മലപ്പുറം എടവണ്ണയില്‍ വീട്ടില്‍നിന്ന് 20 എയര്‍ഗണും മൂന്ന് റൈഫിളും പിടിച്ചെടുത്തു; 200ലേറെ വെടിയുണ്ടകളും 40 പെല്ലറ്റ് ബോക്‌സുകളും കണ്ടെത്തി; ലൈസന്‍സില്ലാതെ ആയുധങ്ങള്‍ സൂക്ഷിച്ച കേസില്‍ വീട്ടുടമ ഉണ്ണിക്കമ്മദ് അറസ്റ്റില്‍; ആയുധ ശേഖരത്തില്‍ വിശദമായ അന്വേഷണത്തിന് പോലീസ്

ആയുധ ശേഖരത്തില്‍ വിശദമായ അന്വേഷണത്തിന് പോലീസ്

Update: 2025-09-17 02:22 GMT

എടവണ്ണ: മലപ്പുറത്തെ വീട്ടില്‍നിന്നും വന്‍ ആയുധശേഖരം പിടികൂടി. എടവണ്ണയിലെ വീട്ടില്‍നിന്ന് 20 എയര്‍ ഗണ്ണുകള്‍, മൂന്ന് റൈഫിളുകള്‍, 200ലധികം വെടിയുണ്ടകള്‍, 40 പെല്ലറ്റ് ബോക്‌സ് എന്നിവയാണ് പോലീസ് പിടിച്ചെടുത്തത്. വീട്ടുടമ ഉണ്ണിക്കമ്മദിനെ (67) എടവണ്ണ പോലീസ് അറസ്റ്റ് ചെയ്തു. ലൈസന്‍സില്ലാതെ ഇത്രയധികം ആയുധങ്ങള്‍ സൂക്ഷിച്ച കേസിലാണ് അറസ്റ്റ്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് ഒരുങ്ങുകയാണ് പോലീസ്.

അരീക്കോട് റോഡിലെ വീടിന്റെ മുകള്‍ ഭാഗത്ത് പൊലീസ് നടത്തിയ പരിശോധനയില്‍ ഒരു റൈഫിളും 40 തിരകളും ഒരു എയര്‍ഗണ്ണുമാണ് ആദ്യം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ വിശദ പരിശോധനയില്‍ വീടിന്റെ താഴ് ഭാഗത്തെ ഷട്ടറിട്ട ഭാഗത്തുനിന്ന് മറ്റു ആയുധ ശേഖരവും കണ്ടെത്തുകയായിരുന്നു. ആയുധങ്ങള്‍ വില്‍പനക്കായി സൂക്ഷിച്ചവയാണെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്.

ഉണ്ണിക്കമ്മദിന് ആയുധങ്ങള്‍ വില്‍പന നടത്തുന്നതിനുള്ള ലൈസന്‍സില്ല. ലൈസന്‍സിനായി ജില്ല കലക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. കണ്ടെടുത്ത ആയുധങ്ങള്‍ ഇതുവരെ ഉപയോഗിക്കാത്തതാണെന്ന് പൊലീസ് പറഞ്ഞു. കച്ചവടത്തിനായി നേരത്തെ എത്തിച്ചവയാണ് ഇവയെന്നാമ് നിഗമനം.

ഉണ്ണിക്കമ്മദില്‍നിന്ന് എയര്‍ ഗണ്‍ വാങ്ങിയ പാലക്കാട് സ്വദേശിയെ പാലക്കാട് വെച്ച് പൊലീസ് പിടികൂടിയിരുന്നു. ഇയാളേ കേന്ദ്രീകരിച്ചു നടതത്ിയ അന്വേഷണമാണ് എടവണ്ണയിലേക്ക എത്തിയത്. എടവണ്ണ ഇന്‍സ്‌പെക്ടര്‍ ബിനുവിന്റെ നേതൃത്വത്തിലാണ് എടവണ്ണയിലെ വീട്ടില്‍ പരിശോധന നടത്തിയത്. കോടതിയില്‍ ഹാജരാക്കിയ ഉടന്‍ തുടരന്വേഷണത്തിനായി പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. എവിടെനിന്നാണ് ഇത്രയധികം ആയുധങ്ങള്‍ വാങ്ങിയതെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.

Tags:    

Similar News