പാട്ടത്തിനെടുത്ത സ്ഥലത്ത് കഞ്ചാവ് കൃഷി; അറിയാതിരിക്കാന്‍ വളര്‍ത്തിയത് തെങ്ങിനും വാഴയ്ക്കും ഇടയില്‍; പ്രതി പോലീസ് പിടിയില്‍
പത്തനംതിട്ട: പാട്ടത്തിനെടുത്ത സ്ഥലത്ത് തെങ്ങിനും വാഴയ്ക്കും ഇടയില്‍ കഞ്ചാവു വളര്‍ത്തിയയാള്‍ പൊലീസ് പിടിയില്‍. കോഴഞ്ചേരി ചെറുകോല്‍ കോട്ടപ്പാറ മനയത്രയില്‍ വിജയകുമാര്‍ (59) ആണ് ഡാന്‍സാഫ് സംഘത്തിന്റെ വലയിലായത്. പാട്ടത്തിനെടുത്ത പറമ്പിലെ വിവിധ ഭാഗങ്ങളില്‍ നട്ടുവളര്‍ത്തിയ അഞ്ച് കഞ്ചാവുചെടികള്‍ പൊലീസ് കണ്ടെത്തി. വീടിന്റെ മുകളില്‍ ഒരുക്കിയിരുന്ന പലചരക്കുകടയില്‍ നടത്തിയ പരിശോധനയില്‍ 50 ഗ്രാം കഞ്ചാവും പിടികൂടി.
വെള്ളിയാഴ്ച വൈകുന്നേരം നാലുമണിക്ക് ആരംഭിച്ച പരിശോധന രാത്രി ഒന്‍പതുവരെ നീണ്ടുനിന്നു. കടയിലെ കട്ടിലിന്റെ അടിയില്‍നിന്നും ഭാഗികമായി ഉണങ്ങിയ 7.8 ഗ്രാം കഞ്ചാവും 50.03 ഗ്രാം ഉണങ്ങിയ കഞ്ചാവും പിടിച്ചെടുത്തു. തെങ്ങ്, വാഴ, ഇഞ്ചി, ചേമ്പ് എന്നിവയുടെ ഇടയില്‍ കഞ്ചാവു നട്ടുവളര്‍ത്തിയതായും പൊലീസിനോട് ഇയാള്‍ സമ്മതിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുന്നു.