മൃതദേഹം കുഴിച്ചിട്ടശേഷം ശുചീകരണത്തൊഴിലാളി വീട്ടിലെത്തി; കുടിക്കാന്‍ വെള്ളം ചോദിച്ചു; ശേഷം കുഴിയെടുക്കാന്‍ ഉപയോഗിച്ച തൂമ്പ കഴുകി; ധര്‍മ്മസ്ഥലയില്‍ വെളിപ്പെടുത്തല്‍ തുടരുന്നു
ധര്‍മസ്ഥല: കൊലപാതക പരമ്പരയെ കുറിച്ചുള്ള വിവരം പുറത്തുവിട്ട ധര്‍മ്മസ്ഥല കേസിലെ ശുചീകരണ തൊഴിലാളിയുടെ മൊഴി ശരിവെച്ച് ഒരാള്‍ കൂടി. മൃതദേഹം കുഴിച്ചിടുന്നത് നേരിട്ട് കണ്ടെന്ന വെളിപ്പെടുത്തലുമായി പ്രദേശവാസിയായ വീട്ടമ്മ പ്രത്യേക അന്വേഷണസംഘത്തെ സമീപിച്ചു. മൃതദേഹങ്ങള്‍ കുഴിച്ചിടേണ്ടി വന്നെന്ന വെളിപ്പെടുത്തല്‍ നടത്തിയ തൊഴിലാളി കൃത്യം നടത്തുന്നത് കണ്ടെന്ന് അവര്‍ വെളിപ്പെടുത്തി. വെള്ളിയാഴ്ച പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തിയ ബോളിയാര്‍ വനമേഖലയ്ക്കടുത്തു മൃതദേഹം കുഴിച്ചിടുന്നത് കണ്ടെന്നാണ് ഇവരുടെ മൊഴി. ഇതോടെ സംഭവത്തില്‍ കൂടുതല്‍ സാക്ഷികളാവുകയാണ്.
മൃതദേഹം കുഴിച്ചിട്ടശേഷം ശുചീകരണത്തൊഴിലാളി ഇവരുടെ വീട്ടിലെത്തിയിരുന്നു. കുടിക്കാന്‍ വെള്ളം ചോദിച്ചു, വെള്ളം കൊടുത്തു. അതിന് ശേഷം കുഴിയെടുക്കാന്‍ ഉപയോഗിച്ച തൂമ്പ കഴുകിയെന്നും പ്രത്യേക അന്വേഷണ സംഘത്തോട് പറഞ്ഞു. കൊലപാതക പരമ്പരയില്‍ നേത്രാവതി സ്‌നാനഘട്ടിനു സമീപം രേഖപ്പെടുത്തിയ 13ാമത് സ്‌പോട്ടില്‍ ശുചീകരണത്തൊഴിലാളി മൃതദേഹം കുഴിച്ചിടുന്നതു കണ്ടെന്നും മൊഴി ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം ആറുപേരാണ് ഇത് സംബന്ധിച്ച് അന്വേഷണസംഘത്തിനു മൊഴി നല്‍കിയത്. നദിക്കു സമീപം കുഴിച്ചാല്‍ വെള്ളം ഉയരുന്ന സ്ഥലമാണ് ഇതെല്ലാം. ഗ്രൗണ്ട് പെനട്രേറ്റിങ് റഡാറാണ് പരിശോധനയ്ക്ക് ഉപയോഗിക്കുന്നത്.
ധര്‍മസ്ഥല ക്ഷേത്രകവാടത്തിനുള്ളില്‍ കുഴിയെടുത്ത് പരിശോധന നടത്തിയുന്നു. എന്നാല്‍ ഇവിടെ ഒന്നും കണ്ടെത്തിയിട്ടില്ല. ബാഹുബലിബെട്ട എന്ന പ്രതിഷ്ഠയുടെ തൊട്ടടുത്താണു കുഴിച്ച് പരിശോധന നടത്തിയത്. സാക്ഷി കൂടുതല്‍ മൃതദേഹങ്ങള്‍ കുഴിച്ചിട്ടുവെന്ന് പറഞ്ഞ കല്ലേരി വനമേഖലയിലാണ് നിലവില്‍ തെരച്ചില്‍ നടക്കുന്നത്. നേത്രാവതി സ്നാനഘട്ടിനടുത്തും ദേശീയപാതക്കും സമീപത്തുള്ള നേരത്തെ അടയാളപ്പെടുത്തിയ 13 പോയന്റുകളിലും തെരച്ചില്‍ പൂര്‍ത്തിയാക്കി. അന്വേഷണ സംഘം ക്യാമ്പ് ചെയ്യുന്ന സ്ഥലത്തെ പ്രത്യേക പൊലീസ് സ്റ്റേഷനായി പ്രഖ്യാപിച്ചിട്ടുണ്ട്.
1998 നും 2014 നും ഇടയില്‍ ദുരൂഹമായ ആക്രമണങ്ങള്‍ക്ക് വിധേയമായ സ്ത്രീകളുടെയും പ്രായപൂര്‍ത്തിയാകാത്തവരുടെയും മൃതദേഹങ്ങള്‍ സംസ്‌കരിക്കാനും ദഹിപ്പിക്കാനും നിര്‍ബന്ധിച്ചുവെന്ന് ഏറ്റുപറഞ്ഞ മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലാണ് അന്വേഷണം കുഴിച്ചെടുത്ത അസ്ഥികൂട അവശിഷ്ടങ്ങള്‍ കോടതിയില്‍ ഹാജരാക്കി. ഇതിനിടെ പുതിയ കേസുകളും ഉയര്‍ന്നു വന്നു.