സിം കാർഡിലൂടെ സൈബർ കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന് അറിയിപ്പ്; കോടതിയുടെ അക്കൗണ്ടിലേക്ക് പണം മാറ്റണമെന്ന് ആവശ്യപ്പെട്ട് വീഡിയോ കോളിൽ ബന്ധപ്പെട്ടത് സിബിഐ ഉദ്യോഗസ്ഥൻ; ഡോക്ടർ ദമ്പതികളിൽ നിന്നും പണം തട്ടാനുള്ള ശ്രമം പരാജയപ്പെടുത്തി സൈബർ ക്രൈം പൊലീസ്

Update: 2025-12-04 11:20 GMT

കണ്ണൂർ: ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി), സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന വിഡിയോ കോളിലൂടെ കണ്ണൂരിലെ ഒരു ഡോക്ടർ ദമ്പതികളിൽ നിന്ന് പണം തട്ടാനുള്ള ശ്രമം പരാജയപ്പെടുത്തി കണ്ണൂർ സിറ്റി സൈബർ ക്രൈം പൊലീസ്. ഡോക്ടർ ദമ്പതികളുടെ പേരിലുള്ള സിം കാർഡ് ഉപയോഗിച്ച് സൈബർ കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന് ട്രായ് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയ ഒരാൾ ഫോൺ കോളിലൂടെ ആദ്യം അറിയിക്കുകയായിരുന്നു.

തുടർന്ന്, നടപടികളുടെ ഭാഗമായി ലൈവ് വാട്സാപ്പ് വിഡിയോ കോളിലേക്ക് പ്രവേശിക്കാൻ ഇയാൾ നിർദേശിച്ചു. വിഡിയോ കോളിലെത്തിയപ്പോൾ, എതിർവശത്തുണ്ടായിരുന്നയാൾ സ്വയം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി. പിന്നീട് മറ്റൊരാൾ സിബിഐ ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ട് വിഡിയോ കോളിലെത്തി. ദമ്പതികൾ നിയമപരമായ അന്വേഷണം നേരിടുകയാണെന്നും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ ഉടൻ നൽകണമെന്നും തട്ടിപ്പ് സംഘം ആവശ്യപ്പെട്ടു.

അക്കൗണ്ടിലുള്ള പണം മുഴുവൻ 'സുപ്രീംകോടതിയുടെ നിരീക്ഷണത്തിലുള്ള പ്രത്യേക അക്കൗണ്ടിലേക്ക്' ഉടൻ മാറ്റണമെന്നും ഇവർ നിർബന്ധിച്ചു. ഇവരുടെ ആവശ്യങ്ങളിൽ സംശയം തോന്നിയ ദമ്പതികൾ ഉടൻതന്നെ കണ്ണൂർ സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. പൊലീസ് നൽകിയ നിർദേശങ്ങളനുസരിച്ച് ദമ്പതികൾക്ക് തട്ടിപ്പ് സംഘത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞു. പണം കൈമാറുന്നതിന് മുൻപ് തന്നെ തട്ടിപ്പ് ശ്രമം തടയാൻ സാധിച്ചത് നിർണായകമായി.

Tags:    

Similar News