നാടിനെ നടുക്കി പിതാവിന്റെ ക്രൂരത; മോഷണം ആരോപിച്ചു പിഞ്ചുമക്കളെ തലകീഴായി കെട്ടിത്തൂക്കി; വെള്ളത്തിനായി കെഞ്ചിയ പത്തുവയസ്സുകാരി മർദനമേറ്റു മരിച്ചു; പിടിയിലായത് ഭാര്യയെയും കൊന്ന കൊടുംക്രിമിനൽ

Update: 2026-03-28 07:51 GMT

മുംബൈ: മഹാരാഷ്ട്രയിലെ സാങ്ക്ളിയിൽ സ്വന്തം മകളെ പിതാവ് ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മോഷണക്കുറ്റം ആരോപിച്ചായിരുന്നു പിതാവ് പെൺകുട്ടികളെ തലകീഴായി കെട്ടിത്തൂക്കി മർദ്ദിച്ചത്. തുടർന്ന് പത്തുവയസ്സുകാരി സനിക മരിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പതിനൊന്നുകാരി അനൂജ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. സംഭവത്തിൽ പിതാവ് ദാദു ഹൈബത്ത് യാംഗറിനെ പോലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച വൈകുന്നേരമാണ് മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. പെൺകുട്ടികൾ മോഷണം നടത്തിയെന്ന് അയൽവാസികൾ ആരോപിച്ചതാണ് ദാദുവിനെ പ്രകോപിപ്പിച്ചത്. സനികയെയും അനൂജയെയും വീടിനുള്ളിലെ ഇരുമ്പ് കമ്പിയിൽ കൈകാലുകൾ കെട്ടിയിട്ട് ഇയാൾ തലകീഴായി തൂക്കി മർദിക്കുകയായിരുന്നു. രാത്രി മുഴുവൻ കുട്ടികൾ നിലവിളിച്ചെങ്കിലും ഇയാൾ അഴിച്ചുവിടാൻ തയ്യാറായില്ല. കുടിക്കാൻ വെള്ളം ചോദിച്ചിട്ടുപോലും നൽകിയില്ലെന്ന് പോലീസ് പറഞ്ഞു.

വ്യാഴാഴ്ച രാവിലെ കുട്ടികളുടെ മുത്തച്ഛൻ എത്തിയാണ് ഇവരെ അഴിച്ചുമാറ്റിയത്. അപ്പോഴേക്കും സനിക മരിച്ചിരുന്നു. അനൂജ ബോധരഹിതയായ നിലയിലായിരുന്നു. കുട്ടികളെ രക്ഷിക്കാൻ ശ്രമിച്ച സ്വന്തം പിതാവിനെയും ദാദു മാരകായുധം ഉപയോഗിച്ച് ആക്രമിച്ചു. സനികയുടെ മൃതദേഹം രഹസ്യമായി സംസ്കരിക്കാൻ കുടുംബാംഗങ്ങൾ ശ്രമിച്ചെങ്കിലും ആശുപത്രിയിൽ ചികിത്സയിലായിരുന്ന അനൂജ ബോധം വീണ്ടെടുത്തതോടെയാണ് ക്രൂരത പുറംലോകമറിഞ്ഞത്. കുട്ടി ഡോക്ടർമാരോട് കാര്യങ്ങൾ വിവരിക്കുകയായിരുന്നു.

പ്രതിയായ ദാദു നേരത്തെ സ്വന്തം ഭാര്യയെയും സമാനമായ രീതിയിൽ കൊലപ്പെടുത്തിയിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ സൂചന ലഭിച്ചു. ശ്വാസംമുട്ടിച്ചും മുഖത്ത് കുത്തിയുമാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് വിവരം. പ്രതിക്കെതിരെ കൊലപാതകം, വധശ്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് സാങ്ക്ളി പോലീസ് അറിയിച്ചു.

Tags:    

Similar News