ഗാസിയാബാദിലെ സഹോദരിമാരുടെ ആത്മഹത്യ; പിതാവ് വിറ്റ ഫോണ്‍ കണ്ടെത്തി; ടാസ്‌ക് അധിഷ്ഠിത ഓണ്‍ലൈന്‍ കൊറിയന്‍ ഗെയിമുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ഫോറന്‍സിക് പരിശോധന നടത്തും; കുട്ടികള്‍ മൂന്ന് വര്‍ഷത്തോളമായി കൊറിയന്‍ ഗെയിം കളിക്കുന്നുണ്ടെന്ന് പിതാവ്
ഗാസിയാബാദിലെ സഹോദരിമാരുടെ ആത്മഹത്യ; പിതാവ് വിറ്റ ഫോണ്‍ കണ്ടെത്തി
ഗാസിയാബാദ്: ഗാസിയാബാദില്‍ ആത്മഹത്യ ചെയ്ത മൂന്ന് സഹോദരിമാരുടെ പിതാവ് വിറ്റ ഫോണ്‍ കണ്ടെടുത്ത് പൊലീസ്. അന്വേഷണത്തില്‍ ഫോണിലെ വിവരങ്ങള്‍ നിര്‍ണായകമാകുമെന്നാണ് പ്രതീക്ഷ. സംഭവത്തിന് രണ്ടാഴ്ച മുമ്പ് വിറ്റ മൊബൈല്‍ ഫോണാണ് പൊലീസ് കണ്ടെടുത്തത്. ഫോണ്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. കുട്ടികളുടെ ആത്മഹത്യ ഏതെങ്കിലും ടാസ്‌ക് അധിഷ്ഠിത ഓണ്‍ലൈന്‍ കൊറിയന്‍ ഗെയിമുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ അതിന്റെ ഡാറ്റ വീണ്ടെടുക്കേണ്ടത് അത്യാവശ്യമാണെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ നിമിഷ് പാട്ടീല്‍ പി.ടി.ഐയോട് പറഞ്ഞു.
ഫെബ്രുവരി നാലിനാണ് സഹോദരിമാരായ നിഷിക (16), പ്രാചി (14), പഖി (12) എന്നിവര്‍ അവര്‍ താമസിച്ചിരുന്ന കെട്ടിടത്തിന്റെ ഒമ്പതാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. കുട്ടികള്‍ മൂന്ന് വര്‍ഷത്തോളമായി കൊറിയന്‍ ഗെയിം കളിക്കുന്നുണ്ടെന്നും അതിനുശേഷം സ്‌കൂളില്‍ പോയിട്ടില്ലെന്നുമാണ് പിതാവ് ചേതന്‍ കുമാര്‍ അവകാശപ്പെട്ടത്.
പെണ്‍കുട്ടികള്‍ കൊറിയന്‍ ടാസ്‌ക് അധിഷ്ഠിത ആപ്പ് ഉപയോഗിച്ചതായി പ്രാഥമിക അന്വേഷണങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, മൂന്ന് സഹോദരിമാരുടെ മുറിയില്‍ നിന്ന് കണ്ടെടുത്ത ഒമ്പത് പേജുള്ള പോക്കറ്റ് ഡയറിയില്‍ കൊറിയന്‍ സംസ്‌കാരത്തോടുള്ള തീവ്രമായ അടുപ്പവും കുടുംബ കലഹത്തെക്കുറിച്ചുള്ള വേദനയും അടയാളപ്പെടുത്തിയിരുന്നു.
ഡല്‍ഹിയിലെ ഷാലിമാര്‍ ഗാര്‍ഡന്‍ പ്രദേശത്ത് നിന്ന് ചൊവ്വാഴ്ചയാണ് മൊബൈല്‍ ഫോണ്‍ പൊലീസ് കണ്ടെടുത്തത്. പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നതിന് രണ്ടാഴ്ച മുമ്പ് കുമാര്‍ 15,000 രൂപക്ക് ഫോണ്‍ വിറ്റതായി പൊലീസ് പറഞ്ഞു. പിതാവ് ഫോണ്‍ പിടിച്ചുവെച്ചതിനാല്‍ പെണ്‍കുട്ടികള്‍ വിഷാദത്തിലായിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
അവരുടെ മാതാപിതാക്കള്‍ അവരുടെ താല്‍പ്പര്യങ്ങളെയും വിവാഹം ഉള്‍പ്പെടെയുള്ള ഭാവി തെരഞ്ഞെടുപ്പുകളെയും എതിര്‍ത്തിരുന്നുവെന്ന് കുറിപ്പില്‍ ആരോപിക്കുന്നു. കൊറിയന്‍ ഭാഷ ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ചെന്നും ഒരു ഇന്ത്യക്കാരനുമായുള്ള വിവാഹം ഒരിക്കലും സംഭവിക്കില്ലെന്നും ഡയറിയില്‍ പറയുന്നു. 'നിങ്ങളുടെ അടിയാകുന്നതിനെക്കാള്‍ മരണമാണ് ഞങ്ങള്‍ക്ക് നല്ലത്. അതുകൊണ്ടാണ് ഞങ്ങള്‍ ആത്മഹത്യ ചെയ്യുന്നത്... ക്ഷമിക്കണം പപ്പാ' എന്ന കുറിപ്പും ഡയറിയില്‍ ഉണ്ടായിരുന്നു.
