രണ്ടുമൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് ക്രൂരമായ ആള്‍ക്കൂട്ടക്കൊല; പല്ലുകള്‍ അടിച്ച് തകര്‍ത്തു, ചോരവാര്‍ന്ന് മരണം; ഒടുവില്‍ ഫോണ്‍ കിട്ടിയത് കമ്പനി മുറ്റത്തുനിന്ന്; പെരുമ്പാവൂരിനെ നടുക്കിയ കൊലപാതകത്തില്‍ 6 അസം സ്വദേശികള്‍ പിടിയില്‍

പെരുമ്പാവൂരിനെ നടുക്കിയ കൊലപാതകത്തില്‍ 6 അസം സ്വദേശികള്‍ പിടിയില്‍

Update: 2026-04-01 12:39 GMT

കൊച്ചി: മോഷണക്കുറ്റം ആരോപിച്ച് പെരുമ്പാവൂര്‍ മുടിക്കലില്‍ ഒരു യുവാവിനെ സംഘം ചേര്‍ന്ന് തല്ലിക്കൊന്നു. ഇന്നലെ രാത്രി പ്ലൈവുഡ് കമ്പനി പരിസരത്താണ് സംഭവം. കേസുമായി ബന്ധപ്പെട്ട് ആറ് അന്യസംസ്ഥാന തൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കൊല്ലപ്പെട്ടയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇദ്ദേഹവും അന്യസംസ്ഥാന തൊഴിലാളിയാണെന്നാണ് പ്രാഥമിക നിഗമനം. കസ്റ്റഡിയിലുള്ള ആറ് പേരും അസം സ്വദേശികളാണെന്ന് പോലീസ് വ്യക്തമാക്കി.

സ്ഥാപനത്തില്‍ ജോലിക്ക് ശേഷം പ്രതികള്‍ അവരുടെ ഫോണുകള്‍ ഒരു പ്രത്യേക ബോക്‌സില്‍ സൂക്ഷിക്കുക പതിവായിരുന്നു. ഇന്നലെ ജോലി കഴിഞ്ഞ് നോക്കിയപ്പോള്‍ ബോക്‌സില്‍ നിന്ന് രണ്ട് ഫോണുകള്‍ കാണാതായിരുന്നു. ഈ സമയത്ത് സ്ഥാപനത്തിന് സമീപം ഒരു യുവാവ് നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇയാള്‍ പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരനായിരുന്നില്ലെന്നും പ്രതികള്‍ക്ക് ഇയാളുമായി മുന്‍പരിചയം ഉണ്ടായിരുന്നില്ലെന്നും പോലീസ് പറഞ്ഞു.

തുടര്‍ന്ന് ആറംഗ സംഘം ഇയാളെ ചോദ്യം ചെയ്യുകയും സമീപത്തുണ്ടായിരുന്ന ആയുധങ്ങള്‍ ഉപയോഗിച്ച് അതിക്രൂരമായി മര്‍ദിക്കുകയും ചെയ്യുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹത്തില്‍ മര്‍ദനമേറ്റതിന്റെ നിരവധി പാടുകളുണ്ടെന്നും പല്ലുകള്‍ പോലും പൊടിഞ്ഞുപോയ നിലയിലായിരുന്നെന്നും പോലീസ് അറിയിച്ചു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പെരുമ്പാവൂര്‍ പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു. പോലീസ് നടത്തിയ പരിശോധനയില്‍ നഷ്ടപ്പെട്ടെന്ന് കരുതിയ രണ്ട് ഫോണുകളും കമ്പനി പരിസരത്തുനിന്ന് തന്നെ കണ്ടെത്തുകയും ചെയ്തു. കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്തുവരികയാണ്. കൊല്ലപ്പെട്ടയാളുടെ മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണ്.

Tags:    

Similar News