35 വയസ് പ്രായമുള്ള ഒന്‍പതാം ക്ലാസുകാരി; മണ്ണാര്‍ക്കാട് പയ്യനടത്തെ മുസ്ലിം കുടുംബത്തില്‍ ജനനം; ലിവിംഗ് ടുഗദറുകാരന്‍ ആലപ്പുഴക്കാരന്‍ ശ്യാം സന്തോഷ്; ദത്തെടുക്കാമെന്ന് പറഞ്ഞ് പൂജാരിയെ വരെ പറ്റിക്കും മുബീന; ഡോ നിഖിത ബ്രഹ്‌മദത്തന്റെ ചതിയില്‍ പരാതി പ്രവാഹം; ഇത് 'ആണവകാശി' തട്ടിപ്പ് കഥ

Update: 2025-11-13 03:30 GMT

പാലക്കാട്: മുബീന എന്ന ഡോ നിഖിത ബ്രഹ്‌മദത്തന്റെ ചതിയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിയതായി സൂചന. ഏറ്റവും പുതിയ വിവരമനുസരിച്ച് അടുത്തിടെ തെക്കന്‍ കേരളത്തിലെ ഒരു ക്ഷേത്രത്തില്‍ പതിവ് സന്ദര്‍ശകയാണ് മുബീന. ഡോക്ടറാണെന്ന് വിശ്വസിപ്പിച്ച് നിഖിത ബ്രഹ്‌മദത്തനെന്ന പേരില്‍ പൂജാരിയില്‍ നിന്ന് 70 ലക്ഷത്തോളം രൂപ തട്ടിയ കേസാണ് മുബീനയെ ചര്‍ച്ചകളില്‍ എത്തുന്നത്.

നിഖിത ബ്രഹ്‌മദത്തന്‍ എന്നാണ് എല്ലായിടത്തും പരിചയപ്പെടുത്തിയത്. പാലഭിഷേകം, നെയ്യഭിഷേകം, ഉത്സവ എഴുന്നള്ളത്തിനായി ആനയെ ഉള്‍പ്പെടെ മുബീന സ്‌പോണ്‍സര്‍ ചെയ്തിരുന്നുവെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ക്ഷേത്രം കേന്ദ്രീകരിച്ച് ആരെങ്കിലും ഇവരുടെ വലയില്‍ കുടുങ്ങിയിട്ടുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിക്കുകയാണ്. മുപ്പത്തഞ്ചുകാരി തട്ടിപ്പു കേസില്‍ റിമാന്‍ഡിലായ വിവരം പുറത്തുവന്നതിന് പിന്നാലെ പരാതി പ്രവാഹമാണ്. ആള്‍മാറാട്ട തട്ടിപ്പ് പരാതികളുടെ ആധികാരകത ഉറപ്പുവരുത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

35 വയസ് പ്രായമുള്ള മുബാനയ്ക്ക് ഒന്‍പതാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയാണുള്ളത്. മണ്ണാര്‍ക്കാട് പയ്യനടത്തെ മുസ്ലിം കുടുംബത്തിലാണ് ജനനം. യഥാര്‍ത്ഥ പേര് മുബീന മുഹമ്മദ്. ജീവിത പങ്കാളി ഇതേ കേസില്‍ പിടിയിലായ രണ്ടാം പ്രതി ശ്യാം സന്തോഷാണ്. സ്വയം പരിചയപ്പെടുത്തുന്നത് ഡോ.നിഖിത ബ്രഹ്‌മദത്തനെന്ന്. പാലക്കാട് കാവില്‍പ്പാട് നാഗയക്ഷിക്കാവില്‍ പൂജകള്‍ക്കും ദര്‍ശനത്തിനുമായി സ്ഥിരമായെത്തുന്ന ഭക്തയായിരുന്നു പൂജാരിക്ക് നിഖിത.

വഴിപാടായും സംഭാവനയായും നല്‍കുന്നത് ലക്ഷങ്ങള്‍. മനിശ്ശേരി മനയിലെ ബ്രഹ്‌മദത്തന്‍ നമ്പൂതിരിപ്പാടിന്റെ ഏക മകള്‍ ഡോ. നിഖിത ബ്രഹ്‌മദത്തനെന്ന് പറഞ്ഞാണ് പരാതിക്കാരനായ ക്ഷേത്ര പൂജാരിയെ പരിചയപ്പെട്ടത്. കോടികളുടെ ഏക അവകാശിയാണെന്നും തറവാട്ടില്‍ ആണവകാശികള്‍ ഇല്ലാത്തതിനാല്‍ താങ്കളെ ദത്തെടുക്കാന്‍ തയ്യാറാണെന്നും പറഞ്ഞു. ഇക്കാര്യം മുദ്രപത്രത്തില്‍ എഴുതി നല്‍കുകയും ചെയ്തു. ഇതോടെ പൂജാരിയും ഡോക്ടറും തമ്മില്‍ അടുപ്പമായി.

സംസാരിക്കാനും ഒപ്പമിരിക്കാനും പാലക്കാട് ജില്ലാ ആശുപത്രിയിലേക്കും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കും വിളിച്ചുവരുത്തും. സ്റ്റെതസ്‌കോപ്പ് കഴുത്തിലണിഞ്ഞ് ഡോക്ടറായി അഭിനയം. പല തവണ ഡോക്ടറുടെ വേഷമണിഞ്ഞ് ആശുപത്രിക്ക് അകത്തു നിന്നും പുറത്തുനിന്നും കണ്ടതോടെ പരാതിക്കാരന്റെ വിശ്വാസം കൂടി. കൊച്ചി ലുലു മാളില്‍ നിന്നാണ് മുബീനയെ പൊലീസ് പിടികൂടിയത്. പൂജാരിയെ പറ്റിച്ച് 68 ലക്ഷം രൂപ കൈക്കലാക്കിയ ശേഷം വിവിധ ജില്ലകളില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് എറണാകുളത്ത് നിന്ന് മുബീന് അറസ്റ്റിലായത്.

താന്‍ നിര്‍മിക്കുന്ന ഐ.വി.എഫ് ആശുപത്രിയില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് 68 ലക്ഷം രൂപ പല തവണയായി കൈപ്പറ്റിയത്. കേസില്‍ പ്രത്യേക അന്വേഷണ സംഘമാണ് മുബീനയെ പിടികൂടിയത്.പൊലീസ് കസ്റ്റഡിയിലെടുക്കുമ്പോള്‍ മുബീനയുടെ പക്കല്‍ ലക്ഷക്കണക്കിന് പണവും സ്വര്‍ണാഭരണങ്ങളുമുണ്ടായിരുന്നു. ഇവരുടെ ലിവിംഗ് ടുഗദെര്‍ പങ്കാളിയായ ആലപ്പുഴ സ്വദേശി ശ്യാം അറസ്റ്റിലായ ശേഷം ജാമ്യത്തിലാണ്. ഒമ്പതാം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസമുള്ള മുബീന നിരവധിപേരെ പറ്റിച്ച് പണം കൈക്കലാക്കി മുങ്ങിയിട്ടുണ്ട്.

Tags:    

Similar News