അക്രമത്തില്‍ ഏതുതരം ആയുധമാണ് ഉപയോഗിച്ചതെന്ന് കണ്ടെത്താന്‍ മന്ത്രിയുടെ മൊഴി അനിവാര്യമെന്ന് പൊലീസ്; ഇനിയും ആരോഗ്യമന്ത്രിയുടെ മൊഴി എടുത്തില്ല; വധ ശ്രമക്കേസില്‍ അനിശ്ചിതത്വം തുടരുന്നു

Update: 2026-03-01 06:49 GMT

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കെ.എസ്.യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനു നേരെ നടന്ന അക്രമത്തില്‍ ഏതുതരം ആയുധമാണ് ഉപയോഗിച്ചതെന്ന് കണ്ടെത്താന്‍ മന്ത്രിയുടെ മൊഴി അനിവാര്യമെന്ന് പൊലീസ്. ശാരീരിക അസ്വസ്ഥതകള്‍ കാരണം മന്ത്രിയുടെ മൊഴി ഇതുവരെ രേഖപ്പെടുത്താന്‍ സാധിച്ചിട്ടില്ലെന്ന് റെയില്‍വേ പൊലീസ് കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടാണ് അന്വേഷണസംഘം റിപ്പോര്‍ട്ട് നല്‍കിയത്.

റെയില്‍വേ സ്റ്റേഷനിലേക്ക് അതിക്രമിച്ചു കയറിയ കെ.എസ്.യു പ്രവര്‍ത്തകര്‍ മന്ത്രിക്കു നേരെ ആയുധവുമായി ചാടിവീഴുകയും കഴുത്തിന് പരിക്കേല്‍പ്പിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്നാണ് കേസ്. തടയാന്‍ ശ്രമിച്ച ഗണ്‍മാനെ കൈകൊണ്ട് മര്‍ദ്ദിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. വധശ്രമം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവസ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചു വരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥനായ കോഴിക്കോട് റെയില്‍വേ പൊലീസ് ഇന്‍സ്‌പെക്ടര്‍ കോടതിയെ അറിയിച്ചു.

അതേസമയം, കേസില്‍ അറസ്റ്റിലായ കെ.എസ്.യു ജില്ലാ പ്രസിഡന്റ് എം.സി. അതുല്‍ ഉള്‍പ്പെടെയുള്ള അഞ്ച് പ്രവര്‍ത്തകര്‍ നിലവില്‍ റിമാന്‍ഡിലാണ്. പബ്ലിക് പ്രോസിക്യൂട്ടര്‍ അവധിയായതിനാല്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. ആക്രമണത്തിന്റെ ദൃശ്യങ്ങളോ മന്ത്രിയുടെ ദേഹത്ത് ആയുധം കൊണ്ടുള്ള മുറിവുകളോ ഇല്ലാത്ത സാഹചര്യത്തില്‍ വധശ്രമക്കേസ് നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ പൊലീസിനുള്ളില്‍ത്തന്നെ ഭിന്നാഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. കൃത്യമായ ശാസ്ത്രീയ തെളിവുകള്‍ക്കായി വരുംദിവസങ്ങളില്‍ കൂടുതല്‍ അന്വേഷണം നടത്താനാണ് പൊലീസിന്റെ നീക്കം.

Similar News