ഉച്ചഭക്ഷണത്തിന് പിന്നാലെ വയറുവേദനയും ഛര്‍ദ്ദിയും; ഉടന്‍ തന്നെ സ്‌കൂളിലെ 90 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ഭക്ഷ്യവിഷബാധയെന്ന് ഡോക്ടര്‍; സ്‌കൂള്‍ അധികൃതര്‍ക്കെതിരെ അന്വേഷണം

Update: 2025-09-14 00:03 GMT

ദൗസ: ഉച്ചഭക്ഷണത്തിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് ദൗസ ജില്ലയിലെ ചുടിയാവാസ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 90 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചപ്പാത്തിയും പച്ചക്കറിയും ഉള്‍പ്പെടുത്തിയ ഉച്ചഭക്ഷണം കഴിച്ച 156 വിദ്യാര്‍ത്ഥികളില്‍ പലര്‍ക്കും വയറുവേദന, തലകറക്കം, ഛര്‍ദ്ദി എന്നിവ അനുഭവപ്പെട്ടതോടെ സ്‌കൂളിലും ഗ്രാമത്തിലും ആശങ്കയുണ്ടായി. സംഭവ വിവരം ലഭിച്ചതോടെ മെഡിക്കല്‍ സംഘം സ്‌കൂളിലെത്തി പ്രാഥമിക ചികിത്സ നല്‍കി. തുടര്‍ന്ന് കുട്ടികളെ നംഗല്‍ രാജ്വതനിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്കും പിന്നീട് ദൗസ ജില്ലാ ആശുപത്രിയിലേക്കും മാറ്റി. വൈകുന്നേരത്തോടെ 49 കുട്ടികളെ കൂടുതല്‍ നിരീക്ഷണത്തിനായി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് വന്നതിനെ തുടര്‍ന്ന് അധിക ഡോക്ടര്‍മാരെയും നഴ്സുമാരെയും നിയോഗിച്ച് ചികിത്സാ സംവിധാനം ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. എല്ലാവരും അപകടനില തരണം ചെയ്തതായി വൈകുന്നേരത്തോടെ അധികൃതര്‍ അറിയിച്ചു. ജില്ലാ കളക്ടര്‍ ദേവേന്ദ്ര കുമാര്‍ ആശുപത്രി സന്ദര്‍ശിച്ച് കുട്ടികള്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനും, ഭക്ഷണത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കയയ്ക്കാനും കളക്ടര്‍ ഉത്തരവിട്ടു. കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തെ തുടര്‍ന്ന് മന്ത്രി കിറോരി ലാല്‍ മീണയും ബിജെപി നേതാവ് ജഗ്മോഹന്‍ മീണയും ആശുപത്രിയിലെത്തി കുട്ടികളെയും രക്ഷിതാക്കളെയും സന്ദര്‍ശിച്ചു. കുട്ടികള്‍ക്ക് ആവശ്യമായ എല്ലാ ചികിത്സയും നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി. അതേസമയം, ഭക്ഷണം സാധാരണ രീതിയില്‍ തയ്യാറാക്കിയതാണെന്നും മുമ്പ് പരാതികളൊന്നും ഉണ്ടായിരുന്നില്ലെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News