സുഷമയുടെ തലയില്‍ ചുറ്റിക കൊണ്ട് അടിച്ച പാട്; വാരിയെല്ല് പൊട്ടിയ നിലയില്‍; മരണകാരണം, തലയ്ക്കു പിന്നില്‍ മര്‍ദനമേറ്റതെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; 54കാരിയായ ഭാര്യയെ കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്‌തെന്ന് പൊലീസ്
54കാരിയായ ഭാര്യയെ കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്‌തെന്ന് പൊലീസ്
ആലപ്പുഴ: കായംകുളം കൃഷ്ണപുരത്ത് ഭര്‍ത്താവിനെ തൂങ്ങിമരിച്ച നിലയിലും ഭാര്യയെ സമീപത്തെ കുളത്തില്‍ മരിച്ച നിലയിലും കണ്ടെത്തിയ സംഭവത്തില്‍, ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ്. കൃഷ്ണപുരം തെക്ക് കൊച്ചുമുറി വാലയ്യത്ത് വീട്ടില്‍ സുധന്‍, ഭാര്യ സുഷമ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
സുധനെ തൂങ്ങിമരിച്ച നിലയിലും ഭാര്യ സുഷമയെ കുളത്തില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. സുഷമയെ കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് സുധന്‍ ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് വ്യക്തമാക്കി. തലയ്ക്കു പിന്നില്‍ മര്‍ദനമേറ്റതാണ് മരണകാരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സുഷമയെ മര്‍ദിച്ച് കൊലപ്പെടുത്തി കുളത്തില്‍ തള്ളിയെന്നാണ് പൊലീസ് വിശദീകരണം.
സുഷമയുടെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ട്. നട്ടെല്ലും വാരിയെല്ലും ഒടിഞ്ഞിട്ടുണ്ട്. സുഷമയെ കൊലപ്പെടുത്തി കുളത്തില്‍ ഉപേക്ഷിച്ചശേഷം സുധന്‍ (60) വീടിന് സമീപത്തെ പുളിമരത്തില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
ഇന്നലെ പുലര്‍ച്ചെ ആറു മണിയോടെയാണ് വീടിനു സമീപത്തെ പുളി മരത്തില്‍ സുധനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. രാവിലെ മുതല്‍ ഭാര്യ സുഷമയെ കാണാനില്ലായിരുന്നു. രാവിലെ മുതല്‍ നടന്ന തിരച്ചിലിനൊടുവില്‍ വൈകുന്നേരം അഞ്ചോടെ സമീപത്തെ കുളത്തില്‍ നിന്നും സുഷമയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
സംഭവത്തില്‍ കായംകുളം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടിലാണ് സുഷമയുടെ മരണം കൊലപാതകമാണെന്നും സുധന്‍ തൂങ്ങിമരിച്ചതാണെന്നും കണ്ടെത്തിയിരിക്കുന്നത്. സുഷമയുടെ തലയില്‍ ചുറ്റിക കൊണ്ട് അടിച്ച പാട് ഉണ്ട്.
കൂടാതെ വാരിയെല്ല് പൊട്ടിയിട്ടുമുണ്ട്. സുഷമ വീട്ട് ജോലികള്‍ ചെയ്തും സുധന്‍ കൂലിപ്പണി ചെയ്തുമാണ് ജീവിതം പുലര്‍ത്തിയിരുന്നത്. മദ്യപാനിയായ സുധന്‍ ദിവസവും മദ്യപിച്ചെത്തി വീട്ടില്‍ പ്രശ്‌നം ഉണ്ടാക്കാറുണ്ടെന്ന് നാട്ടുകാരും പൊലീസും പറയുന്നു.
സുധന്‍ മുന്‍പും സുഷമയുടെ തലയ്ക്ക് അടിച്ച് പരിക്കേല്‍പ്പിച്ചിട്ടുണ്ട് എന്നും പൊലീസ് പറയുന്നു. ഇരുവരുടെയും പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായതോടു കൂടി മൃതദേഹം പൊലീസ് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.