മൂന്ന് ബാങ്കുകളിലൂടെ 96 തവണ നടന്ന ഇടപാടുകളില്‍ 25 കോടി രൂപ നഷ്ടം; പണം പോയിരിക്കുന്നതെല്ലാം ഇന്ത്യയിലെ അക്കൗണ്ടുകളിലേക്ക്; ഡാനിയല്‍ 'എഐ' കഥാപാത്രമാകാനും സാധ്യത; ഗൂഗിളില്‍ ഒന്ന് പരിശോധിച്ചിരുന്നെങ്കില്‍ ആ കോടീശ്വരന്‍ പെടില്ലായിരുന്നു; കൊച്ചി ട്രേഡിംഗ് തട്ടിപ്പില്‍ അന്വേഷകര്‍ക്ക് വെല്ലുവിളി മാത്രം
കൊച്ചി: വ്യാജ ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ കൊച്ചി സ്വദേശിയായ വ്യവസായിക്ക് 24.7 കോടി രൂപ നഷ്ടപ്പെട്ട കേസില്‍ പോലീസിന് മുമ്പിലുള്ളത് വലിയ വെല്ലുവളി. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഡാനിയേലിനെ കുറിച്ച് പോലീസിന് ഒരു തുമ്പുമില്ല. വ്യവസായിയെ കമ്പളിപ്പിച്ച കമ്പനി ക്യാപിറ്റാലിക്സ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് കലിഫോര്‍ണിയയിലാണെന്ന് സൈബര്‍ സംഘം കണ്ടെത്തി. മുമ്പും രാജ്യാന്തര സൈബര്‍ തട്ടിപ്പുകേസുകളില്‍ ക്യാപിറ്റാലിക്സ് പ്രതിയായിട്ടുണ്ട്. ഫോണില്‍ സംസാരിച്ചതും ടെലിഗ്രാമിലെ ആശയവിനിമയവുമാണ് തട്ടിപ്പുസംഘവുമായുള്ള വ്യവസായിയുടെ ഏക ബന്ധം. പേരിനപ്പുറം മറ്റു വിവരങ്ങള്‍ ഇല്ലാത്തത് അന്വേഷണത്തിനു വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. അതേസമയം ഇത്തരത്തില്‍ ഒരാള്‍ ഉണ്ടോയെന്നുള്ള സംശയവുമുണ്ട് പോലീസിന്. എഐ വഴി സൃഷ്ടിക്കപ്പെട്ട ആളാകാനും സാധ്യതയുണ്ട്.
ഷെയര്‍ ട്രേഡിംഗുമായി ബന്ധപ്പെട്ടു പരാതിക്കാരനായ വ്യവസായിയുമായി ഡാനിയേല്‍ എന്നു പരിചയപ്പെടുത്തിയ മലയാളിയാണ് ആശയവിനിമയം നടത്തിയത്. ഇയാളുടെ നിര്‍ദേശപ്രകാരമാണു പലതവണകളായി 24.7 കോടിയോളം രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് വ്യവസായി നിക്ഷേപിച്ചത്. ഫോണ്‍വഴി മാത്രം ഡാനിയല്‍ എന്നയാളുമായി ബന്ധപ്പെട്ടിരുന്ന വ്യവസായിയുടെ മൊഴിയിലാണ് അന്വേഷണം. വ്യവസായി പണം നിക്ഷേപിച്ച ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചും പോലീസ് വിവരശേഖരണം ആംഭിച്ചിട്ടുണ്ട്. ഒരു ബാങ്കിന്റെ വിവിധയിടങ്ങളിലെ അക്കൗണ്ടുകളിലേക്കാണു പണം നിക്ഷേപിച്ചിട്ടുള്ളത്. പരാതിക്കാരനുമായി തട്ടിപ്പുസംഘം സമൂഹമാധ്യമങ്ങളിലൂടെയടക്കം നടത്തിയ ആശയവിനിമയങ്ങളുടെ പൂര്‍ണവിവരങ്ങളും അന്വേഷണസംഘം ശേഖരിച്ചു.
എളംകുളം സ്വദേശിയായ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഉടമയെ കബളിപ്പിച്ച് 2023 മാര്‍ച്ച് മുതല്‍ 2025 വരെയുള്ള കാലയളവിലാണ് 24.7 കോടി രൂപ തട്ടിപ്പുസംഘം കൈക്കലാക്കിയത്. ക്യാപിറ്റാലിക്സ് ഡോട് കോം എന്ന വെബ്സൈറ്റ് വഴി ട്രേഡിംഗ് നടത്തിയാല്‍ ഉയര്‍ന്ന ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഇതിനായി ക്യാപിറ്റാലിക്സ് ബോട്ട് എന്ന ടെലഗ്രാം അക്കൗണ്ടും ഉപയോഗിച്ചതായി വ്യവസായി നല്‍കിയ പരാതിയില്‍ പറയുന്നു. സങ്കീര്‍ണമായ സൈബര്‍ കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. രാജ്യം കണ്ട എറ്റവും വലിയ സൈബര്‍ തട്ടിപ്പു കേസാണ് ഇത്.
കൊച്ചി എളംകുളം കുമാരനാശാന്‍ നഗറില്‍ താമസിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഉടമയെ പറ്റിച്ച് 2023 മാര്‍ച്ച് മുതല്‍ 2025 വരെയുള്ള കാലയളവിലാണ് 25 കോടി രൂപ സൈബര്‍ കൊള്ളസംഘം തട്ടിയെടുത്തത്. ക്യാപിറ്റാലിക്‌സ്.കോം എന്ന വെബ്സൈറ്റ് വഴി ട്രേഡിംഗ് നടത്തിയാല്‍ ഉയര്‍ന്ന ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. അമേരിക്കയിലെ കാലിഫോര്‍ണിയ മേല്‍വിലാസത്തിലുള്ള കമ്പനിയാണ് ക്യാപിറ്റാലിക്‌സ് എന്ന് പൊലീസ്. നേരത്തെയും രാജ്യാന്തര തലത്തില്‍ നിരവധി സൈബര്‍ തട്ടിപ്പുകളില്‍ പ്രതിസ്ഥാനത്ത് വന്ന കമ്പനിയാണ് ഇത്. ഗൂഗിളില്‍ ഒന്ന് പരിശോധിച്ചിരുന്നെങ്കില്‍ പരാതിക്കാരന് അത് വ്യക്തമായേനെ എന്നും അന്വേഷണസംഘം പ്രതികരിക്കുന്നത്.
കമ്പനി യഥാര്‍ഥമാണോ, ഓണ്‍ലൈന്‍ ട്രേഡിംഗ് നടത്തുന്നുണ്ടോ, ഇന്ത്യയില്‍ ക്യാപിറ്റാലിക്‌സിന് റജിസ്‌ട്രേഷന്‍ ഉണ്ടോ എന്ന് പരിശോധിക്കണം. ഡാനിയല്‍ എന്ന പേരില്‍ മലയാളം സംസാരിക്കുന്നൊരാള്‍ കമ്പനിയുടെ ഭാഗത്തു നിന്ന് സംസാരിച്ചെന്നും പിന്നീട് അയാള്‍ വഴിയാണ് ഇടപാടുകള്‍ നടന്നതെന്നുമുള്ള പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ എഫ്ആറില്‍ പ്രതിസ്ഥാനത്ത് ഡാനിയല്‍ എന്ന പേര് ചേര്‍ത്തിട്ടുണ്ട്. മൂന്ന് ബാങ്കുകളിലൂടെ 96 തവണ നടന്ന ഇടപാടുകളിലാണ് പരാതിക്കാരന് 25 കോടി രൂപ നഷ്ടമായത്. പണം പോയിരിക്കുന്നതെല്ലാം ഇന്ത്യയിലെ അക്കൗണ്ടുകളിലേക്കാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ബാങ്ക് ഇടപാടിന്റെ വിവരങ്ങളെല്ലാം രണ്ട് ദിവസത്തിനുള്ളില്‍ ശേഖരിക്കാന്‍ സാധിക്കും.