കാമുകി ഭുവനേശ്വറില്‍; രണ്ടാം ഭാര്യയുടെ സ്വര്‍ണ്ണവും പണവും തട്ടിയ വഞ്ചകനെതിരെ ഗാര്‍ഹിക പീഡന കേസ്; വൈവാഹിക സൈറ്റുകളില്‍ നിന്നും ഫോണ്‍ നമ്പര്‍ തരപ്പെടുത്തി പുതിയ ഇരകളെ കണ്ടെത്തും; സത്യം അറിഞ്ഞ് പണം തിരിച്ചുവാങ്ങനെത്തിയ ഇരയോട് കാട്ടിയത് സമാനതളില്ലാത്ത ക്രൂരത; ഇത് കരുനാഗപ്പള്ളിക്കാരന്റെ 'മാട്രിമോണിയല്‍ ചതി'; ദീപു പ്രഹ്ലാദ് എന്ന വിവാഹ തട്ടിപ്പുവീരന്റെ കഥ

Update: 2025-05-09 06:11 GMT

കോട്ടയം: കേരളത്തില്‍ 'മാട്രിമോണിയല്‍ ചതികള്‍' തുടര്‍ക്കഥയാകുന്നു. മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയത്തിലായ യുവതിയിയെ പ്രണയം നടിച്ച് തട്ടിപ്പിനിരയാക്കിയ കോട്ടയത്തെ പരാതിയിലും നിറയുന്നത് കൊടും ചതിയാണ്. കേസില്‍ കൊല്ലം കരുനാഗപ്പള്ളി ദീപുവിഹാര്‍ വീട്ടില്‍ പ്രഹ്ളാദന്റെ മകന്‍ ദീപു പ്രഹ്ലാദ് (34) റിമാന്‍ഡിലാണ്.

തട്ടിപ്പ് തിരിച്ചറിഞ്ഞ് പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ പ്രതി യുവതി ജാതി പറഞ്ഞ് അധിക്ഷേപ്പിക്കുകയും, കത്തികൊണ്ട് കുത്തി പരിക്കേല്‍ക്കിപ്പിക്കുകയായിരുന്നു. കണ്ണൂര്‍ സ്വദേശിയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വിവാഹം വാഗ്ദാനം നല്‍കി പ്രതി യുവതിയില്‍ നിന്നും മൂന്ന് ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തു. കോട്ടയത്ത് കമ്പ്യൂട്ടര്‍ സര്‍വീസ് സെന്റര്‍ നടത്തുകയായിരുന്നു ദീപു പ്രഹ്ലാദ്. ഇയാള്‍ക്ക് രണ്ട് ഭാര്യമാരുണ്ടായിരുന്നെന്നും, രണ്ടാം ഭാര്യ നല്‍കിയ പരാതിയില്‍ ഇയാള്‍ക്കെതിരെ ഗാര്‍ഹിക പീഡനത്തിനും കേസുണ്ട്.

മാട്രിമോണിയല്‍ സൈറ്റില്‍ നിന്നും ലഭിച്ച ഫോണ്‍ നമ്പറിലാണ് പ്രതി പരാതിക്കാരിയായ യുവതിയുമായി ബന്ധപ്പെടുന്നത്. കോട്ടയത്ത് ക്യുബി ഫിക്സ് എന്ന കംപ്യൂട്ടര്‍ സര്‍വീസ് സെന്റര്‍ നടത്തിയിരുന്ന പ്രതി നിരന്തരം യുവതിയുമായി ഫോണിലൂടെ ബന്ധപ്പെടുകയായിരുന്നു. രണ്ട് വര്‍ഷത്തോളം യുവതിയോട് പ്രണയം നടിച്ച് യുവാവ് സ്ഥാപനത്തിന്റെ ആവശ്യത്തിലേയ്ക്കാണെന്ന് പറഞ്ഞ് പലപ്പോഴായി യുവതിയില്‍ നിന്നും പണം കൈപ്പറ്റി. പിന്നീട് പണം തിരികെ ചോദിക്കുമ്പോഴൊക്കെ അവധി പറഞ്ഞ് യുവതിയെ കബളിപ്പിക്കുകയും യുവതി വിളിക്കാതിരിക്കാന്‍ ഫോണ്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ക്ക് ഭുവനേശ്വറില്‍ ഒരു മറ്റൊരു പെണ്‍കുട്ടിയുമായി ബന്ധമുണ്ടെന്ന് മനസ്സിലാക്കാന്‍ സാധിച്ചതെന്നാണ് പരാതിക്കാരി പറയുന്നത്. പല പെണ്‍കുട്ടികളേയും സമാനമായ രീതിയില്‍ ഇയാള്‍ കബളിപ്പിക്കുകയും പണം കൈക്കലാക്കിയെന്നും സൂചനയുണ്ട്. സുഹൃത്ത് വഴി പ്രതിയുടെ ഫോണ്‍ നമ്പര്‍ യുവതിക്ക് ലഭിച്ചിരുന്നു. ഈ നമ്പറില്‍ ബന്ധപ്പെടുമ്പോഴാണ് ഇയാളുടെ തട്ടിപ്പ് പുറത്തറിയുന്നത്. രണ്ട് വിവാഹം കഴിച്ചയാളാണെന്നും രണ്ടാമത്തെ ഭാര്യ ഗാര്‍ഹിക പീഡനത്തിനും വിവാഹ മോചനത്തിനും കേസ് കൊടുത്ത വിവരവും യുവതി തിരിച്ചറിയുന്നു. ഇവരില്‍ നിന്ന് വിവാഹ സമയത്ത് സ്ത്രീധനമായി ലഭിച്ച സ്വര്‍ണവും ഇയാള്‍ കൈക്കലാക്കിയെന്നും സൂചനയുണ്ട്. ഇതുമായി ബന്ധപ്പെട്ട് തൃക്കൊടിത്താനം സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

തുടര്‍ന്ന് യുവതി ഇയാള്‍ താമസിക്കുന്ന തിരുവഞ്ചൂരിലെ വാടക വീട്ടിലെത്തി എത്തി പണം തിരികെ ആവശ്യപ്പെട്ടപ്പോഴാണ് യുവതിയുടെ മുടിക്ക് കുത്തിപ്പിടിച്ച് മുഖത്തടിക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തു. പുതിയ കാമുകിയെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ കത്തികൊണ്ട് കുത്തി യുവതിയുടെ കൈയില്‍ മുറിവേല്‍പ്പിക്കുകയും ചെയ്തു. ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് നിരവധിപ്പേരില്‍ നിന്നും പണം കൈപ്പറ്റിയതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. അയര്‍ക്കുന്നം പൊലീസ് സ്റ്റേഷനില്‍ യുവതി പരാതി നല്‍കിയെങ്കിലും എഫ്ഐആര്‍ ഇട്ടിരുന്നില്ല.

തുടര്‍ന്ന് യുവതി മുഖ്യമന്ത്രിക്കും കോട്ടയം എസ്പി ഷാഹുല്‍ ഹമീദിനും പരാതിയെ നല്‍കിയതിനെത്തുടര്‍ന്നാണ് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. ഹൈദരാബാദില്‍ ജോലി ചെയ്യുന്ന ഭുവനേശ്വര്‍ സ്വദേശിയായ യുവതിയെക്കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. മാട്രിമോണിയല്‍ വഴിയാണ് ഇയാള്‍ സ്ത്രീകളുമായി പരിചയം സ്ഥാപിക്കുകയും പ്രണയത്തിലായി പണം കൈക്കലാക്കുകയും ചെയ്യുന്നത്. കോട്ടയം ഡിവൈഎസ്പി കെ ജി അനീഷ് ആണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍.

Tags:    

Similar News