ഒരു ഫെയ്സ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റിലൂടെ തുടക്കം; അണിയറയില്‍ സ്ത്രീ 'കഥാപാത്രങ്ങള്‍'; ചാറ്റിങ് വാട്‌സാപ്പിലേക്ക് മാറിയതോടെ അശ്ലീല സന്ദേശങ്ങളും; രണ്ട് വര്‍ഷം നീണ്ട തട്ടിപ്പില്‍ 80കാരന് നഷ്ടമായത് ഒന്‍പത് കോടി; കബളിപ്പിച്ച നാല് സ്ത്രീകളും ഒരേ വ്യക്തിയോ? അന്വേഷണം
കബളിപ്പിച്ച നാല് സ്ത്രീകളും ഒരേ വ്യക്തിയോ? അന്വേഷണം
മുംബൈ: ഫേസ്ബുക്ക് ഫ്രണ്ടായ നാല് യുവതികള്‍ അടുപ്പം സ്ഥാപിച്ച് മുംബൈ സ്വദേശിയായ എണ്‍പതുകാരനില്‍ നിന്നും ഒന്‍പത് കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ അന്വേഷണം തുടങ്ങി. നാല് പേരുകളില്‍ ഫേസ്ബുക്ക് ഫ്രണ്ടായി അടുപ്പം സ്ഥാപിച്ച് രണ്ട് വര്‍ഷത്തിനിടെ 734 ഓണ്‍ലൈന്‍ ഇടപാടുകളിലൂടെയാണ് ഇത്രയും തുക 80കാരനില്‍ നിന്നും തട്ടിയെടുത്തത്. പ്രണയത്തിന്റെയും സഹതാപത്തിന്റെയും പേരില്‍ നാല് സ്ത്രീകളാണ് ഇദ്ദേഹത്തെ കബളിപ്പിച്ചത്. ഈ നാലുപേരും ഒരാള്‍ തന്നെയാകാനാണ് സാധ്യതയെന്ന് പോലീസ് സംശയിക്കുന്നു.
അക്കൗണ്ടിലുള്ള പണമെല്ലാം തീര്‍ന്നതോടെ യുവതികള്‍ക്ക് നല്‍കാന്‍ മരുമകളില്‍ നിന്നും മകനില്‍ നിന്നും പണം വാങ്ങാന്‍ പിതാവ് ശ്രമിച്ചതോടെയാണ് സൈബര്‍ തട്ടിപ്പ് പുറത്തുവന്നത്. സംശയം തോന്നിയ മകന്‍ പിതാവിനോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പിന്നാലെയാണ് താന്‍ ഒരു സൈബര്‍ തട്ടിപ്പിലാണ് അകപ്പെട്ടതെന്ന് വയോധികന്‍ മനസിലാക്കിയത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍വെച്ച് അദ്ദേഹത്തിന് മറവിരോഗം (ഡിമെന്‍ഷ്യ) സ്ഥിരീകരിച്ചു. ഈ വര്‍ഷം ജൂലായ് 22-നാണ് കുടുംബം പോലീസില്‍ പരാതി രജിസ്റ്റര്‍ ചെയ്തത്.
2023 ഏപ്രിലില്‍ ഒരു ഫെയ്സ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റിലൂടെയാണ് സംഭവങ്ങളുടെ തുടക്കം. ഫെയ്സ്ബുക്കില്‍ കണ്ട ഷര്‍വി എന്ന സ്ത്രീക്ക് ഇദ്ദേഹം ഒരു ഫ്രണ്ട് റിക്വസ്റ്റ് അയച്ചു. ഇരുവര്‍ക്കും പരസ്പരം അറിയില്ലായിരുന്നു, ആ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കപ്പെട്ടുമില്ല. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, ഷര്‍വിയുടെ അക്കൗണ്ടില്‍ നിന്ന് ഇദ്ദേഹത്തിന് ഒരു ഫ്രണ്ട് റിക്വസ്റ്റ് ലഭിച്ചു, അത് അദ്ദേഹം സ്വീകരിച്ചു.
ഇരുവരും പെട്ടെന്നുതന്നെ ചാറ്റിംഗ് ആരംഭിക്കുകയും ഫോണ്‍ നമ്പറുകള്‍ കൈമാറുകയും ചെയ്തു. സംഭാഷണങ്ങള്‍ ഫെയ്സ്ബുക്കില്‍ നിന്ന് വാട്സാപ്പിലേക്ക് മാറി. താന്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നും കുട്ടികളോടൊപ്പമാണ് ജീവിക്കുന്നതെന്നും ഷര്‍വി 80-കാരനോട് പറഞ്ഞു. പതിയെ, തന്റെ കുട്ടികള്‍ക്ക് സുഖമില്ലെന്ന് പറഞ്ഞ് അവര്‍ ഇയാളോട് പണം ചോദിക്കാന്‍ തുടങ്ങി.
കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, കവിത എന്നൊരു സ്ത്രീയും ഇദ്ദേഹത്തിന് വാട്സാപ്പില്‍ മെസേജ് അയയ്ക്കാന്‍ തുടങ്ങി. താന്‍ ഷര്‍വിയുടെ പരിചയക്കാരിയാണെന്നും, താങ്കളുമായി സൗഹൃദം സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും സ്വയം പരിചയപ്പെടുത്തി. താമസിയാതെ, അവര്‍ ഇദ്ദേഹത്തിന് അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കാനും പണം ചോദിക്കാനും തുടങ്ങി.
ആ വര്‍ഷം ഡിസംബറില്‍, ഷര്‍വിയുടെ സഹോദരിയാണെന്ന് അവകാശപ്പെട്ട് ദിനാസ് എന്ന മറ്റൊരു സ്ത്രീയില്‍ നിന്നും ഇദ്ദേഹത്തിന് സന്ദേശങ്ങള്‍ ലഭിക്കാന്‍ തുടങ്ങി. ഷര്‍വി മരിച്ചുവെന്നും ആശുപത്രി ബില്ലുകള്‍ അടയ്ക്കാന്‍ സഹായിക്കണം എന്നും പറഞ്ഞ് പണം ആവശ്യപ്പെട്ടു. ഇതോടൊപ്പം, ഷര്‍വിയും ഇദ്ദേഹവും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ അയച്ച് ഭീഷണിപ്പെടുത്തിയും ദിനാസ് പണം തട്ടി.
ഇദ്ദേഹം പണം തിരികെ ചോദിച്ചപ്പോള്‍, താന്‍ ആത്മഹത്യ ചെയ്യുമെന്ന് ദിനാസ് ഭീഷണിപ്പെടുത്തി. എന്നിട്ടും ഇദ്ദേഹത്തിന്റെ ദുരിതം അവസാനിച്ചില്ല. താമസിയാതെ, ജാസ്മിന്‍ എന്ന സ്ത്രീയും അദ്ദേഹത്തിന് മെസേജ് അയയ്ക്കാന്‍ തുടങ്ങി. താന്‍ ദിനാസിന്റെ സുഹൃത്താണെന്ന് അവകാശപ്പെട്ട അവര്‍ സഹായത്തിനായി അഭ്യര്‍ത്ഥിച്ചു. ഭയന്ന വയോധികന്‍ അവര്‍ക്കും പണം അയച്ചുകൊടുത്തു.
2023 ഏപ്രില്‍ മുതല്‍ 2025 ജനുവരി വരെ, 734 ഇടപാടുകളിലായി 8.7 കോടി രൂപയാണ് ഇദ്ദേഹം ഈ സ്ത്രീകള്‍ക്കായി നല്‍കിയത്. തന്റെ സമ്പാദ്യമെല്ലാം തീര്‍ന്നപ്പോള്‍, സ്ത്രീകള്‍ക്ക് നല്‍കാനായി 80-കാരന്‍ മരുമകളില്‍ നിന്ന് രണ്ടുലക്ഷം രൂപ കടം വാങ്ങി. എന്നാല്‍ സ്ത്രീകള്‍ ഭീഷണിയും പണത്തിനായുള്ള ആവശ്യവും തുടര്‍ന്നു. പിന്നാലെ, അദ്ദേഹം മകനോട് അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടു. കേസില്‍ അന്വേഷണം നടത്തിവരികയാണ് എന്ന് പോലീസ് അറിയിച്ചു. ഇദ്ദേഹത്തെ കബളിപ്പിച്ച നാല് സ്ത്രീകളും ഒരേ വ്യക്തി തന്നെയാകാമെന്നും പോലീസ് സംശയിക്കുന്നു.