ലോഹവള കൊണ്ട് മുഖത്തിനിടിച്ചു; പേനാക്കത്തി കൊണ്ട് കൈക്ക് കുത്തി; പ്രൊഡക്ഷന്‍ മാനേജര്‍ക്ക് പരുക്ക്; ഷെയിന്‍ നിഗം നായകനായ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ ഗൂണ്ടാ ആക്രമണം
ഷൂട്ടിംഗ് ലൊക്കേഷനില്‍ ഗൂണ്ടാ ആക്രമണം
കോഴിക്കോട്: ഷെയിന്‍ നിഗം നായകനായി അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ഗൂണ്ടാ ആക്രമണമെന്ന് പരാതി. സിനിമയുടെ പ്രൊഡക്ഷന്‍ മാനേജരെ ക്രൂരമായി മര്‍ദ്ദിച്ചു. ടി.ടി ജിബുവിനാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. അഞ്ചംഗ സംഘം മലാപ്പറമ്പിന് സമീപമെത്തി ആക്രമണം നടത്തുകയായിരുന്നു.
അബു ഹംദാന്‍, ഷബീര്‍ എന്നിവരും മറ്റു മൂന്നു പേരും ചേര്‍ന്നാണ് മര്‍ദിച്ചതെന്ന് പൊലീസില്‍ നല്കിയ പരാതിയില്‍ ജിബു പറയുന്നു. ഷൂട്ടിങ് ലൊക്കേഷനില്‍ നിന്ന് ജിബുവിനെ വലിച്ചുകൊണ്ടുപോകുകയായിരുന്നു. റോഡരികില്‍ വച്ചാണ് മര്‍ദിച്ചത്. ലോഹവള കൊണ്ട് ഇടിക്കുകയും പേനാ കത്തികൊണ്ട് കുത്തി കൈയ്ക്ക് പരുക്കേല്‍പ്പിക്കുകയും ചെയ്തു. പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രൊഡക്ഷന്‍ മാനേജരുടെ മുഖത്താണ് ലോഹ വള കൊണ്ടുള്ള ഇടിയേറ്റത്.
ബൈക്ക് വാടകയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം. സിനിമയുടെ ആവശ്യത്തിലേക്കായി ബൈക്ക് വാടകയ്ക്ക് എടുത്തിരുന്നു. വാടകയായി വന്‍ തുകയാണ് ചോദിച്ചത്. ഇത്രയും വലിയ തുക നല്കാന് സാധിക്കില്ലെന്ന് അറിയിച്ചു. ഇതോടെയാണ് അബു ഹംദാന്റെ നേതൃത്വത്തിലെത്തിയ സംഘം മര്‍ദിച്ചതെന്ന് ജിബു പറഞ്ഞു. ഷെയ്ന് നിഗത്തിനെ നായകനാക്കി വീര സംവിധാനം ചെയ്യുന്ന 'ഹാല്' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് വെള്ളിമാട് കുന്നില്‍ വെളിച്ചെണ്ണ മില്ലിന് സമീപമാണ് നടക്കുന്നത്.
സംഗീതത്തിന് പ്രാധാന്യം നല്കി എത്തുന്ന ചിത്രം ഷെയ്ന് നിഗത്തിന്റെ കരിയറിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രങ്ങളില്‍ ഒന്നായാണ് അവകാശപ്പെടുന്നത്. 'ലിറ്റില്‍ ഹാര്‍ട്സ്' എന്ന ചിത്രത്തിന് ശേഷം ഷെയിന്‍ വീണ്ടും പ്രണയനായകനായി എത്തുന്ന ചിത്രമാണ് 'ഹാല്'. സാക്ഷി വൈദ്യയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ജോണി ആന്റണി, നിഷാന്ത് സാഗര്‍, മധുപാല്‍, ജോയ് മാത്യു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.