വീട്ടിലേക്ക് മടങ്ങുംവഴി പതിയിരുന്ന അക്രമിസംഘം; തമിഴ്‌നാടിനെ നടുക്കി ഭരണകക്ഷി നേതാവിന്റെ കൊലപാതകം; പഞ്ചായത്ത് കൗൺസിലറെ വടിവാൾ കൊണ്ട് വെട്ടിനുറുക്കി; കൊല്ലപ്പെട്ടത് ഡിഎംകെ നേതാവ് എ. രഞ്ജിത്ത് കുമാർ
തിരുച്ചിറപ്പള്ളി: തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ ഭരണകക്ഷിയായ ഡിഎംകെയുടെ പ്രാദേശിക നേതാവിനെ അക്രമിസംഘം വെട്ടിക്കൊന്നു. ഡിഎംകെ തിരുവെരുമ്പൂർ യൂത്ത് വിംഗ് സെക്രട്ടറിയും കൂത്തപ്പാർ പഞ്ചായത്ത് കൗൺസിലറുമായ എ. രഞ്ജിത്ത് കുമാർ (38) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി സുഹൃത്തിനെ സന്ദർശിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം.
തിരുവെരുമ്പൂരിൽ സുഹൃത്തിനൊപ്പം മദ്യവിതരണ ഔട്ട്ലെറ്റ് നടത്തിവരികയായിരുന്നു രഞ്ജിത്ത്. അടുത്തിടെയായിരുന്നു ഇദ്ദേഹം പുതിയ വീട്ടിലേക്ക് താമസം മാറിയത്. രാത്രി ബിസിനസ് പങ്കാളിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു രഞ്ജിത്ത്. വീടിന് സമീപം തമ്പടിച്ചിരുന്ന അക്രമിസംഘം രഞ്ജിത്തിന്റെ ബൈക്ക് തടഞ്ഞുനിർത്തുകയും മാരകായുധങ്ങളുമായി ചാടിവീഴുകയുമായിരുന്നു.
വടിവാൾ കൊണ്ട് തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ രഞ്ജിത്ത് സംഭവസ്ഥലത്തുതന്നെ മരിച്ചു. അക്രമികൾ ഉടൻതന്നെ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. റോഡിലൂടെ പോയ യാത്രക്കാരാണ് രക്തത്തിൽ കുളിച്ച നിലയിൽ രഞ്ജിത്തിനെ കണ്ടെത്തിയത്. ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരുച്ചിറപ്പള്ളി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഭരണകക്ഷി നേതാവ് കൊല്ലപ്പെട്ടതോടെ നഗരത്തിൽ കനത്ത ജാഗ്രതയാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ കാരണം നിലവിൽ വ്യക്തമല്ലെങ്കിലും, വ്യക്തിപരമായ വൈരാഗ്യമാണോ അതോ രാഷ്ട്രീയപരമായ കാരണങ്ങളാണോ കൃത്യത്തിന് പിന്നിലെന്ന് പൊലീസ് ഗൗരവമായി പരിശോധിച്ചുവരികയാണ്. പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയ അന്വേഷണസംഘം, സംഭവത്തിന്റെ എല്ലാ വശങ്ങളും വിശദമായി പരിശോധിക്കുമെന്നും കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും വ്യക്തമാക്കി.