'ഇറാനിലെ 48 ഉന്നത നേതാക്കളെ വധിച്ചു; അവരുടെ മിസൈല്‍ ശേഖരവും തകര്‍ത്തു; ഇനി ചര്‍ച്ചയാകാമെന്ന് ഞാന്‍ സമ്മതിച്ചു, ഇറാനും സന്നദ്ധത അറിയിച്ച'തായി ട്രംപിന്റെ അവകാശവാദം; ചര്‍ച്ചക്ക് ഒമാന്‍ മധ്യസ്ഥത വഹിച്ചേക്കും; പശ്ചിമേഷ്യയില്‍ മിസൈലുകള്‍ തലങ്ങും വിലങ്ങും ചീറിപ്പായവേ സമാധാന പ്രതീക്ഷയായി യുഎസ് പ്രസിഡന്റിന്റെ വാക്കുകള്‍

'ഇറാനിലെ 48 ഉന്നത നേതാക്കളെ വധിച്ചു; അവരുടെ മിസൈല്‍ ശേഖരവും തകര്‍ത്തു

Update: 2026-03-01 17:48 GMT

വാഷ്ടിംഗ്ടണ്‍: ഇറാന്‍- യുഎസ് സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ സമാധാന ചര്‍ച്ചകള്‍ക്ക് ഇറാന്‍ സന്നദ്ധത അറിയിച്ചതായി ഒമാന്‍. ഇത് സംബന്ധിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചിയുമായി ഒമാന്‍ വിദേശകാര്യ മന്ത്രി ആശയവിനിമയം നടത്തി. മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് നേതൃത്വം ഒമാന്‍ നേതൃത്വം നല്‍കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

അതേസമയം, ഇറാനിലെ പുതിയ നേതൃത്വവുമായി സംസാരിക്കാന്‍ തയ്യാറെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും അറിയിച്ചു. ചര്‍ച്ച വേണമെന്ന് ഇറാന്‍ താല്‍പര്യം പ്രകടിപ്പിച്ചതായും ട്രംപ് വ്യക്തമാക്കി. ഇറാന്‍ ഇത് നേരത്തെ ചെയ്യണമായിരുന്നുവെന്നും ട്രംപ് പറഞ്ഞു. ഇസ്രയേലുമായി ചേര്‍ന്ന് ഇറാനില്‍ നടത്തിയ സംയുക്ത ആക്രമണത്തില്‍ ഇറാനിലെ 48 ഉന്നത നേതാക്കളെ വധിച്ചതായി ട്രംപ് അറിയിച്ചു. ഇറാന്റെ മിസൈല്‍ ശേഖരവും തകര്‍ത്തതായി ട്രംപ് അവകാശപ്പെട്ടു.

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി ഉള്‍പ്പെടെയുള്ള ഇറാന്‍ ഭരണകൂടത്തിന്റെ തലപ്പത്തുള്ളവര്‍ ഒരൊറ്റ നീക്കത്തിലൂടെ ഇല്ലാതായതായെന്നാണ് ട്രംപ് അവകാശപ്പെട്ടത്. എന്നാല്‍, അതിരൂക്ഷമായ ഈ സംഘര്‍ഷത്തിനിടയിലും സമാധാനത്തിന്റെ സൂചനകളും ട്രംപ് പുറത്തുവിട്ടു. ഇറാനുമായുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്ന സൂചനയാണ് ട്രംപ് നല്‍കിയിത്. ഒമാന്‍ വിദേശകാര്യ മന്ത്രിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍, പശ്ചിമേഷ്യന്‍ പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ തയ്യാറാണെന്ന് ഇറാന്‍ അറിയിച്ചെന്നും ഇതിന് പിന്നാലെ താനും ചര്‍ച്ചകള്‍ക്ക് സന്നദ്ധനാണെന്ന് അറിയിച്ചതായും യു എസ് പ്രസിഡന്റ് വ്യക്തമാക്കി. മേഖലയില്‍ സമാധാനം കൊണ്ടുവരികയാണ് തന്റെ ലക്ഷ്യമെന്നും ട്രംപ് വ്യക്തമാക്കി. ഇതോടെ വലിയ യുദ്ധഭീതിക്ക് നയതന്ത്രപരമായ അന്ത്യമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ലോകം

ഇറാന് നേരെയുള്ള ഇസ്രായേല്‍ -യു.എസ് ആക്രമണം പ്രതീക്ഷിച്ചതിനേക്കാള്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചതോടെ സമാധാന ചര്‍ച്ചക്ക് സന്നദ്ധമാണെന്ന് വ്യക്തമാക്കി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനിലെ പുതിയ നേതൃത്വം തന്റെ ഭരണകൂടവുമായി സംസാരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അതിന് താനും ഒരുക്കമാണെന്നും ട്രംപ് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

''അവര്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നു, ഞാനും സംസാരിക്കാന്‍ സമ്മതിച്ചു. അതിനാല്‍ ഞാന്‍ അവരുമായി സംസാരിക്കും'' -ട്രംപ് പറഞ്ഞതായി ദി അറ്റ്‌ലാന്റിക് മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തു. ''അവര്‍ അത് നേരത്തെ ചെയ്യണമായിരുന്നു. വളരെ പ്രായോഗികവും ചെയ്യാന്‍ എളുപ്പവുമായത് നേരത്തെ ചെയ്യാമായിരുന്നു. ഏറെ നേരം കാത്തിരുന്നു'' ട്രംപ് കൂട്ടിച്ചേര്‍ത്തു. അതേസമയം, ചര്‍ച്ച എപ്പോള്‍ നടക്കുമെന്ന് വ്യക്തമല്ല.

അതിനിടെ ഖമേനിയുടെ മരണത്തിന് പിന്നാലെ ആക്രമണം രൂക്ഷമാക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയ ഇറാന്‍ ലക്ഷ്യമിടുന്നത് അമേരിക്കയെ ആണെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രി അബ്ബാസ് അരഗ്ച്ചി. സഹോദരങ്ങളെയല്ല ആക്രമിക്കുന്നത്, അമേരിക്കയെയാണെന്നു പറഞ്ഞ അബ്ബാസ് അരഗ്ച്ചി അമേരിക്ക നടത്തിയ ആക്രമണങ്ങളോടുള്ള പ്രതികാരമാണ് ഇറാന്‍ നടത്തുന്നതെന്നും വ്യക്തമാക്കി.

അമേരിക്കന്‍ സൈന്യം ആക്രമിക്കുകയാണ്, നമുക്ക് സ്വയം പ്രതിരോധിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ല. ഇത് അമേരിക്കയും ഇസ്രായേലും അടിച്ചേല്‍പ്പിക്കുന്ന യുദ്ധമാണ്. യുദ്ധം നിര്‍ത്താന്‍ ഇറാനു മേല്‍ സമ്മര്‍ദം ചെലുത്തരുത്. യുദ്ധം നിര്‍ത്താന്‍ സമ്മര്‍ദം ചെലുത്തേണ്ടത് അമേരിക്കയ്ക്കും, ഇസ്രയേലിനു മേലുമാണെന്നും അബ്ബാസ് അരഗ്ച്ചി അറിയിച്ചു. ഇറാന്‍ ആക്രമണങ്ങളെ സൈനിക ലക്ഷ്യങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്കയ്ക്കും ഇസ്രയേലിനും അവരുടെ ലക്ഷ്യം കൈവരിക്കാന്‍ കഴിയില്ലെന്നും യുദ്ധത്തില്‍ നിന്നും ഒരു നേട്ടവും ലഭിക്കില്ലെന്നും അവര്‍ അബ്ബാസ് പറഞ്ഞു. ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാന്‍ ഉദ്ദേശ്യമില്ലെന്നും പരമോന്നത നേതാവിനെ ദിവസങ്ങള്‍ക്കുള്ളില്‍ തെരഞ്ഞെടുക്കുമെന്നും അബ്ബാസ് അരഗ്ച്ചി വ്യക്തമാക്കി.

പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല ഖാംനഈയുടെ കൊലപാതകികള്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ നല്‍കുമെന്നും ഇറാന്റെ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ ആക്രമണം ഏതുനിമിഷവും ആരംഭിക്കുമെന്നും ഇറാന്‍ റവലൂഷനറി ഗാര്‍ഡ്‌സ് സമൂഹ മാധ്യമത്തില്‍ കുറിച്ചിരുന്നു. അമേരിക്കയും ഇസ്രായേലും ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു ശക്തി ഉപയോഗിച്ച് അവരെ ആക്രമിക്കുമെന്നും ഇറാന്‍ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് മുന്‍ സൈനിക ഉദ്യോഗസ്ഥനും സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറിയുമായ അലി ലാരിജാനി നേരത്തെ മുന്നറിയിപ്പ് നല്‍കി. 'ഇന്നലെ അമേരിക്കയിലും ഇസ്രായേലിലും ഇറാന്റെ മിസൈലുകള്‍ വര്‍ഷിച്ചു, അവര്‍ക്ക് നാശനഷ്ടം നേരിട്ടു. അവര്‍ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു ശക്തി ഉപയോഗിച്ച് ഇന്ന് നമ്മള്‍ അവരെ ആക്രമിക്കും' -അദ്ദേഹം എക്‌സില്‍ കുറിച്ചു.

ഇറാനെതിരായ യു.എസ്-ഇസ്രായേല്‍ ആക്രമണത്തെ അപലപിച്ചും അനുകൂലിച്ചും ലോക രാജ്യങ്ങള്‍ രംഗത്തെത്തി. ആക്രമണത്തെ ഇറാന്റെ സഖ്യകക്ഷികൂടിയായ റഷ്യ ശക്തമായ ഭാഷയില്‍ അപലപിച്ചു. ഐക്യരാഷ്ട്രസഭ അംഗമായ പരമാധികാര, സ്വതന്ത്ര രാജ്യത്തിനെതിരെ മുന്‍കൂട്ടി ആസൂത്രണം ചെയ്ത പ്രകോപനമില്ലാത്ത സായുധ ആക്രമണമാണിതെന്ന് വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. ആണവ പദ്ധതിയില്‍ ആശങ്കയുണ്ടെന്ന് വാദിച്ച് ഇറാനിലെ ഭരണം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ് യു.എസും ഇസ്രായേലുമെന്ന് മന്ത്രാലയം തുറന്നടിച്ചു.

ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ കൊലപാതകത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ അഗാധ ദുഃഖം രേഖപ്പെടുത്തി. എല്ലാ മാനുഷിക മൂല്യങ്ങളുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും ലംഘനമാണ് കൊലപാതകമെന്നും അദ്ദേഹം വിമര്‍ശിച്ചു. ആക്രമണത്തില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച ചൈന, സൈനിക നടപടി അടിയന്തരമായി അവസാനിപ്പിച്ച് ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടു. ഇറാന്റെ പരമാധികാരവും സുരക്ഷയും അഖണ്ഡതയും മാനിക്കണമെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

അതേസമയം, യു.എസുമായി വ്യാപാര തര്‍ക്കങ്ങള്‍ അടക്കം നിലനില്‍ക്കെ ആക്രമണത്തെ പിന്തുണച്ച് കാനഡ രംഗത്തെത്തി. പശ്ചിമേഷ്യയിലെ അസ്ഥിരതയുടെയും ഭീകരതയുടെയും പ്രധാന ഉറവിടം ഇറാനാണെന്ന് കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ആരോപിച്ചു. ആക്രമണത്തെ അപലപിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മറും തിരിച്ചടിയില്‍നിന്ന് ഇറാന്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ടു. യുദ്ധത്തില്‍ തങ്ങള്‍ക്ക് പങ്കില്ല. ഇറാനുമായി ചര്‍ച്ച പുനരാരംഭിക്കണം. ചര്‍ച്ചയിലൂടെ ഒത്തുതീര്‍പ്പുണ്ടാക്കുന്നതിനെയാണ് തങ്ങള്‍ അനുകൂലിക്കുന്നത്. ഭാവി തീരുമാനിക്കാനുള്ള അവകാശം ഇറാന്‍ ജനതക്ക് വിട്ടുനല്‍കണമെന്നും ഇരുവരും നിര്‍ദേശിച്ചു.

അതേസമയം, ഇറാന്റെ പ്രത്യാക്രമണത്തെ ഞായറാഴ്ച ബ്രിട്ടീഷ് പ്രതിരോധ മന്ത്രി ജോണ്‍ ഹീലി രൂക്ഷമായി വിമര്‍ശിച്ചു. ഇറാന്‍ വിവേചനരഹിതമായി വ്യാപക ആക്രമണമാണ് നടത്തുന്നത്. ആയത്തുല്ല ഖാംനഈ നടത്തിവന്നത് ഒരു ഭരണകൂടമാണെന്ന് തെറ്റിദ്ധരിക്കരുത്. പതിറ്റാണ്ടുകളായി സ്വന്തം പൗരന്മാരെ കൊന്നൊടുക്കുകയും ബ്രിട്ടനുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കെതിരെ ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്ത തിന്മയുടെ ഉറവിടമാണതെന്നും ഹീലി ആരോപിച്ചു.

അതിനിടെ, സമാധാനത്തിനായി വാദിക്കുകയും സ്ഥിരതക്കായി പരിശ്രമിക്കുകയും ചെയ്യുന്ന രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള നഗ്‌നമായ ലംഘനമാണ് ഇറാന്റെ ആക്രമണമെന്ന് 22 രാജ്യങ്ങളുടെ കൂട്ടായ്മയായ അറബ് ലീഗ് വിമര്‍ശിച്ചു. കുവൈത്ത്, ബഹ്റൈന്‍, ഖത്തര്‍, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലെ യു.എസ് സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ടുള്ള ഇറാന്‍ ആക്രമണങ്ങളെ മൊറോക്കോയും ജോര്‍ഡനും സിറിയയും യു.എ.ഇയും അപലപിച്ചു. ഇറാന്റെ വഞ്ചനാപരമായ ആക്രമണം പരമാധികാരത്തിന്റെ നഗ്‌നമായ ലംഘനമാണെന്ന് സൗദി അറേബ്യയും തുറന്നടിച്ചു.

ഇറാനുമായുള്ള ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ച ഒമാന്‍, യു.എസ് ആക്രമണത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെയും സമാധാനപരമായ മാര്‍ഗങ്ങളിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കുക എന്ന തത്ത്വത്തിന്റെയും ലംഘനമാണ് യു.എസ് നടപടിയെന്നും ഒമാന്‍ കുറ്റപ്പെടുത്തി. യു.എസ് ആക്രമണത്തെ പിന്തുണക്കാന്‍ വിസമ്മതിച്ച ന്യൂസിലന്‍ഡ്, ഇറാന്റെ ഭീഷണി അവസാനിപ്പിക്കാന്‍ ആക്രമണത്തിന് കഴിയുമെന്ന് വ്യക്തമാക്കി.

ഒരു സര്‍ക്കാറിന്റെ നിയമസാധുത രാജ്യത്തെ ജനങ്ങളാണ് തീരുമാനിക്കേണ്ടത്. ഇറാന്‍ ഭരണകൂടത്തിനുള്ള ജനപിന്തുണ വളരെ മുമ്പുതന്നെ നഷ്ടപ്പെട്ടെന്നും ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്‌സണും വിദേശകാര്യ മന്ത്രി വിന്‍സ്റ്റണ്‍ പീറ്റേഴ്സും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

ഇറാന്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ ലക്ഷ്യമിട്ട് യു.എസും ഇസ്രായേലും ആരംഭിച്ച സൈനിക നീക്കത്തിനിടെ ഇറാന്‍ ഇസ്‌ലാമിക് റിപ്പബ്ലിക്കിന്റെ പരമോന്നത നേതാവുമായ ആയത്തുല്ല അലി ഖാംനഈ ശനിയാഴ്ച പുലര്‍ച്ചെ കൊല്ലപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ഓഫിസില്‍ നടന്ന ആക്രമണത്തില്‍ ദേശീയ പ്രതിരോധ കൗണ്‍സില്‍ മേധാവി അലി ശംഖാനി, ഇറാന്‍ പ്രതിരോധ മന്ത്രി അസീസ് നസീര്‍സാദ, ഐ.ആര്‍.ജി.സി തലവന്‍ മുഹമ്മദ് പാക്പൂര്‍ എന്നിവരും ഖാംനഈയുടെ മകള്‍, മരുമകന്‍, ചെറുമകന്‍ എന്നിവരുമടക്കം 40 പേര്‍ കൊല്ലപ്പെട്ടതായി ഞായറാഴ്ച ഇറാന്‍ സ്ഥിരീകരിച്ചു.

Tags:    

Similar News