എഡിസണ്‍, അരുണ്‍, ഡിയോള്‍... അവരായിരുന്നു മൂവര്‍സംഘം! മൂവാറ്റുപുഴയിലെ എന്‍ജിനീയറിങ് കോളേജില്‍ സഹപാഠികള്‍ ആയവര്‍ 'സ്റ്റാര്‍ട്ടപ്പ്' തുടങ്ങിയത് ലഹരി വില്‍പ്പനയില്‍; കൂട്ടത്തില്‍ ബുദ്ധിരാക്ഷന്‍ എഡിസന്‍; 'കെറ്റാമെലോണ്‍' ഇടപാട് ഡിയോളില്‍ നിന്നും അഞ്ജുവില്‍ നിന്നും എഡിസന്‍ മറച്ചുവെച്ചു; കൂടുതല്‍ 'ടെക്കി'കള്‍ കുടുങ്ങിയേക്കും
എഡിസണ്‍, അരുണ്‍, ഡിയോള്‍... അവരായിരുന്നു മൂവര്‍സംഘം!
കൊച്ചി: എഡിസണ്‍ ബാബു, അരുണ്‍ തോമസ്, കെ.വി.ഡിയോള്‍... ഇവരായിരുന്നു മൂവാറ്റുപുഴ എന്‍ജിനീയറിങ് കോളേജിലെ ആ മൂവര്‍സംഘം. പഠനത്തില്‍ മിടുക്കരായവര്‍. വിദേശ ജോലിയടക്കം സ്വപ്‌നം കണ്ടവര്‍ പരസ്പരം ഒരുമിച്ചതും സ്റ്റാര്‍ട്ടപ്പ് തുടങ്ങിയതും ലഹരി വില്‍പ്പനയുടെ കാര്യത്തിലായിരുന്നു എന്നു മാത്രം. അരുണും എഡിസനും ചേര്‍ന്ന് 'കെറ്റാമെലോണ്‍' ഡാര്‍ക്ക് നെറ്റിലെ ലഹരി ഡോണ്‍ ആയപ്പോള്‍ വിദേശത്തു ലഹരി വിറ്റാണ് ഡിയോള്‍ സ്വന്തം കാര്‍ട്ടല്‍ വളര്‍ത്തിയത്. എന്‍സിബിയുടെ അന്വേഷണം പുരോഗമിക്കുമ്പോള്‍ പുറത്തുവരുന്നത് സിനിമാക്കഥയെ വെല്ലുന്ന യഥാര്‍ഥ കഥകളാണ്.
മൂവാറ്റുപുഴയിലെ സ്വകാര്യ എന്‍ജിനീയറിങ് കോളജില്‍ നിന്ന് ഒരേ സമയം പഠിച്ചിറങ്ങിയവരാണ് എഡിസണ്‍ ബാബു, അരുണ്‍ തോമസ്, കെ.വി.ഡിയോള്‍ എന്നിവര്‍. പഠനത്തിന് ശേഷം എഡിസന്‍ വിദേശത്തു ജോലി അടക്കം ചെയ്‌തെങ്കിലും ഡിയോള്‍ ഇതിനടെ ലഹരിയുടെ പുതുവഴികള്‍ തേടിയിരുന്നു. കൂട്ടത്തില്‍ ബുദ്ധിരാക്ഷസനായിരുന്നത് എഡിസനാണ്. വിദേശത്ത് ജോലി തേടിയ എഡിസന്‍ ഡാര്‍ക്ക് വെബ്ബില്‍ സ്വന്തം ലഹരി സാമ്രാജ്യം വളര്‍ത്തിയെടുത്തു. ആരാലും പിടിക്കപ്പെടില്ലെന്ന ബോധ്യത്തിലായിരുന്നു എഡിസന്റെ മുന്നോട്ടു പോക്ക്. എന്നാല്‍, അപ്രതീക്ഷിതമായി പിടിവീണു.
ലഹരി വില്‍പനയില്‍ കാര്യമായ പങ്കില്ലെങ്കിലും രാജ്യത്ത് പലയിടങ്ങളിലായി ജോലി ചെയ്യുന്ന മറ്റു ചില സഹപാഠികളും എന്‍സിബിയുടെ അന്വേഷണ പരിധിയിലുണ്ട്. ടെക്കികള്‍ അടക്കമുള്ളവര്‍ എഡിസന് പിടിവീണതോടെ അന്വേഷണ പരിധിയിലായി. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കണമെങ്കില്‍ പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ട്. പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായെന്നും തിങ്കളാഴ്ച ഇവരെ കസ്റ്റഡിയില്‍ ലഭിക്കുമെന്നാണ് കരുതുന്നതെന്നും എന്‍സിബി വൃത്തങ്ങള്‍ വ്യക്തമാക്കിയത്.
പാഞ്ചാലിമേടില്‍ റിസോര്‍ട്ടിന്റെ ഉടമകളായവരുടെ പങ്കിലേക്കും വിശദമായി അന്വേഷിക്കുന്നുണ്ട്. രണ്ടു കേസുകളായിട്ടാണ് എന്‍സിബി കേസുകള്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മൂവാറ്റുപുഴ സബ് ജയിലില്‍ കഴിയുന്ന എഡിസണ്‍, അരുണ്‍ എന്നിവര്‍ ഒരു കേസിലും കെ.വി.ഡിയോള്‍ , ഭാര്യ അഞ്ജു ഡേവിസ് എന്നിവര്‍ പ്രതികളായി മറ്റൊരു കേസുമാണ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഡിയോളിനൊപ്പം ചേര്‍ന്ന് ഓസ്‌ട്രേലിയയിലേക്ക് കെറ്റമിന്‍ അയയ്ക്കുന്നതില്‍ എഡിസനും പങ്കു ചേര്‍ന്നിരുന്നു. എന്നാല്‍, ഇതിന് ഡാര്‍ക്ക് വെബ്ബിന്റെ സഹായം ഉണ്ടായിരുന്നില്ല.
എന്നാല്‍ ഡിയോള്‍, അഞ്ജു എന്നിവരില്‍ നിന്ന് തന്റെ 'കെറ്റാമെലോണ്‍' ഇടപാട് എഡിസന്‍ മറച്ചുവച്ചു എന്നാണ് കരുതുന്നതെന്ന് എന്‍സിബി വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഇവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതോടെ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത കൈവരും. അഞ്ജുവിനെയും ഡിയോളിന്റെയും പേരു പറഞ്ഞ് ഇടപാടുകള്‍ നടത്തിയെങ്കിലും തന്റെ ഡാര്‍ക്ക് വെബ്ബിലെ ലഹരി കച്ചവടത്തെ കുറിച്ചുള്ള വിവരങ്ങള്‍ അറിവായിരുന്നില്ല.
അടുത്ത സുഹൃത്തുക്കള്‍ എന്ന നിലയില്‍ ഡിയോളിന്റെ റിസോര്‍ട്ടില്‍ എഡിസന്‍ കുടുംബ സമേതം എത്തിയിരുന്നു. ഈ റിസോര്‍ട്ടില്‍ ലഹരിപാര്‍ട്ടികള്‍ പതിവായിരുന്നു എന്നമാണ് സൂചന. എന്‍ജിനീയറിംഗില്‍ നിന്നും എഡിസനെ ലഹരി കച്ചവടതത്തിന്റെ സാധ്യതകള്‍ പരിചയപ്പെടുത്തിയത് ഡിയോളായിരുന്നു. ഡിയോള്‍ വിദേശത്തേക്ക് ലഹരി കടത്തി ലാഭമുണ്ടാക്കി കാണിക്കു കൊടുത്തു. എഡിസന്‍ ആകട്ടെ കോഡിംഗിലെ തന്റെ തല ഉപയോഗിച്ചു ഡാര്‍ക്ക് വെബ്ബില്‍ ഇടപാടുകള്‍ നടതത്തി. സങ്കീര്‍ണമായ പാസ്വര്‍ഡുകള്‍ അടക്കം ഓര്‍ത്തിരിക്കാന്‍ മിടുക്കനായിരുന്നു എഡിസന്‍.
2023ല്‍ കൊച്ചി ഫോറിന്‍ ഓഫിസില്‍ പിടിച്ചെടുത്ത കെറ്റമിനുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഡിയോളിലേക്കും ഭാര്യയിലേക്കും എന്‍സിബി സംഘത്തെ എത്തിച്ചത്. യാദൃച്ഛികമാണ് രണ്ടു കേസും ഒരുമിച്ചു വന്നതെങ്കിലും എഡിസനിലേക്ക് നീണ്ട അന്വേഷണം ഡിയോളിനെ കണ്ടെത്തുന്നതില്‍ സഹായിച്ചുവെന്ന് എന്‍സിബി വൃത്തങ്ങള്‍ വ്യക്തമാക്കി. ജൂണ്‍ 30നാണ് എഡിസണെ മൂവാറ്റുപുഴയിലെ വീട്ടില്‍ നിന്ന് എന്‍സിബി അറസ്റ്റ് ചെയ്യുന്നതും പിറ്റേന്ന് കോടതിയില്‍ ഹാജരാക്കുന്നതും. ഡിജിറ്റല്‍ തെളിവുകള്‍ അടക്കമുള്ള കാര്യങ്ങളാണ് കസ്റ്റഡി അപേക്ഷയ്ക്കായി സമര്‍പ്പിച്ചിട്ടുള്ളത്. കോടതി ഇതു പരിശോധിക്കുന്നതായാണ് തങ്ങള്‍ മനസിലാക്കുന്നതെന്നും തിങ്കളാഴ്ച തന്നെ ഇവരെ കസ്റ്റഡിയില്‍ ലഭിക്കുമെന്നാണ് കരുതുന്നതെന്നും എന്‍സിബി വൃത്തങ്ങള്‍ പറഞ്ഞു.
2023ല്‍ ഡല്‍ഹി കേന്ദ്രീകരിച്ചുള്ള 'സംബാദ' കാര്‍ട്ടലിനെ പൂട്ടിയതോടു കൂടി അവിടെ വന്ന ശൂന്യത മനസിലാക്കി എഡിസന്‍ സ്വയം ആ സ്ഥാനത്തേക്ക് അവരോധിക്കപ്പെടുകയായിരുന്നു എന്നാണ് എന്‍സിബി വൃത്തങ്ങള്‍ പറയുന്നത്. ഡല്‍ഹി കേന്ദ്രമാക്കിയുള്ള ആളെയും ജയ്പുര്‍ കേന്ദ്രീകരിച്ചുള്ള ആളെയും അറസ്റ്റ് ചെയ്തതോടെ ഇക്കൂട്ടത്തിലുണ്ടായിരുന്ന മൂന്നാമന്‍ ഈ മേഖലയില്‍ നിന്ന് പിന്മാറി.
ഇതോടെയാണ് എഡിസന്‍ സാധ്യതകള്‍ മനസിലാക്കിയതും ലഹരി ഇടപാടില്‍ കെറ്റാമെലാണ്‍ എന്ന ബ്രാന്‍ഡ് സൃഷ്ടിക്കുന്നതും. ഇത് പൂര്‍ണമായി ഡാര്‍ക്ക്‌നെറ്റ് കേന്ദ്രീകൃതമായിരുന്നു. ഓര്‍ഡര്‍ ചെയ്യുന്ന സാധനങ്ങള്‍ കൃത്യമായി കൃത്യ സമയത്ത് എത്തിച്ചു എന്നു മാത്രമല്ല, ഏതെങ്കിലും പാഴ്‌സലുകള്‍ നഷ്ടപ്പെട്ടാല്‍ അതിന് നഷ്ടപരിഹാരം കൊടുക്കുന്നത്ര കാര്യങ്ങള്‍ ചെയ്താണ് എഡിസണ്‍ ഡാര്‍ക്ക്‌നെറ്റ് ലഹരി ഇടപാടില്‍ തന്റെ വിശ്വാസ്യത ഊട്ടിയുറപ്പിച്ചത്.
എഡിസനൊപ്പം അറസ്റ്റിലായ അരുണ്‍ തോമസിനു ലഹരി ഇടപാടിലുള്ള പങ്കാളിത്തം സംബന്ധിച്ചും എന്‍സിബി കൂടുതല്‍ വിവരങ്ങള്‍ തേടുന്നുണ്ട്. നിലവില്‍ ലഹരി വില്‍പനയ്ക്കുള്ള കെപറിയര്‍ സര്‍വീസില്‍ പങ്കുവഹിച്ചു എന്നതാണ് അരുണിനെതിരായി എന്‍സിബി കണ്ടെത്തിയിട്ടുള്ള വിവരങ്ങള്‍. രാജ്യത്ത് പലയിടങ്ങളിലായി ജോലി ചെയ്തിരുന്ന എഡിസന്‍ നാട്ടിലേക്ക് പോരുന്നതിന് മുന്‍പ് ബെംഗളുരുവിലാണ് ഒടുവിലായി ജോലി ചെയ്തത്.
ഇതിനു ശേഷമായിരുന്നു ആലുവയില്‍ റസ്റ്ററന്റ് തുടങ്ങിയതും കോവിഡ് സമയത്ത് ഇതു പൂട്ടിയതും. പിന്നാലെ വീട് കേന്ദ്രീകരിച്ച് എല്‍എസ്ഡി, കെറ്റമിന്‍ വില്‍പനയിലേക്ക് തിരിയുകയായിരുന്നു. അതേസമയം രണ്ടു വര്‍ഷത്തിനിടയില്‍ ആറായിരത്തോളം ലഹരി ഇടപാടുകള്‍ എഡിസന്‍ നടത്തിയിട്ടുണ്ടെന്നാണ് എന്‍സിബി വെളിപ്പെടുത്തിയത്. തെളിവുകളൊന്നും അവശേഷിപ്പിക്കാത്ത മൊനേരൊ ക്രിപ്റ്റോ കറന്‍സി വഴിയായിരുന്നു എഡിസന്റെ ഇടപാടുകള്‍.
യുകെയിലെ ലഹരി സിന്‍ഡിക്കറ്റില്‍നിന്ന് എത്തുന്ന എല്‍എസ്ഡിയും കെറ്റാമിനും പോസ്റ്റല്‍ വഴി സ്വീകരിച്ച് ആവശ്യക്കാര്‍ക്ക് പോസ്റ്റല്‍ വഴി തന്നെ വിതരണം ചെയ്യുന്നതായിരുന്നു രീതി. എഡിസന്റെ പത്തോളം അക്കൗണ്ടുകളാണ് എന്‍സിബി പരിശോധിക്കുന്നത്. പത്തു കോടിയോളം രൂപ ഇക്കാലത്തിനിടയില്‍ ലഹരി വില്‍പനയിലൂടെ എഡിസന്‍ സമ്പാദിച്ചിട്ടുണ്ടെന്നാണ് വിവരം. വീട്ടില്‍ നടത്തിയ റെയ്ഡില്‍ 70 ലക്ഷം രൂപയുടെ ക്രിപ്റ്റോ കറന്‍സിയും 35 ലക്ഷം രൂപ വിലവരുന്ന 847 എല്‍എസ്ഡി സ്റ്റാമ്പുകളും 131.66 ഗ്രാം കെറ്റാമിനും എന്‍സിബി പിടിച്ചെടുത്തിരുന്നു.
അതിനു തലേന്ന് കൊച്ചി ഫോറിന്‍ പോസ്റ്റ് ഓഫിസില്‍ എഡിസന്റെ പേരിലെത്തിയ പാഴ്സലില്‍ നിന്ന് 280 എല്‍എസ്ഡി സ്റ്റാംപുകളും പിടികൂടിയിരുന്നു. ഇക്കാലത്തിനിടയില്‍ സമ്പാദിച്ച പണം എന്തു ചെയ്തു എന്നതും എന്‍സിബി അന്വേഷിക്കുന്നുണ്ട്. മൂവാറ്റുപുഴയില്‍ എഡിസന്റെ പേരിലുള്ള സ്ഥലത്ത് വലിയ ബഹുനില ഷോപ്പിങ് കോംപ്ലക്സ് നിര്‍മാണം നടക്കുന്നുണ്ട്. ലഹരി ഇടപാടിലൂടെ ലഭിച്ച പണം ഇതിനു മുടക്കിയിട്ടുണ്ടോ, മറ്റ് എവിടെയൊക്കെ നിക്ഷേപിച്ചു തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണത്തില വരും.
കുടുംബപരമായി സാമ്പത്തികമായി മെച്ചപ്പെട്ടവരാണ് ഇവര്‍. അതുകൊണ്ട് തന്നെ ഇത്തരമൊരു ഇടപാടിലെ പണം എഡിസന്‍ ഇന്‍വെസ്റ്റ് ചെയ്യാന്‍ സാധ്യത കുറവാണ്. ലഹരി ഇടപാട് വിപുലമാക്കാന്‍ ലഹരിയില്‍ നിന്നും ലഭിച്ച പണം ഉപയോഗിച്ചിരിക്കാം എന്നാണ് കണക്കുകൂട്ടല്‍. ഇതിന്റെ വിവരങ്ങല്‍ അടക്കം തേടിയാകും എന്‍സിബി കൂടുതല്‍ ചോദ്യം ചെയ്യലിന് തയ്യാറാകുന്നത്. എഡിസന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത് ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ വിശദമായ പരിശോധനുയം നിര്‍ണായകമാകും.