മദ്യലഹരിയിൽ സുഹൃത്തുക്കളുമായി വാക്ക് തർക്കം; അടുത്ത ദിവസം മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി; പൊലീസിന് തുമ്പ് കിട്ടാത്ത അന്വേഷണം ഏറ്റെടുത്തത് ക്രൈം ബ്രാഞ്ച്; പ്രതിയായത് സുഹൃത്തുക്കളിൽ ഒരാൾ; മോഷണ ശ്രമത്തിനിടെ നടന്ന കൊലപാതകമെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിൽ അപാകത; പുനർ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി
കൊല്ലം: പുനലൂരിൽ മധ്യവയസ്കന്റെ കൊലപാതകത്തിൽ നീതി തേടി കുടുംബം. കൊലപാതകം നടന്ന് 17 വർഷം കഴിയുമ്പോഴും കാരണക്കാരെ പിടികൂടാൻ അന്വേഷണ സംഘത്തിനായിട്ടില്ല. പഴുതുകൾ അടച്ച് അന്വേഷണം നടത്താൻ ക്രൈം ബ്രാഞ്ചിന് കഴിഞ്ഞിരുന്നില്ലെന്ന ആക്ഷേപം നിലനിൽക്കെ കേസിൽ കോടതി പുനർ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. അന്വേഷണത്തിൽ അപാകതയുണ്ടെന്ന് കാട്ടി ബന്ധുക്കൾ കോടതിയെ സമീപിച്ചിരുന്നു. ക്രൈം ബ്രാഞ്ചിനാണ് അന്വേഷണ ചുമതല. എന്നാൽ കേസ് വീണ്ടും ക്രൈം ബ്രാഞ്ച് അന്വേഷിച്ചാൽ തങ്ങൾക്ക് നീതി ലഭിക്കില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. ഒരിക്കൽ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയ കേസിലാണ് കോടതി പുനർ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
2007ലാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്. സംഭവ ദിവസം രാത്രി മദ്യലഹരിയിലായിരുന്ന സദാശിവനും, സുഹൃത്തുക്കളും തമ്മിൽ വാക്ക് തർക്കമുണ്ടായിരുന്നു. 9 മണിയോടെയാണ് സദാശിവന്റെ മരണം സംഭവിച്ചതെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ 9 മണി വരെ വീട്ടിലുണ്ടായിരുന്നതായും സദാശിവന്റെ ബന്ധുക്കൾ പറയുന്നു. തൊട്ട് അടുത്ത ദിവസമാണ് സദാശിവനെ ബന്ധുക്കൾ മരിച്ച നിലയിൽ കണ്ടെത്തുന്നത്. തുടർന്ന് പുനലൂർ പോലീസ് അന്വേഷണം നടത്തി. എന്നാൽ അപകട മരണമായിരുന്നുവെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ. എന്നാൽ അന്വേഷണത്തിൽ അപാകതയുണ്ടെന്ന് കാട്ടി ബന്ധുക്കൾ കോടതിയെ സമീപിക്കുകയായിരുന്നു.
തുടർന്ന് 2010ൽ ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. അന്വേഷണത്തിനൊടുവിൽ സംഭവ ദിവസം രാത്രി സദാശിവനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളിൽ ഒരാളായ തമ്പിയെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. മോഷണ ശ്രമത്തിനിടെ നടന്ന കൊലപാതകമെന്നായിരുന്നു ക്രൈം ബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. എന്നാൽ അന്വേഷണത്തിൽ അപാകത ഉണ്ടായിരുന്നുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. രാത്രി ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന സംശയം അന്വേഷണത്തിന്റെ ആദ്യ ഘട്ടം മുതൽ ബന്ധുക്കൾ പ്രകടിപ്പിച്ചിരുന്നു. മൂന്ന് സുഹൃത്തുക്കളാണ് സംഭവ ദിവസം സദാശിവനൊപ്പം വീട്ടിലുണ്ടായിരുന്നത്.
എന്നാൽ ഇവരെ സംരക്ഷിക്കുന്ന രീതിയിലുള്ള നടപടികളാണ് അന്വേഷണ സംഘം സ്വീകരിച്ചതെന്നും ആക്ഷേപമുണ്ട്. സദാശിവന്റെ ശരീരത്തിൽ 53ഓളമിടത്ത് മുറിവുകൾ ഉണ്ടെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ നിന്നും വ്യക്തമായിരുന്നു. അന്വേഷണത്തിൽ അപാകതയുണ്ടെന്ന് കാട്ടി ബന്ധുക്കൾ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. കേസിൽ മതിയയായ അന്വേഷണം നടത്തിയാണോ പ്രതിയെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തതെന്ന് ഡിജിപിയോട് കോടതി ആവശ്യപ്പെട്ടിരുന്നു. പന്ത്രണ്ടോളം കാര്യങ്ങളിൽ ഇനിയും വ്യക്തത വരാനുണ്ടെന്ന് ഡിജിപി വ്യക്തമാക്കി. തുടർന്നാണ് കേസിൽ പുനർ അന്വേഷണം നടത്തണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു. എന്നാൽ കേസ് സിബിഐ ഏറ്റെടുക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.