ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് തിരികെ ചോദിച്ചപ്പോൾ അസഭ്യവർഷവും ഭീഷണിയും; സ്ഥാപന ഉടമ പിടിയിലായതോടെ പുറത്ത് വന്നത് വ്യാപക തട്ടിപ്പ്; അംഗീകാരം ഇല്ലാത്ത കോളേജുകളിലേക്കും വിദ്യാർത്ഥികൾക്ക് അഡ്മിഷൻ തരപ്പെടുത്തി; ചെങ്ങന്നൂരുകാരൻ മെല്‍ജോ തോമസിന്റെ 'എക്‌സ്‌പെര്‍ട്ട് അഡ്മിഷന്‍ ഗൈഡന്‍സ്' തട്ടിപ്പ്

Update: 2025-05-24 07:45 GMT

കൊച്ചി: എക്സ്പെര്‍ട്ട് എജ്യുടെക്ക് അഡ്മിഷന്‍ ഗൈഡന്‍സ് എന്ന സ്ഥാപനത്തിന്റെ മറവില്‍ നടന്നത് വ്യാപക തട്ടിപ്പ് എന്ന് വിലയിരുത്തി പോലീസ് സ്ഥാപന ഉടമയായ മെല്‍ജോ തോമസ് (33) കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്. ബെംഗളൂരുവിലുള്ള കോളേജില്‍ ഹോട്ടല്‍ മാനേജ്മെന്റ്, നഴ്സിങ് കോഴ്സുകള്‍ക്ക് അഡ്മിഷന്‍ തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞു പണം വാങ്ങി നിരവധി പേരെയാണ് ഇയാള്‍ തട്ടിപ്പിനിരയാക്കിയത്. ഇയാള്‍ക്കെതിരെ നിരവധി പരാതികളാണ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനില്‍ മാത്രം ലഭിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.

എറണാകുളം വളഞ്ഞമ്പലത്തിന് സമീപമുള്ള എക്സ്പെര്‍ട്ട് എജ്യു ടെക്ക് അഡ്മിഷന്‍ ഗൈഡന്‍സ് എന്ന സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. കോഴ്സുകള്‍ക്കായി സീറ്റ് തരപ്പെടുത്തി നല്‍കാനായി പഠിതാക്കളില്‍ നിന്നും രണ്ടര ലക്ഷം രൂപ വീതം വാങ്ങിയതായാണ് പോലീസിന്റെ കണ്ടെത്തല്‍. പലരുടെയും സര്‍ട്ടിഫിക്കറ്റുകളും ഇയാള്‍ വാങ്ങിയെടുത്തിട്ടുണ്ട്. ചിലരെ നഴ്സിങ് കൗണ്‍സിലിന്റെ അംഗീകാരം ഇല്ലാത്ത കോളേജുകളില്‍ അഡ്മിഷന്‍ വാങ്ങിക്കൊടുത്ത് കബളിപ്പിച്ചതായും വ്യക്തമായിട്ടുണ്ട്. ബെംഗളൂരുവിലുള്ള കോളേജുകളിലേക്കാണ് ഇയാള്‍ വിദ്യാര്‍ത്ഥിക്കക്കായി സീറ്റുകള്‍ തരപ്പെടുത്തി നല്‍കിയിരുന്നതെന്നാണ് സൂചന. ഇതിനാല്‍ അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കാനും സാധ്യതയുണ്ട്.

പോലീസിന് കിട്ടിയ ആദ്യ പരാതിയുടെ അടിസ്ഥാനത്തിലാണ് ചെങ്ങന്നൂര്‍ സ്വദേശി മെല്‍ജോ തോമസ് അറസ്റ്റിലായത്. മെല്‍ജോ തോമസ് നടത്തിയിരുന്ന സ്ഥാപനത്തില്‍ ജോലിക്ക് കയറിയപ്പോള്‍ പരാതിക്കാരി നല്‍കിയ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ഇയാള്‍ പിടിച്ച് വെക്കുകയായിരുന്നു. സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ ആവശ്യപ്പെട്ടപ്പോള്‍ അസഭ്യം പറയുകയും, ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. പരാതിക്കാരിയെ കുറിച്ച് ഇയാള്‍ ദുഷ്പ്രചാരങ്ങള്‍ നടത്തിയിരുന്നു. ഇത് വലിയ മാനസിക വിഷമമാണ് ഉണ്ടാക്കിയതെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഗൗരവ കുറ്റകൃത്യം ബോധ്യപ്പെട്ടത്.

സര്‍ട്ടിഫിക്കറ്റ് തിരികെ നല്‍കണമെന്ന ആവശ്യവുമായി പരാതിക്കാരിയുടെ പിതാവും മെല്‍ജോ തോമസിനെ ബന്ധപ്പെട്ടിരുന്നു. പിതാവിനെയും ഇയാള്‍ അസഭ്യം പറയുകയായിരുന്നു. കൂടാതെ പരാതിക്കാരി താമസിക്കുന്ന ഹോസ്റ്റലില്‍ കയറി അക്രമിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചതിനും, ഇയാള്‍ക്കെതിരേ പരാതിപ്പെട്ടവരെ ഭീഷണിപ്പെടുത്തിയതിനും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് പിടിച്ചുവെച്ചതിനും ഇയാളുടെ പേരില്‍ സൗത്ത് സ്റ്റേഷനില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പത്തോളം പരാതികള്‍ നിലവില്‍ ഇയാളേക്കുറിച്ച് സൗത്ത് സ്റ്റേഷനില്‍ ലഭിച്ചിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ 296, 75 (1) (4 ), കേരളാ പോലീസ് ആക്റ്റിലെ 120 (ഒ) പ്രകാരമുള്ള വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. എന്നാല്‍ മേല്‍ജോ തോമസിനെതിരെ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്. തട്ടിപ്പില്‍ കൂടുതല്‍ പേര്‍ പങ്കാളികള്‍ ആയിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.

Tags:    

Similar News