മുന്‍കാമുകിക്ക് പുതിയ പ്രണയബന്ധം; സഹോദരനെ ക്രൂരമായി മര്‍ദ്ദിച്ചു; യുവതിയെ വിളിച്ചുവരുത്തി കൂട്ടബലാത്സംഗത്തിന് ഇരയാക്കി; പരാതിയില്‍ ആറ് പേര്‍ക്കെതിരെ കേസെടുത്തു

മുന്‍കാമുകിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; ആറ് പേര്‍ക്കെതിരെ കേസെടുത്തു

Update: 2025-02-23 10:44 GMT

മുംബൈ: സഹോദരനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം യുവതിയെ വിളിച്ചുവരുത്തി മുന്‍കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗത്തിന് ഇരയാക്കി. യുവതി പുതിയ പ്രണയബന്ധം തുടങ്ങിയതായി വിവരമറിഞ്ഞാണ് മുന്‍കാമുകനും സംഘവും 22കാരിയെ ക്രൂരമായി പീഡിപ്പിച്ചത്. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭിവണ്ടി നഗരത്തില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത് എന്നാണ് വിവരം. പീഡനത്തിനിരയായ പെണ്‍കുട്ടി ഭിവണ്ടി പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവത്തെക്കുറിച്ച് പുറംലോകം അറിഞ്ഞത്. പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായും പോലീസ് വ്യക്തമാക്കി.

പെണ്‍കുട്ടിയുടെ പരാതിയില്‍ എഫ്.ഐ.ആര്‍. ഫയല്‍ ചെയ്ത പോലീസ് സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു. എഫ്.ഐ.ആറിലെ വിവരങ്ങള്‍ അനുസരിച്ച് ആരോപണവിധേയനായ യുവാവും 22-കാരിയായ യുവതിയും കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. ഇവര്‍ പിരിഞ്ഞശേഷം ഈയടുത്ത് പെണ്‍കുട്ടി മറ്റൊരാളുമായി ഇഷ്ടത്തിലായി. ഇതില്‍ ദേഷ്യംപൂണ്ട യുവാവ് പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ സുഹൃത്തുക്കളുമായി ചേര്‍ന്ന് പദ്ധതി തയ്യാറാക്കി.

പദ്ധതി പ്രകാരം, ഫെബ്രുവരി 19-ാം തീയതി രാത്രി യുവാവും സുഹൃത്തുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയുടെ സഹോദരനെ ക്രൂരമായ മര്‍ദ്ദനത്തിനിരയാക്കി. ശേഷം പെണ്‍കുട്ടിയെ ഫോണില്‍ ബന്ധപ്പെട്ട് അവര്‍ പറയുന്നിടത്തേക്ക് വിളിച്ചുവരുത്താന്‍ ആവശ്യപ്പെട്ടു. താന്‍ പ്രശ്നത്തിലാണെന്നും രക്ഷിക്കണമെന്നും പറഞ്ഞതോടെ പെണ്‍കുട്ടി സഹോദരന്‍ പറഞ്ഞ സ്ഥലത്തെത്തിയതായി പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇവിടെവെച്ച് മുന്‍കാമുകനും നാല് സുഹൃത്തുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയേയും സഹോദരനേയും പെണ്‍കുട്ടി അവിടേക്ക് എത്തിയ ഓട്ടോയുടെ ഡ്രൈവറേയും ക്രൂരമായി മര്‍ദ്ദിച്ചു. ശേഷം പെണ്‍കുട്ടിയെ നഗാവിലുള്ള ഒരു സ്‌കൂളിന്റെ അടുത്തെത്തിച്ച് മുന്‍കാമുകനും സുഹൃത്തുക്കളും പീഡിപ്പിച്ചു. പിന്നീട് അവിടെനിന്നും ഫാത്തിമാനഗറില്‍ എത്തിച്ച് ഒരു പിക്ക്അപ്പ് വാനില്‍വെച്ചും പീഡിപ്പിച്ചു. അവിടെനിന്നും രക്ഷപ്പെട്ട് നഗരത്തില്‍ എത്തിയ പെണ്‍കുട്ടി ഭിവണ്ടി പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു.

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആറുപേര്‍ക്കെതിരെയാണ് പോലീസ് എഫ്.ഐ.ആര്‍. ഫയല്‍ ചെയ്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിത പ്രകാരം പീഡനം, കൂട്ടബലാത്സംഗം എന്നിവയടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

Tags:    

Similar News