ജോലി സ്ഥലത്ത് നിന്നും വീട്ടിലേക്ക് മടങ്ങിയ യുവതിയെ അയല്‍വാസി റോഡിലിട്ട് കുത്തിക്കൊന്നു; ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതി കിണറ്റില്‍ വീണു

യുവതിയെ അയല്‍വാസി റോഡിലിട്ട് കുത്തിക്കൊന്നു;

Update: 2026-03-17 00:27 GMT

ഒല്ലൂര്‍: ജോലി സ്ഥലത്ത് നിന്നും വൈകിട്ട് വീട്ടിലേക്ക് മടങ്ങിയ യുവതിയെ അയല്‍വാസി നടുറോഡിലിട്ട് കുത്തിക്കൊന്നു. ക്രിസ്റ്റഫര്‍ നഗറില്‍ ഇന്നലെ സന്ധ്യയോടെ നടന്ന ആക്രമണത്തില്‍ പൊറത്തൂര്‍ വീട്ടില്‍ ഫ്രാന്‍സിസിന്റെ മകള്‍ സൗമ്യ (46) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതി ക്രിസ്റ്റഫര്‍ നഗര്‍ സ്വദേശി അപ്പാടന്‍ തോമസി(65)നെ ഒല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം.

യുവതിയുടെ അയല്‍വാസിയാണ് പ്രതിയായ തോമസ്. ഇരു കുടുംബങ്ങളും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായിരുന്നു. അക്രമത്തിനുശേഷം ഓടി രക്ഷപ്പെടുന്നതിനിടെ പ്രതി കിണറ്റില്‍ വീണു. തുടര്‍ന്ന് അഗ്നിരക്ഷാസേനയെത്തിയാണ് ഇയാളെ പുറത്തെടുത്തത്. പിന്നാലെ പോലിസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന സൗമ്യയെ ഇയാള്‍ വഴിയില്‍ തടഞ്ഞു നിര്‍ത്തി കുത്തുകയായിരുന്നു. നാട്ടുകാര്‍ ഓടിയെത്തി സൗമ്യയെ കൂര്‍ക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മണപ്പുറം ഫിനാന്‍സിലെ ജീവനക്കാരിയാണ് സൗമ്യ. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു. ചീരാച്ചിയില്‍ ഓട്ടോറിക്ഷാ ഡ്രൈവറാണ് പ്രതിയായ തോമസ്. അയല്‍വാസിയായ തോമസിന്റെ പേരില്‍ സൗമ്യ നേരത്തേ പോലീസില്‍ പരാതി നല്‍കുകയും ഇതില്‍ കേസെടുക്കുകയും ചെയ്തിരുന്നു. അയല്‍വാസികളായ ഇവര്‍ തമ്മില്‍ ഇടയ്ക്കിടെ തര്‍ക്കങ്ങളും നടക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഒല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ വേറെയും കേസുകളുണ്ട്. മരിച്ച സൗമ്യയുടെ മക്കള്‍: ആഗ്ന, ആരോണ്‍. മൃതദേഹം തൃശ്ശൂരിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍.

Tags:    

Similar News