അവസാനം കണ്ടത് ഹോട്ടലിന് മുന്നിൽ വെച്ച്; പിന്നെ യാതൊരു വിവരവും ഇല്ല; ഇറാഖിൽ അമേരിക്കൻ മാധ്യമപ്രവർത്തകയെ തട്ടിക്കൊണ്ടുപോയി; തിരച്ചിൽ തുടരുന്നു; പിന്നിൽ ഇറാൻ അനുകൂല സംഘടനയെന്ന് ഉദ്യാഗസ്ഥർ; ഷെല്ലി എവിടെ?

Update: 2026-04-01 13:35 GMT

ബാഗ്ദാദ്: ഇറാഖി തലസ്ഥാനമായ ബാഗ്ദാദിൽ വെച്ച് അമേരിക്കൻ ഫ്രീലാൻസ് മാധ്യമപ്രവർത്തക ഷെല്ലി കിറ്റിൽസണെ തട്ടിക്കൊണ്ടുപോയി. ഇറാൻ പിന്തുണയുള്ള മിലിഷ്യ ഗ്രൂപ്പായ 'കതൈബ് ഹിസ്ബുള്ള'യുമായി ബന്ധമുള്ളവരാണ് ഈ കൃത്യത്തിന് പിന്നിലെന്ന് ഇറാഖി, യുഎസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ചൊവ്വാഴ്ച വൈകീട്ട് നഗരമധ്യത്തിലെ ഒരു ഹോട്ടലിന് സമീപത്തുനിന്നാണ് ഷെല്ലിയെ തട്ടിക്കൊണ്ടുപോയതെന്നാണ് റിപ്പോർട്ടുകൾ.

ഇറാഖ് സുരക്ഷാ സേന നടത്തിയ തിരച്ചിലിനിടെ തട്ടിക്കൊണ്ടുപോയവർ സഞ്ചരിച്ച വാഹനം മറിയുകയും ഒരു പ്രതിയെ പിടികൂടുകയും ചെയ്തിട്ടുണ്ട്. പിടിയിലായയാൾക്ക് കതൈബ് ഹിസ്ബുള്ളയുമായി ബന്ധമുണ്ടെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ശേഷിക്കുന്ന പ്രതികളെ കണ്ടെത്താനും ഷെല്ലിയെ മോചിപ്പിക്കാനുമുള്ള ഊർജിതമായ ശ്രമങ്ങൾ തുടരുകയാണ്.

ഷെല്ലിക്ക് നേരെ ആക്രമണസാധ്യതയുണ്ടെന്ന് യുഎസ് നേരത്തേതന്നെ മുന്നറിയിപ്പ് നൽകിയിരുന്നതായി വിവരങ്ങൾ സൂചിപ്പിക്കുന്നു. സംഭവത്തിന്റെ തലേദിവസവും യുഎസ് ഉദ്യോഗസ്ഥർ ഷെല്ലിയുമായി ബന്ധപ്പെട്ടിരുന്നു. ഇറാൻ പിന്തുണയുള്ള സായുധ സംഘങ്ങളുടെ പട്ടികയിൽ ഷെല്ലിയുടെ പേരുണ്ടെന്നും വനിതാ മാധ്യമപ്രവർത്തകരെ തട്ടിക്കൊണ്ടുപോകാനോ വധിക്കാനോ അവർക്ക് പദ്ധതിയുണ്ടെന്നും സുരക്ഷാ ഏജൻസികളെ അറിയിച്ചിരുന്നു. എന്നാൽ, തനിക്കെതിരെയുള്ള മുന്നറിയിപ്പുകൾ വ്യാജമാണെന്നാണ് ഷെല്ലി വിശ്വസിച്ചിരുന്നത്.

റോം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഷെല്ലി കിറ്റിൽസൺ, അഫ്ഗാനിസ്താൻ, ഇറാഖ്, സിറിയ എന്നിവിടങ്ങളിലെ യുദ്ധസാഹചര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ പ്രശസ്തയാണ്. അൽ-മോണിറ്റർ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര മാധ്യമങ്ങൾക്കുവേണ്ടി അവർ പ്രവർത്തിച്ചിട്ടുണ്ട്. ഈ സംഭവം ഇറാഖിലെ മാധ്യമപ്രവർത്തകരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിക്കുന്നു.

Tags:    

Similar News