ബന്ധുക്കളുടെ എതിര്‍പ്പ് അവഗണിച്ച് വിവാഹം; പിഞ്ചുമക്കളുടെ മുന്നിലിട്ട് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി; ദുരഭിമാന കൊലക്കേസില്‍ യുവതിയുടെ നാലു ബന്ധുക്കള്‍ക്ക് വധശിക്ഷ; കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് നിര്‍ദേശം
ദുരഭിമാന കൊലക്കേസില്‍ യുവതിയുടെ നാലു ബന്ധുക്കള്‍ക്ക് വധശിക്ഷ
മംഗളൂരു: മിശ്രവിവാഹിതരായ ദമ്പതികളെ പിഞ്ചുമക്കളുടെ മുന്നിലിട്ട് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ യുവതിയുടെ ബന്ധുക്കളായ നാല് പ്രതികള്‍ക്ക് വധശിക്ഷ. ബന്ധുക്കളുടെ എതിര്‍പ്പ് അവഗണിച്ച് പട്ടികജാതി യുവാവും ഉയര്‍ന്ന ജാതിയിലെ യുവതിയും തമ്മില്‍ നടന്ന വിവാഹത്തിന് പിന്നാലെ ഇരുവരേയും നിഷ്ഠൂരമായി കൊലപ്പെടുത്തിയ കേസിലാണ് നാലു പേര്‍ക്ക് വധശിക്ഷ.
രമേഷ് മദാര (29), ഗംഗമ്മ റാത്തോഡ് (23) ദമ്പതികളെ ക്രൂരമായി ആക്രമിച്ച് വെട്ടിക്കൊന്ന സംഭവത്തിലാണ് ഗഡക് ജില്ല ജില്ല സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. ഗംഗമ്മ റാത്തോഡിന്റെ പിതൃസഹോദരന്മാരായ രവികുമാര്‍ റാത്തോഡ്, രമേഷ് റാത്തോഡ്, അമ്മാവന്മാരായ ശിവപ്പ, പരശുരാമ റാത്തോഡ് എന്നിവര്‍ക്കാണ് കേസിലെ പ്രതികള്‍.
ഗംഗമ്മയുടെ സഹോദരങ്ങള്‍ ദമ്പതികളുടെ വസതിയില്‍ അതിക്രമിച്ച് കയറി അവരെ പുറത്തേക്ക് വലിച്ചിഴച്ച് പിഞ്ചുമക്കളുടെ മുന്നിലിട്ട് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. കത്തികള്‍, മൂര്‍ച്ചയേറിയ ആയുധങ്ങള്‍, കല്ലുകള്‍, വടികള്‍ എന്നിവ ഉപയോഗിച്ച് പ്രതികള്‍ ആള്‍ക്കൂട്ടം നോക്കിനില്‍ക്കെയാണ് ആക്രമിച്ചത്. പിന്നീട് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
2019 നവംബര്‍ ആറിനായിരുന്നു കേസിനാസ്പദ സംഭവം. ദലിതനായ രമേഷ് ഉയര്‍ന്ന ജാതിക്കാരിയായ ഗംഗമ്മയെ വിവാഹം ചെയ്തതിലെ ദുരഭിമാനമായിരുന്നു കൂട്ടക്കൊലക്ക് പിന്നില്‍. പരശുരാമ റാത്തോഡ് കര്‍ണാടക ആര്‍.ടി.സിയില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഗഡഗ് ജില്ലയിലെ ഗജേന്ദ്രഗഡിനടുത്തുള്ള ലക്കലകട്ടി ഗ്രാമത്തില്‍ ദീപാവലി ആഘോഷിക്കാന്‍ ദമ്പതികള്‍ മടങ്ങുമ്പോഴാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.
രമേഷ് മദാരയുടെ കുടുംബം ഗജേന്ദ്രഗഡ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഐ.പി.സി സെക്ഷന്‍ 427 (നാശമുണ്ടാക്കുന്ന ദ്രോഹം), 449 (ഗുരുതരമായ കുറ്റകൃത്യം ചെയ്യാനുള്ള ഉദ്ദേശത്തോടെയുള്ള ഭവന അതിക്രമം), 302 (കൊലപാതകം), 506 (2) (കടുത്ത ഭീഷണി ഉള്‍പ്പെടുന്ന ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍) എന്നിവ പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. അന്വേഷണം പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
2017 ഏപ്രില്‍ രണ്ടിന് സബ് രജിസ്ട്രാര്‍ ഓഫീസിലായിരുന്നു രമേഷിന്റെയും ഗംഗമ്മയുടെയും പ്രണയ വിവാഹം. ഗംഗമ്മ ബഞ്ചാര സമുദായത്തില്‍ നിന്നും രമേഷ് മദാര്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നുമാണ്. മാതാപിതാക്കളുടെ എതിര്‍പ്പ് അവഗണിച്ച് ദമ്പതികള്‍ ശിവമോഗയിലേക്ക് താമസം മാറ്റുകയായിരുന്നു. ദമ്പതികള്‍ക്ക് രണ്ട് വയസ്സുള്ള ആണ്‍കുട്ടിയും രണ്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞും ഉണ്ടായിരുന്നു.
ഈ കേസുമായി ബന്ധപ്പെട്ട് ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ട് (എ.ടി.ആര്‍) സമര്‍പ്പിക്കാത്തതിന് കര്‍ണാടക സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ അടുത്തിടെ സംസ്ഥാന സര്‍ക്കാറിനെ കുറ്റപ്പെടുത്തിയിരുന്നു. സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ രജിസ്ട്രാര്‍ സാമൂഹികക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി. മണിവണ്ണന് മുന്നറിയിപ്പ് നല്‍കുകയും വീഴ്ച ഗൗരവമായി പരിഗണിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. സാമൂഹിക ക്ഷേമ വകുപ്പ് 1993ലെ മനുഷ്യാവകാശ നിയമത്തിലെ സെക്ഷന്‍ ഇ ലംഘിച്ചതായും കമീഷന്‍ വ്യക്തമാക്കി.
മാതാപിതാക്കള്‍ കൊലപ്പെട്ട ശേഷം അനാഥരായ കുട്ടികളുടെ അവസ്ഥയെ കുറിച്ച് കമീഷന്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. ദമ്പതികള്‍ കൊല്ലപ്പെട്ട സാഹചര്യം ചൂണ്ടിക്കാട്ടിയ കമീഷന്‍ അക്രമം തടയുന്നതില്‍ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എന്ത് നടപടിയാണ് കൈക്കൊണ്ടതെന്ന് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് ജില്ല പൊലീസ് സൂപ്രണ്ടിന് നോട്ടീസും അയച്ചിരുന്നു. കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവരുടെ ജീവന് ഭീഷണിയില്ലാതെ കാക്കുന്നതിന്നുമുള്ള പദ്ധതികളെ കുറിച്ച് കമീഷന്‍ ആവര്‍ത്തിച്ച് റിപ്പോര്‍ട്ട് തേടുകയും ചെയ്തു.