കേരളത്തില്‍ നിന്നുള്ള ആദായ നികുതി ഉദ്യോഗസ്ഥരാണ് ഇവിടെ വന്നത്; സത്യം കണ്ടെത്തുന്നതിന് ഞങ്ങള്‍ ഒരു ഉന്നതതല അന്വേഷണം നടത്തും; അദ്ദേഹം നല്ലൊരു വ്യവസായിയാണ്; വിശദമായ അന്വേഷണത്തിന് ശേഷം സര്‍ക്കാര്‍ സത്യം പുറത്തുവിടും; സി ജെ റോയിയുടെ മരണത്തില്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ പ്രതികരണം
സത്യം കണ്ടെത്തുന്നതിന് ഞങ്ങള്‍ ഒരു ഉന്നതതല അന്വേഷണം നടത്തും
ബംഗളുരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി.ജെ. റോയ് സ്വയം വെടിവെച്ച് മരിച്ച സംഭവത്തില്‍ ഉന്നതല അന്വേഷണം നടത്തുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ അറിയിച്ചു. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നതിനിടെ റോയി ചെറിയൊരു ഇടവേള ചോദിച്ചതായും ഇതിന് പിന്നാലെയാണ് അദ്ദേഹം സ്വയം വെടിയുതിര്‍ത്ത് മരിച്ചതെന്നും ശിവകുമാറിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
''സത്യം കണ്ടെത്തുന്നതിന് ഞങ്ങള്‍ ഒരു ഉന്നതതല അന്വേഷണം നടത്തും. കേരളത്തില്‍ നിന്നുള്ള ആദായ നികുതി ഉദ്യോഗസ്ഥരാണ് ഇവിടെ വന്നതെന്നാണ് അറിയാന്‍ കഴിഞ്ഞത്. അന്വേഷണത്തിലൂടെ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്ന് കരുതുന്നു. ഇത് സംഭവിക്കാന്‍ പാടില്ലാത്തതാണ്. അദ്ദേഹം നല്ലൊരു വ്യവസായിയാണ്. ഡല്‍ഹിയില്‍ നിന്നും ഞങ്ങള്‍ റിപ്പോര്‍ട്ട് ചോദിച്ചിട്ടുണ്ട്. വിശദമായ അന്വേഷണത്തിന് ശേഷം സര്‍ക്കാര്‍ സത്യം പുറത്തുവിടും,'' പ്രസ്താവന കൂട്ടിച്ചേര്‍ത്തു.
കേസിലെ പ്രാഥമിക വിവരങ്ങള്‍ ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫ് പോലീസ് (സെന്‍ട്രല്‍ ഡിവിഷന്‍) അക്ഷയ് മചിന്ദ്ര ഹാക്കെയ് വിശദീകരിച്ചു. ''വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനും മൂന്നരയ്ക്കും ഇടയിലായിരുന്നു സംഭവം. വെടിവെച്ച് മരിച്ചതായാണ് പ്രഥമദൃഷ്ട്യാ ലഭ്യമായ വിവരം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്,'' അദ്ദേഹം പറഞ്ഞു.
ഫൊറന്‍സിക് സയന്‍സ് വിദഗ്ധരും സീന്‍ ഓഫ് ക്രൈം ഉദ്യോഗസ്ഥരും (SOCO) ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി റോയിയുടെ സ്ഥാപനത്തില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി വരികയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അശോക് നഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നതെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണര്‍ ശീമന്ത് കുമാര്‍ സിംഗ് പറഞ്ഞു. വെടിവെച്ച ഉടന്‍ തന്നെ റോയിയെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചതായും എന്നാല്‍ അദ്ദേഹം അപ്പോഴേക്കും മരിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
''കഴിഞ്ഞ രണ്ട്-മൂന്ന് ദിവസമായി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റോയിയുടെ ഓഫീസില്‍ പരിശോധന നടത്തി വരികയായിരുന്നു. കുടുംബാംഗങ്ങളുമായി പോലീസ് ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടു. അവര്‍ ഇന്ത്യയിലേക്ക് മടങ്ങി വരും. റോയ് ജീവനൊടുക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. മുമ്പും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഇവിടെ പരിശോധന നടത്തിയിരുന്നു,'' സിംഗ് പറഞ്ഞു.
അതേസമയം കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടെ അപ്രതീക്ഷിത മരണത്തിനു പിന്നാലെ നിരവധി സംശയങ്ങളാണ് ഉയരുന്നത്. ഐടി വകുപ്പ് അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ റോയിക്കു പിന്നാലെ സംശയത്തോടെ നടന്നതിന്റെ കാരണവും വ്യക്തമല്ല. കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ മുഴുവന്‍ ബെംഗളൂരുവിലായിരുന്നിട്ടും കര്‍ണാടകയിലെ ഐടി ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്തി കൊച്ചിയിലെ ഐടി യൂണിറ്റാണ് അന്വേഷണവും പരിശോധനകളും നടത്തിയത്. റോയിയുടെ അസ്വാഭാവിക മരണത്തിനു ശേഷവും ഇതേക്കുറിച്ചു വ്യക്തമായി പ്രതികരിക്കാന്‍ ആദായനികുതി ഉദ്യോഗസ്ഥരോ വകുപ്പോ തയാറായിട്ടില്ല.
ദുബായിലെ റോയിയുടെ ബിസിനസ് ഇടപാടുകളെ ഐടി വകുപ്പ് സംശയത്തോടെയായിരുന്നു കണ്ടത്. ബിസിനസ് ദുബായിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം നവംബറില്‍ ദുബായിലൊരു വമ്പന്‍ പാര്‍ട്ടി റോയ് സംഘടിപ്പിച്ചിരുന്നു. മലയാള സിനിമാപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഈ പാര്‍ട്ടിയില്‍ പങ്കാളികളായി. എന്നാല്‍ പാര്‍ട്ടിക്കു പിന്നാലെ പങ്കെടുത്ത പലരെയും ആദായ നികുതി വകുപ്പും കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികളും നിരീക്ഷണത്തിലാക്കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ റോയിയുമായി അടുപ്പമുള്ള ചിലരെ ഏജന്‍സികള്‍ ചോദ്യം ചെയ്തിരുന്നു.
കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ക്കു വേണ്ടി സ്ഥലം വിട്ടുകൊടുത്തു നിര്‍മാണത്തിനു കാത്തിരുന്നവര്‍ പലരും റോയിയുടെ മരണത്തോടെ ആശങ്കയിലായി. കേരളത്തിലെ പദ്ധതികള്‍ക്കു വേണ്ടി ദുബായില്‍നിന്നു നിക്ഷേപകരെ കണ്ടെത്താനുള്ള ശ്രമങ്ങളും റോയ് നടത്തിയിരുന്നു.
അതേസ്വയം റോയ് സ്വയം വെടിവെച്ച് ജീവനൊടുക്കിയത് ആദായനികുതി ഉദ്യോഗസ്ഥരുടെ സമ്മര്‍ദം കാരണമാണെന്ന് സഹോദരന്‍ സി.ജെ.ബാബു ആരോപിച്ചു. ഓഫിസില്‍ അദ്ദേഹത്തെ തടഞ്ഞുവച്ചെന്നും ഉദ്യോഗസ്ഥര്‍ സമ്മര്‍ദത്തിലാക്കിയതിനെത്തുടര്‍ന്നാണു ജീവനൊടുക്കിയതെന്നും ലീഗല്‍ അഡൈ്വസര്‍ പ്രകാശ് ആരോപിച്ചു. രേഖകളെടുക്കാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതനുസരിച്ചു കാബിനിലേക്കു പോയ റോയിയെ പിന്നീട് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നെന്നും പ്രകാശ് പറയുന്നു. ഇന്നലെ ലാങ്ഫഡ് ടൗണിലെ കമ്പനി ആസ്ഥാനത്ത് ഉച്ചകഴിഞ്ഞ് മൂന്നേകാലിനായിരുന്നു സംഭവം.
