്‌സെക്രട്ടറി ആയിരുന്ന കാലഘട്ടത്തില്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ ഹര്‍ജിയിലാണ് സിബിഐ അന്വേഷണം നടക്കുക.
കൊച്ചി സിബിഐ യൂണിറ്റിനാണ് കേസ് ഏറ്റെടുക്കാനുള്ള നിര്‍ദേശം ഹൈക്കോടതി നല്‍കിയത്. സംസ്ഥാന വിജിലന്‍സ് കെ.എം. എബ്രഹാമിനെതിരായ പരാതി നേരത്തെ അന്വേഷിച്ച് തള്ളിയിരുന്നു. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരിക്കെയാണ് അന്വേഷണം നടന്നത്.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് 2018-ലാണ് ഹൈകോടതിയില്‍ ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് കെ. ബാബു അടങ്ങുന്ന സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. ശമ്പളത്തെക്കാള്‍ കൂടുതല്‍ തുക എല്ലാ മാസവും ലോണ്‍ അടയ്ക്കുന്നത് എങ്ങനെയെന്ന് കെ.എം. എബ്രഹാം മറുപടി പറയണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. കൂടാതെ ഒട്ടനവധി സ്ഥലങ്ങളില്‍ കോടികള്‍ വിലവരുന്ന വസ്തുവകകള്‍ കെ.എം. എബ്രഹാംവാങ്ങിക്കൂട്ടിയെന്നും ആരോപണം ഉണ്ടായിരുന്നു.