ഭാര്യയുടെ ദേഹത്ത് ബാധ കയറി; അത് ഒഴിപ്പിക്കാന്‍ ഒന്‍പതു വയസുകാരനെ പീഡനത്തിനിരയാക്കിയ ശേഷം നരബലി നല്‍കി; ശേഷം ചാക്കില്‍ കെട്ടി നദിയിലെറിഞ്ഞു; പ്രതികള്‍ പിടിയില്‍
ദിയോറിയ: ദേഹത്ത് ബാധ കയറിയ ഭാര്യയ്ക്ക് സൗഖ്യമാകണമെന്നു കരുതി ഒന്‍പതുവയസ്സുകാരന്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട നരബലി കേസില്‍ ഉത്തരപ്രദേശ് ദിയോറിയയില്‍ നാല് പേര്‍ അറസ്റ്റില്‍. പത്ഖൗളി സ്വദേശിയായ ആരുഷ് ഗൗറിനെയാണ് ബലി നല്‍കിയത്. ഏപ്രില്‍ 17 മുതല്‍ കാണാതായിരുന്ന കുട്ടിയുടെ മരണവിവരം പൊലീസ് അന്വേഷണത്തിലാണ് പുറത്തു വന്നത്. ജയപ്രകാശ് കൗര്‍ എന്നയാളെയാണ് ആദ്യമായി പൊലീസ് പിടികൂടിയത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും മറ്റു പ്രതികളായ ഗോരഖ്പുര്‍ സ്വദേശികളായ ഇന്ദ്രജീത് കുമാര്‍ (അതുല്‍ കുമാര്‍), ഭീം കൗര്‍, രാമശങ്കര്‍ (ശങ്കര്‍ ഗൗര്‍) എന്നിവരുടെ പേരുകള്‍ വെളിപ്പെടുത്തുകയും ചെയ്തു.
ഭാര്യയെ ബാധിച്ച ബാദ അകറ്റാനായി നരബലി നടത്തേണ്ടതാണെന്ന ഉപദേശവുമായി ഇന്ദ്രജീത് തന്റെ അമ്മാവന്‍ ജയപ്രകാശിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് രാമശങ്കറുമായി ബന്ധപ്പെടുകയും ഒരു കൊച്ചു കുട്ടിയെ എത്തിക്കണമെന്നും പ്രതിഫലമായി 50,000 രൂപ ലഭിക്കുമെന്നും വാഗ്ദാനം ചെയ്യുകയുമുണ്ടായി.
ഏപ്രില്‍ 16ന് രാമശങ്കര്‍ തന്റെ അനന്തരവനായ ആരുഷിനെ പ്രതികള്‍ക്ക് കൈമാറി. ഏപ്രില്‍ 19ന് പിപ്ര ചന്ദ്രഭാനിലെ ഒരു തോട്ടത്തില്‍ വച്ച് പൂജകള്‍ നടത്തിയശേഷം കുട്ടിയെ കൊല്ലുകയായിരുന്നു. ആദ്യം മൃതദേഹം കുഴിച്ചിട്ടെങ്കിലും പിന്നീട് ചാക്കിലാക്കി സമീപത്തെ നദിയിലേക്ക് വലിച്ചെറിഞ്ഞതായി പൊലീസ് പറഞ്ഞു. നരബലിയില്‍ പങ്കെടുത്ത നാലു ബന്ധുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ ഇടയില്‍ രക്തബന്ധമുള്ള ബന്ധം ഉണ്ടായിരുന്നുവെന്നും പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സംഭവത്തില്‍ ദുരൂഹത കൂടുതലുണ്ടെന്നും തുടര്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.