ഇറാനെ ചുട്ടുകളയാന്‍ ട്രംപിന്റെ പടയൊരുക്കം; ഖത്തറിലെ താവളങ്ങളില്‍ നിന്ന് യുഎസ് സൈനികരെ മാറ്റി; വിമാനവാഹിനി കപ്പലുകളും എഫ്-35 ജെറ്റുകളും അതിര്‍ത്തിയില്‍; ഖമേനിയുടെ ആണവ ഭ്രാന്തിന് അന്ത്യമിടാന്‍ ഒരുമ്പെട്ടിറങ്ങുന്നു; 'ആക്രമണം ആഴ്ചകള്‍ക്കുള്ളില്‍' എന്ന് ട്രംപിന്റെ അടുത്ത അനുയായി ലിന്‍ഡ്സി ഗ്രഹാം; എണ്ണവില കുതിക്കുന്നു; ഹോര്‍മുസ് കടലിടുക്കില്‍ ഭീതി

ഇറാനെ ചുട്ടുകളയാന്‍ ട്രംപിന്റെ പടയൊരുക്കം

Update: 2026-02-22 17:03 GMT

ദോഹ/വാഷിംഗ്ടണ്‍: ഇറാന്‍ ആണവായുധം വികസിപ്പിക്കുന്നുവെന്ന ആശങ്കയ്ക്കിടെ പശ്ചിമേഷ്യയില്‍ യുദ്ധസമാനമായ സാഹചര്യമൊരുക്കി അമേരിക്ക. ഖത്തറിലെ പ്രധാന സൈനിക താവളമായ അല്‍ ഉദൈദില്‍ (Al Udeid Air Base) നിന്നും നൂറുകണക്കിന് സൈനികരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ട്. ഇറാനെതിരെയുള്ള വ്യോമാക്രമണത്തിന് മുന്നോടിയായുള്ള നീക്കമാണിതെന്ന് പ്രതിരോധ വിദഗ്ധര്‍ വിലയിരുത്തുന്നു.

കടലിലും കരയിലും വന്‍ പടയൊരുക്കം

ഇറാനെ നേരിടാന്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ അമേരിക്ക വമ്പന്‍ ആയുധശേഖരമാണ് എത്തിച്ചിരിക്കുന്നത്. യുഎസ്എസ് ജെറാള്‍ഡ് ഫോര്‍ഡ് (USS Gerald Ford), യുഎസ്എസ് അബ്രഹാം ലിങ്കണ്‍ (USS Abraham Lincoln) എന്നീ വിമാനവാഹിനി കപ്പലുകളും അവയുടെ സ്ട്രൈക്ക് ഗ്രൂപ്പുകളും ഇറാന്‍ അതിര്‍ത്തിക്കടുത്ത് നിലയുറപ്പിച്ചു. ജോര്‍ദാനിലെ മുവാഫാക്ക് സാള്‍ട്ടി (Muwaffaq Salti) താവളത്തില്‍ 60 വിമാനങ്ങളും 68 കാര്‍ഗോ വിമാനങ്ങളും എഫ്-35 സ്റ്റെല്‍ത്ത് ജെറ്റുകളും പുതിയ വ്യോമ പ്രതിരോധ സംവിധാനങ്ങളും ഏകദേശം 35,000 സൈനികരെയുമാണ് പുതിയതായി വിന്യസിച്ചിരിക്കുന്നത്.

ചര്‍ച്ചകള്‍ പാളി; ആക്രമണം അനിവാര്യമോ?

കഴിഞ്ഞയാഴ്ച ജനീവയില്‍ നടന്ന ചര്‍ച്ചകള്‍ ഫലം കാണാതെ പിരിഞ്ഞതാണ് സ്ഥിതിഗതികള്‍ വഷളാക്കിയത്. യുറേനിയം സമ്പുഷ്ടമാക്കുന്നത് ആണവോര്‍ജ്ജത്തിനാണെന്ന് ഇറാന്‍ വാദിക്കുമ്പോഴും അവര്‍ ആണവായുധം നിര്‍മ്മിക്കുന്നുവെന്നാണ് യുഎസ് സംശയിക്കുന്നത്. ചര്‍ച്ചയ്ക്ക് ഇറാന്‍ വഴങ്ങുന്നില്ലെങ്കില്‍ സൈനിക നടപടി പരിഗണനയിലുണ്ടെന്ന് പ്രസിഡന്റ് ട്രംപ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

'ആഴ്ചകള്‍ക്കുള്ളില്‍ തീരുമാനം' - ലിന്‍ഡ്സി ഗ്രഹാം

ട്രംപിന്റെ അടുത്ത അനുയായിയായ സെനറ്റര്‍ ലിന്‍ഡ്സി ഗ്രഹാം ഇറാനെതിരെ ശക്തമായ നിലപാടുമായി രംഗത്തെത്തി. ഇസ്രായേല്‍ സന്ദര്‍ശനത്തിനിടെ അദ്ദേഹം നടത്തിയ പ്രസ്താവന ലോകത്തെ ഞെട്ടിക്കുന്നതാണ്.

'ഇറാനെതിരായ നടപടിയെക്കുറിച്ചുള്ള തീരുമാനം മാസങ്ങള്‍ക്കല്ല, ആഴ്ചകള്‍ക്കുള്ളില്‍ ഉണ്ടാകും. അയാത്തൊള്ള ഒരു 'മതപരമായ നാസി' ആണ്. ലോകത്തെ കുഴപ്പത്തിലാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്.'

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഗ്രഹാം നിലപാട് വ്യക്തമാക്കിയത്.

എണ്ണവില കുതിക്കുന്നു; ഹോര്‍മുസ് കടലിടുക്കില്‍ ഭീതി

യുദ്ധഭീതി ഉയര്‍ന്നതോടെ ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുകയാണ്. ലോകത്തിലെ എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കിന്റെ (Strait of Hormuz) നിയന്ത്രണം ഇറാന്റെ കയ്യിലാണ്. യുഎസ് ആക്രമണമുണ്ടായാല്‍ ഈ പാത അടയ്ക്കുമെന്ന് ഇറാന്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. ഇത് ആഗോള സാമ്പത്തിക രംഗത്തെ തകര്‍ക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നു.

Tags:    

Similar News