വൈദികരും ഡോക്ടര്‍മാരുമുള്ള വലിയ സാമ്പത്തിക ചുറ്റുപാടുള്ള കുടുംബത്തിലെ അംഗം; ബന്ധുക്കളില്‍ പലരും യുകെയിലും അമേരിക്കയിലും ഓസ്‌ട്രേലിയയിലും; ശാസ്ത്രജ്ഞന്റെ പേരുള്ള ബിടെക് ബിരുദധാരി; നാട്ടിലെ പഞ്ചപാവം ഡാര്‍ക്ക് നെറ്റിലെ 'ലഹരി ഡോണ്‍' ആയി; എഡിസനും കെറ്റാമെലോനും സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും കരകയറാതെ മൂവാറ്റുപുഴയിലെ കുടുംബം; കരഞ്ഞു തളര്‍ന്ന് ഭാര്യയും മക്കളും
വൈദികരും ഡോക്ടര്‍മാരുമുള്ള വലിയ സാമ്പത്തിക ചുറ്റുപാടുള്ള കുടുംബത്തിലെ അംഗം
കൊച്ചി: കുടുംബങ്ങളിലേക്ക് ലഹരി എത്തുന്നതില്‍ ജാഗ്രത വേണമെന്ന മതബോധനങ്ങള്‍ അടുത്തകാലത്ത് കര്യമായി തന്നെ കേരളത്തില്‍ നടന്നിട്ടുണ്ട്. എന്നിട്ടും നമ്മുടെ നിത്യജീവിതത്തില്‍ നമുക്ക് ചിന്തിക്കാന്‍ കഴിയാത്ത വഴികളില്‍ ലഹരി എത്തിച്ചേരുന്നു. ആ ലഹരിയുടെ ആഴം തങ്ങളിലേക്ക് എത്തിയിട്ടുണ്ടെന്ന് അറിയുമ്പോള്‍ എല്ലാം വൈകിയിരിക്കും. അത്തരമൊരു വന്‍ വീഴ്ച്ചയാണ് മൂവാറ്റുപുഴയിലെ എഡിസന്‍ ഡാര്‍ക്ക് വെബ്ബിലെ ലഹരി വില്‍പ്പയുടെ പേരില്‍ അറസ്റ്റിലാകുമ്പോള്‍ സംഭവിച്ചത്.
നാട്ടിലും വീട്ടിലും പഞ്ചപാവമായിരുന്ന എഡിനന്‍ എന്നാല്‍, ഡാര്‍ക്ക് വെബ്ബിലെ ലഹരി ഡോണായിരുന്നു. ഇത് അറിഞ്ഞത് നാര്‍ക്കോടിക് കണ്‍ട്രോണ്‍ ബ്യൂറോക്കാര്‍ വീട്ടിലെത്തിയപ്പോഴാണ്. എഡിസന്റെ ബന്ധങ്ങളിലേക്ക് എന്‍സിബി അന്വേഷണം കടക്കുമ്പോള്‍ പുറത്തുവന്ന് ഡാര്‍ക്ക് വെബ്ബിലെ ലഹരിയുടെ വന്‍ വഴികളാണ്. സാധുവായി നടന്ന മകന്‍ ലഹരി ഇടപാടുകാരനാണെന്ന് അറിഞ്ഞ് വലിയ ആഘാതത്തിലാണ് കുടുംബം. ഭാര്യയും മക്കളും കരഞ്ഞു തളര്‍ന്ന അവസ്ഥിലാണ്. പുറമേ യാതൊരു വിധത്തിലും സ്വഭാവദൂഷ്യം ഇല്ലായിരുന്ന വ്യക്തിയായിരുന്നു എഡിസന്‍.
എന്നാല്‍ പേര് വിഖ്യാത ശാസ്ത്രജ്ഞന്റേതെങ്കിലും മുവാറ്റുപുഴക്കാരന്‍ എഡിസന്‍ ബാബുവിന്റെ ഗവേഷണമത്രയും ലോകവ്യാപക ലഹരിയിടപാടുകളെ കുറിച്ചായിരുന്നു. അമേരിക്കയില്‍ അടക്കം ജോലി ചെയ്ത പ്രാഗത്ഭ്യമായിരുന്നു എഡിസന്റേത്. ബിടെക് ബിരുദധാരിയായ എഡിസന്‍ കോവിഡിന് ശേഷമാണ് ഡാര്‍ക് വെബ് ലഹരിവ്യാപാരത്തിന്റെ അനന്തസാധ്യതകളെ കുറിച്ച് അന്വേഷണം ആരംഭിച്ചത്. രണ്ട് വര്‍ഷംകൊണ്ട് ലോകത്തിലെ തന്നെ എണ്ണപ്പെട്ട ഓണ്‍ലൈന്‍ ലഹരിയിടപാടുകാരനായി കെറ്റമെലോണ്‍ എന്ന അപരനാമത്തില്‍ എഡിസന്‍ മാറി.
ഡാര്‍ക് വെബിലെ എഡിസന്റെ കെറ്റമെലോണ്‍ വെബ്‌സൈറ്റ് വഴിയാണ് ഇടപാടുകാരെ കണ്ടെത്തിയത്. നാട്ടിലെ ലഹരിമാഫിയ സംഘങ്ങള്‍ എംഡിഎംഎയും കൊക്കെയിനിനും പിന്നാലെ പാഞ്ഞപ്പോള്‍ എഡിസന്റെ ഇടപാടുകള്‍ ഇന്റര്‍നാഷനലായി. എല്‍എസ് ഡിയും റേപ്പ് ഡ്രഗ് എന്നറിയപ്പെടുന്ന കെറ്റമീനിന്റെയും വിതരണമാണ് എഡിസന്‍ ഏറ്റെടുത്തത്. മൂവാറ്റുപുഴയിലെ വീട് കേന്ദ്രീകരിച്ച് നടന്ന രാജ്യാന്തര ലഹരിയിടപാടുകളെ കുറിച്ച് നാട്ടുകാര്‍ അറിയുന്നതും എന്‍സിബിയുടെ അറസ്റ്റോടെയാണ്.
വലിയ സാമ്പത്തിചുറ്റുപാടുള്ള കുടുംബത്തിലെ അംഗമാണ് എഡിസന്‍ ബാബു. കുടുംബത്തില്‍ പലരും യുകെയിലും അമേരിക്കയിലും ഓസ്‌ട്രേലിയയിലുമായി ജോലിചെയ്യുന്നവരാണ്. ഭാര്യയും മകളും അടങ്ങുന്നതാണ് എഡിസന്റെ കുടുംബം. മൂവാറ്റുപുഴയിലെ വീട്ടിലെ ഒരു മുറിയായിരുന്നു എഡിസന്റെ ലഹരി ഗവേഷണ കേന്ദ്രം. ഇതൊന്നും വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. അപ്രതീക്ഷിതമായി ഉദ്യോഗസ്ഥര്‍ വീട്ടിലേക്ക് എത്തിയപ്പോള്‍ ആ കുടുംബം ആകെ തകര്‍ന്ന അവസ്ഥയിലായി. ഉദ്യോഗസ്ഥര്‍ പലതും പറഞ്ഞ് ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അതൊന്നും കുടുംബത്തിന് താങ്ങാവുന്നത് ആയിരുന്നില്ല.
സഹായിയായി സഹപാഠിയും സുഹൃത്തുമായ അരുണും. യുകെയില്‍ നിന്ന് എല്‍എസ്ഡിയും കെറ്റമീനും വരുത്തി വീട്ടില്‍ സൂക്ഷിക്കും. ഡാര്‍ക് വെബിലൂടെ ബന്ധപ്പെടുന്ന ആവശ്യകാര്‍ക്ക് പാഴ്‌സല്‍ വഴി വിതരണം. പതിനാല് മാസത്തിനിടെ 600 ലേറെ ലഹരി പാഴ്‌സലുകളാണ് എഡിസന്‍ വിവിധ രാജ്യങ്ങളിലേക്കടക്കം അയച്ചത്. ഓണ്‍ലൈന്‍ ട്രെഡിങ് ഇടപാടുകളെന്നാണ് എഡിസന്‍ ബാബു കുടുംബത്തോട് പറഞ്ഞിരുന്നത്.
ഡാര്‍ക്ക് നെറ്റ് വഴിയുള്ള ലഹരി ഇടപാട് കേസില്‍ എഡിസനെയും കൂട്ടുപ്രതി അരുണ്‍ തോമസിനെയും ചോദ്യംചെയ്യാന്‍ തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങാനൊരുങ്ങി നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി). ഇവര്‍ പാഴ്സല്‍വഴിയാണ് ഇടപാടുകാര്‍ക്ക് ലഹരിയെത്തിച്ചത്. ചില ഇടനിലക്കാരുടെ സഹായവും തേടിയിരുന്നു. ഇവരെ കണ്ടെത്താനും ശ്രമംതുടങ്ങിയിട്ടുണ്ട്. ഒരുകോടിരൂപ മൂല്യമുള്ള ക്രിപ്റ്റോ കറന്‍സി എഡിസന്റെ പക്കല്‍നിന്ന് കണ്ടെത്തിയിരുന്നു. ഇരുവരും ചേര്‍ന്ന് ഒന്നരവര്‍ഷത്തിനിടെ 700-ലധികം ഇടപാടുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയതായും വ്യക്തമായി. ലഹരിവില്‍പ്പനയിലൂടെ എഡിസന്‍ സമ്പാദിച്ച കോടികള്‍ എവിടെയെന്ന ചോദ്യവും ഉയരുന്നുണ്ട്.
കൂട്ടാളികളായ ദമ്പതികളെയും എഡിസണ്‍ വഞ്ചിച്ചു
പീരുമേട് പാഞ്ചാലിമേട്ടിലെ റിസോര്‍ട്ട് ഉടമകളായ ഡിയോള്‍, ഭാര്യ അഞ്ജു എന്നിവരുടെ അറസ്റ്റ് 2023-ലെ ലഹരിക്കടത്ത് കേസുമായി ബന്ധപ്പെട്ടതെന്ന് എന്‍സിബി. 2023-ല്‍ കൊച്ചിയില്‍ പിടികൂടിയ ലഹരിപാഴ്‌സലുമായി ബന്ധപ്പെട്ട അന്വേഷണമാണ് ദമ്പതിമാരിലേക്കു എത്തിയത്. വ്യാജ മേല്‍വിലാസവും വിവരങ്ങളുമാണ് അന്ന് പാഴ്‌സല്‍ അയക്കാനായി നല്‍കിയിരുന്നത്. അന്നുമുതല്‍ തുടങ്ങിയ അന്വേഷണം ഒന്നരവര്‍ഷത്തിനുശേഷം ദമ്പതിമാരില്‍ എത്തുകയായിരുന്നു.
2019-മുതല്‍ ഡിയോളിന്റെ നേതൃത്വത്തില്‍ കെറ്റമീന്‍ ഓസ്‌ട്രേലിയയിലേക്ക് അയക്കുന്നുണ്ടെന്നാണ് എന്‍സിബിയുടെ കണ്ടെത്തല്‍. 'കെറ്റമെലോണ്‍' ഡാര്‍ക് നെറ്റ് ലഹരിശൃംഖലയുടെ ബുദ്ധികേന്ദ്രമായ എഡിസന്‍ ബാബുവിന്റെ സുഹൃത്താണ് ഡിയോള്‍. എന്നാല്‍, ദമ്പതിമാര്‍ക്ക് കെറ്റമെലോണ്‍ എന്ന ഡാര്‍ക്ക് നെറ്റ് ശൃംഖലയുമായി ബന്ധമില്ലെന്നും ഇവര്‍ നേരിട്ടുള്ള ഇടപാടുകളാണ് നടത്തിയതെന്നും എന്‍സിബി വ്യക്തമാക്കി.
2021-ലാണ് ഡിയോളും അഞ്ജുവും പാഞ്ചാലിമേട്ടിലെത്തുന്നത്. 2023-ല്‍ ഹോംസ്റ്റേ റിസോര്‍ട്ടാക്കി മാറ്റി. ഇരുവരും ഇപ്പോള്‍ റിമാന്‍ഡിലാണ്. ഇരുവരെയും കസ്റ്റഡിയില്‍വാങ്ങി ചോദ്യംചെയ്യും. ഡിയോള്‍, അഞ്ജു എന്നിവര്‍ അറിയാതെയും അവരുടെപേരില്‍ എഡിസന്‍ ലഹരിമരുന്ന് അയച്ചതായും എന്‍സിബി സംശയിക്കുന്നുണ്ട്.
ഡാര്‍ക്ക്‌നെറ്റ് ശൃംഖല വഴി കോഡ് ഭാഷയിലാണ് എഡിസന്‍ ആശയവിനിമയം നടത്തിയിരുന്നത്. ഇത് ഡീകോഡ് ചെയ്യേണ്ടതുണ്ട്. ലാപ്ടോപ് ഉള്‍പ്പെടെ ഒട്ടേറെ ഉപകരണങ്ങള്‍ ഇയാളില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ആഗോള ലഹരിമരുന്ന് ശൃംഖലകളെ പൂട്ടാന്‍ രാജ്യത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. എഡിസനില്‍നിന്ന് ലഹരിവാങ്ങിയ ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ളവരുടെ വീടുകളില്‍ പരിശോധന തുടരുകയാണ്.