ബിപിക്കുള്ള ഗുളികയും കഞ്ഞിയും കഴിച്ച് ആധാര ചക്രങ്ങള്‍ ഉണര്‍ത്തി അച്ഛന് 'സമാധി'യിലേക്ക് പോയി; കാവുവിളാകം കൈലാസനാഥ ക്ഷേത്രത്തിലെ ആചാര്യഗുരു കര്‍മ്മ കൊണ്ട് ചുമട്ടു തൊഴിലാളി; പിതാവ് ഇരുന്ന സ്ഥലം സ്ലാബിട്ട് മൂടിയ മകന്; ബാലരാമപുരത്ത് 'സമാധി' വിവാദം; ഗോപന് സ്വാമിയ്ക്ക് സംഭവിച്ചത് എന്ത്? പോസ്റ്റ്മോര്‍ട്ടം നിര്‍ണ്ണായകം
തിരുവനന്തപുരം: തിരുവനന്തപുരത്ത് സമാധി വിവാദവും. ബാലരാമപുരത്ത് അച്ഛന്റെ ആഗ്രഹപ്രകാരം 'സമാധി' ഇരുത്തി എന്ന വാദവുമായി മകന്. ശേഷം പിതാവിരുന്ന സ്ഥലം സ്ലാബ് കൊണ്ട് മൂടി. മൂടാനുള്ള ഒരുക്കങ്ങള്‍ മാത്രമാണ് താന്‍ ചെയ്തത് എന്നും, മറ്റെല്ലാ ഒരുക്കങ്ങളും പിതാവ് കാലേകൂട്ടി ചെയ്തിരുന്നുവെന്നും ഇദ്ദേഹം പറഞ്ഞു. പിതാവ് മരിച്ച വിവരം സമാധിയായി എന്ന നിലയില്‍ രേഖപ്പെടുത്തിയ പോസ്റ്ററിലൂടെയാണ് സംഭവം നാട്ടുകാര്‍ അറിയുന്നത്. ക്ഷേത്ര പൂജാരിയായിരുന്ന 78കാരനായ ഗോപന് സ്വാമിയുടെ മരണമാണ് വിവാദത്തിലായത്.
'ബിപിക്കുള്ള ഗുളികയും കഞ്ഞിയും കഴിച്ച് അച്ഛന് സമാധിയായി' എന്ന് മകന്. 'സമാധി' എല്ലാവരെയും അറിയിക്കാന്‍ പാടുള്ളതല്ലെന്നും, അതിനാല്‍ ബന്ധുജനങ്ങളില് 'സമാധി'ക്ക് സാക്ഷിയായത് താന്‍ മാത്രമാണെന്നും മകന് പറയുന്നു. ഗോപന് സ്വാമി ചുമട്ടു തൊഴിലാളി കൂടിയായിരുന്നു. പിതാവ് സ്വന്തമായി അധ്വാനിച്ച പണം കൊണ്ടാണ് അദ്ദേഹം പൂജ ചെയ്തിരുന്ന അമ്പലം കെട്ടിയതെന്നും മകന് പറയുന്നു. സമാധിയായ ശേഷം അമ്മയേയും, തന്റെ ഭാര്യയേയും കൂട്ടിക്കൊണ്ടു വന്ന് തൊഴുത ശേഷം മടക്കിയയച്ചതായും മകന് പറഞ്ഞു. താനും സഹോദരനും മാത്രമാണ് 'തത്വപ്രകാരം' സ്ഥലത്തുണ്ടായിരുന്നത് എന്ന് ഇളയമകന് പറയുന്നു.
ഏതു ദിവസം സമാധിയാകും എന്ന് അച്ഛന് അറിഞ്ഞിരുന്നു. കന്യാകുമാരിയില്‍ നിന്നും വളരെമുമ്പേ കല്ലും വിളക്കും കൊണ്ടുവന്നിരുന്നു. പേരാലിന്റെ കീഴില്‍ ഇരുന്നു അച്ഛന് ധ്യാനിക്കുമായിരുന്നു. 'സമാധി'യാവാനുള്ള സമയമായപ്പോള്‍, അദ്ദേഹം പീഠത്തിലിരുന്നു, ആധാര ചക്രങ്ങള്‍ ഉണര്‍ത്തിയാണ് 'സമാധി'യിലേക്ക് പോയത് എന്ന് മകന് വിശദീകരിച്ചു. സംഭവത്തില്‍ നെയ്യാറ്റിന്‍കര സി.ഐ.യുടെ നേതൃത്വത്തിലന്വേഷണം ആരംഭിച്ചു.'സമാധി'യായെന്ന് മക്കള്‍ പറയുന്നതില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യാനുള്ള പൊലിസിന്റെ നീക്കം.
മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. കലക്ടറുടെ തീരുമാനം വന്നുകഴിഞ്ഞാല്‍ ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്മോര്‍ട്ടം നടത്തുമെന്ന് നെയ്യാറ്റിന്‍കര പൊലീസ് അറിയിച്ചു. അച്ഛന്റെ ആഗ്രഹപ്രകാരമാണ് ഇങ്ങന ചെയ്തതെന്നാണ് മകന് പറയുന്നത്. പിതാവ് സമാധിയായ ശേഷം പിതാവിരുന്ന സ്ഥലം സ്ലാബ് കൊണ്ട് മൂടുകയായിരുന്നു. മൂടാനുള്ള ഒരുക്കങ്ങള്‍ മാത്രമാണ് താന്‍ ചെയ്തതെന്നും, മറ്റെല്ലാ ഒരുക്കങ്ങളും പിതാവ് കാലേകൂട്ടി ചെയ്തിരുന്നതാണെന്നും മകന് പറഞ്ഞു. പിതാവ് മരിച്ച വിവരം 'സമാധി'യായി എന്ന ഫ്ളെക്സ് വച്ചതാടെയാണ് നാട്ടുകാര്‍ അറിയുന്നത്.
ആറുവിളാകം സ്വദേശി ഗോപന് സ്വാമി മരിച്ചതോടെ മകനും പൂജാരിയും ചേര്‍ന്ന് മണ്ഡപം കെട്ടി അടക്കുകയായിരുന്നു. കാവുവിളാകം കൈലാസനാഥ ക്ഷേത്രത്തിലെ ആചാര്യഗുരു എന്നറിയപ്പെടുന്ന ഗോപന് സ്വാമിയെയാണ് സമാധിയാണ് വിവാദമാകുന്നത്. ഇന്നലെ മരിച്ചതിന് പിന്നാലെ മണ്ഡപം ഉണ്ടാക്കി അതിനുള്ളില്‍ മൃതദേഹം വെച്ച് സ്ലാബ് കൊണ്ട് മൂടി എന്നാണ് മകനും ക്ഷേത്രത്തിലെ പൂജാരിയും പോലീസിനോട് പറഞ്ഞത്. മരിച്ചത് അറിയിക്കാതെ മൃതദേഹം മറവ് ചെയ്തതില്‍ നാട്ടുകാര്‍ ദുരൂഹത ആരോപിച്ചു. മണ്ഡപം പൂട്ടിയ ശേഷം കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.