പി.വി.അന്‍വറിന്റെ സ്വത്ത് നാല് വര്‍ഷം കൊണ്ട് 50 കോടി വര്‍ധിച്ചു; 14.38 കോടിയുടെ സ്വത്ത് 64.14 കോടിയായി വര്‍ധിച്ചതില്‍ കൃത്യമായി വിശദീകരണം നല്‍കാന്‍ അന്‍വറിനായില്ല; കെ.എഫ്.സിയില്‍ നിന്നും വാങ്ങിയ ലോണ്‍ ബെനാമി പേരുകളിലെ സ്ഥാപനങ്ങളിലേക്ക് വകമാറ്റി; മലംകുളം കണ്‍സ്ട്രക്ഷന്റെ ഉടമ താനെന്നും അന്‍വറിന്റെ സമ്മതിക്കല്‍; റെയ്ഡില്‍ വിശദീകരണവുമായി ഇഡി

പി.വി.അന്‍വറിന്റെ സ്വത്ത് നാല് വര്‍ഷം കൊണ്ട് 50 കോടി വര്‍ധിച്ചു

Update: 2025-11-22 11:27 GMT

കൊച്ചി: പി വി അന്‍വറിന്റെ വീട്ടിലെയും സ്ഥാപനങ്ങളിലും കഴിഞ്ഞ ദിവസം നടത്തി റെയ്ഡുമായി ബന്ധപ്പെട്ട് വിശദമായ വാര്‍ത്താക്കുറിപ്പുമായി ഇഡി. കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ നിന്നുമെടുത്ത 22.3 കോടിയുടെ ലോണ്‍ ഇടപാടുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടന്നതെന്ന് ഇഡി വിശദീകരിച്ചു. ഒരേ പ്രോപ്പര്‍ട്ടി ഈടുവെച്ച് ചുരുങ്ങിയ കാലയളവിനുളളില്‍ വിവിധ ലോണുകള്‍ കെഎഫ്‌സി വഴി തരപ്പെടുത്തിയെന്നും ഇഡി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്താക്കി.

അന്‍വര്‍ ലോണെടുത്ത തുക വകമാറ്റിയതായി സംശയിക്കുന്നുവെന്ന് ഇഡി പറയുന്നു. അന്‍വറിന്റെ ബിനാമി സ്വത്തിടപാടുകളും പരിശോധിക്കുകയാണ്. മലംകുളം കണ്‍സ്ട്രക്ഷന്‍ എന്ന സ്ഥാപനത്തിന്റെ യഥാര്‍ഥ ഉടമ താനാണെന്ന് അന്‍വര്‍ പ്രാഥമിക ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഡ്രൈവറുടെയും അടുത്ത ബന്ധുവിന്റയും പേരിലാണ് സ്ഥാപനം ഉളളത്. ലോണെടുത്ത തുക അന്‍വര്‍ മെട്രോ വില്ലേജ് എന്ന പദ്ധതിയിലേക്ക് വകമാറ്റിയതായും 2016 ലെ 14.38 കോടി സ്വത്ത്, 2021ല്‍ 64.14 കോടിയായി വര്‍ധിച്ചതില്‍ കൃത്യമായി വിശദീകരണം നല്‍കാന്‍ അന്‍വറിനായില്ലെന്നും ഇഡി പറയുന്നു.

കെഎഫ്‌സി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വീഴ്ചയും പിഴവും ഉണ്ടായിട്ടുണ്ടെന്നും ഇഡി വ്യക്തമാക്കി. ഈട് നല്‍കിയ വസ്തുവിന്റെ മുന്‍കാല ചരിത്രം കൃത്യമായി പരിശോധിച്ചിട്ടില്ല. 15 ബാങ്ക് അക്കൗണ്ടുകള്‍ ഉള്‍പ്പെടെ പിവി അന്‍വറിന്റെ ബെനാമി ഇടപാടുകള്‍ സംശയിക്കുന്ന രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. പിവിആര്‍ മെട്രോ വില്ലേജിലെ ചില കെട്ടിടങ്ങള്‍ തദ്ദേശസ്ഥാപനങ്ങളുടെ അംഗീകാരമില്ലാതെയാണ് നിര്‍മ്മിച്ചതെന്നും, ഈ നിര്‍മ്മാണത്തിനായി കള്ളപ്പണം നിക്ഷേപിച്ചതായും കണ്ടെത്തി. വില്‍പ്പന കരാറുകള്‍, സാമ്പത്തിക രേഖകള്‍, ഡിജിറ്റല്‍ തെളിവുകള്‍ എന്നിവയുള്‍പ്പെടെ നിരവധി രേഖകള്‍ പിടിച്ചെടുത്തു.

കള്ളപ്പണത്തിന്റെ അളവ്, ഫണ്ട് വകമാറ്റല്‍, ബെനാമി സ്വത്തുക്കള്‍ എന്നിവ കണ്ടെത്താനുള്ള കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇഡി അറിയിച്ചു. പ്രാഥമിക കണ്ടെത്തലുകളില്‍ നിന്നും അനുവദിച്ച ഫണ്ടുകള്‍ വകമാറ്റി ചെലവഴിച്ചു, നോമിനല്‍ ഷെയര്‍ഹോള്‍ഡര്‍മാരെയും ഡയറക്ടര്‍മാരെയും ഉപയോഗിച്ചു, കൂടാതെ ബിനാമി സ്വത്തുക്കള്‍ കൈവശം വെച്ചതായും ഇഡി സംശയിക്കുന്നു. മെസേഴ്‌സ് മലംകുളം കണ്‍സ്ട്രക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, മെസേഴ്‌സ് പീ വീ ആര്‍ ഡെവലപ്പേഴ്‌സ്, മെസേഴ്‌സ് ബിസ് മഞ്ചേരി എല്‍.എല്‍.പി,

കേരള ഫിനാന്‍സ് കോര്‍പ്പറേഷന്‍ മലപ്പുറം ബ്രാഞ്ച് തുടങ്ങിയ സ്ഥലങ്ങളിലും ഇഡി പരിശോധന നടത്തിയിരുന്നു.

ലോണ്‍ തുകകള്‍ 'പീ വീ ആര്‍ മെട്രോ വില്ലേജ്' എന്ന വലിയ ടൗണ്‍ഷിപ്പ് പ്രോജക്റ്റിനായി ഉപയോഗിച്ചവെന്നാണ് ഇഡി സംശയിക്കുന്നത്. അന്‍വറിന്റെ നിര്‍ദ്ദേശപ്രകാരമാണ് രേഖകള്‍ പതിവായി ഒപ്പിട്ടതെന്നും ഫണ്ടുകള്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളിലേക്ക് വകമാറ്റിയെന്നും, ചില പണപ്പിരിവുകള്‍ സാധാരണ അക്കൗണ്ടിംഗ് ചാനലുകള്‍ക്ക് പുറത്ത് കൈകാര്യം ചെയ്തെന്നും അദ്ദേഹത്തിന്റെ കൂട്ടാളികളുടെ മൊഴികളില്‍ വ്യക്തമായിട്ടുണ്ട്.

വില്‍പ്പന കരാറുകള്‍, സാമ്പത്തിക രേഖകള്‍, പ്രോപ്പര്‍ട്ടി പേപ്പറുകള്‍ എന്നിവയുമായി ബന്ധപ്പെട്ട വിവിധ കുറ്റകരമായ രേഖകളും ഡിജിറ്റല്‍ തെളിവുകളും, ഒന്നിലധികം റെക്കോര്‍ഡുകളും ഡിജിറ്റല്‍ ഉപകരണങ്ങളും ഇഡി റെയ്ഡില്‍ പിിച്ചെടുത്തു. വിവിധ വ്യക്തികളുടെ പേരില്‍ 15 ബാങ്ക് അക്കൗണ്ടുകള്‍ കണ്ടെത്തി, ഇവ ബിനാമികളാണെന്ന് കരുതുന്നു. ഇതിലേക്കാണ് അന്വേഷണം നീളുന്നത്. ഓപ്പറേഷന്‍ സമയത്ത് രേഖപ്പെടുത്തിയ കെ.എഫ്.സി. ഉദ്യോഗസ്ഥരുടെ മൊഴികളില്‍ നടപടിക്രമങ്ങളിലെ വീഴ്ചകളിലേക്കും വിരല്‍ ചൂണ്ടുന്നതാണ്.

അതേസമയം ഇഡി നടത്തിയ പരിശോധയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു അന്‍വര്‍ ഇന്ന് വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഇഡി പരിശോധന കെഎഫ്സിയില്‍ നിന്ന് ലോണ്‍ എടുത്തതുമായി ബന്ധപ്പെട്ട വിഷയത്തിലാണെന്ന് അന്‍വര്‍ പറഞ്ഞു. കാര്യങ്ങള്‍ ഇഡിയെ ബോധ്യപ്പെടുത്തി. ചില രേഖകള്‍ കൂടി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒന്‍പതര കോടി രൂപയാണ് ലോണ്‍ എടുത്തത്. ആറ് കോടിയോളം തിരിച്ചടച്ചതാണ്. കള്ളപ്പണം ഇടപാട് നടന്നിട്ടില്ല. ലോണ്‍ എടുക്കുക മാത്രമാണ് ചെയ്തതെന്നും അന്‍വര്‍ വിശദീകരിച്ചു.

വണ്‍ ടൈം സെറ്റില്‍മെന്റിന് വേണ്ടി അപേക്ഷിച്ചിട്ടുണ്ട്. എംഎല്‍എ ആകുന്നതിന് മുന്‍പ് എടുത്ത ലോണുമായി ബന്ധപ്പെട്ടാണ് പ്രശ്നം. എടുത്ത ലോണിനേക്കാള്‍ നിര്‍മാണം നടത്തി എന്ന സംശയത്താല്‍ ആയിരുന്നു പരിശോധനയെന്നും അദ്ദേഹം പറഞ്ഞു. ഒരേ സ്ഥാപനത്തില്‍ നിന്നാണ് രണ്ട് ലോണ്‍ എടുത്തത്. ഒരേ വസ്തു വച്ച് രണ്ട് ലോണ്‍ എടുത്തു എന്ന് പറയുന്നത് തെറ്റിദ്ധരിപ്പിക്കുന്നത് ആണ്. എല്ലാവര്‍ക്കും വണ്‍ ടൈം സെറ്റില്‍മെന്റ് നല്‍കുന്ന കെഎഫ്സി തനിക്ക് മാത്രം ഇത് അനുവദിക്കാത്തത് രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാകും. ഇഡി അന്വേഷണം ഇല്ലാത്ത രാഷ്ട്രീയ നേതാക്കള്‍ ആരെങ്കിലും ഉണ്ടോ എന്നും അന്‍വര്‍ ചോദിച്ചു. അതേസമയം ഇഡി കേസില്‍ തെളിവുകള്‍വുകള്‍ വിശകലനം ചെയ്ത ശേഷം അടുത്ത നടപടികളിലേക്ക് കടക്കും. അന്‍വറിനെ അറസ്റ്റു ചെയ്യാന്‍ സാധ്യതയുണ്ട്.

Tags:    

Similar News