ഹണി റോസിന്റെ പരാതിയില്‍ അറസ്റ്റ് സാധ്യത മുന്നില്‍ കണ്ട് രാഹുല്‍ ഈശ്വര്‍; മുന്‍കൂര്‍ജാമ്യം തേടി ഹൈക്കോടതിയില്‍; ഇതുവരെയും കേസെടുത്തില്ല; നിയമോപദേശം ലഭിച്ച ശേഷം മാത്രം നടപടിയെന്ന് പൊലീസ്
ഹണി റോസിന്റെ പരാതിയില്‍ അറസ്റ്റ് സാധ്യത മുന്നില്‍ കണ്ട് രാഹുല്‍ ഈശ്വര്‍
കൊച്ചി: സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചുവെന്ന നടി ഹണി റോസിന്റെ പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ ഈശ്വര്‍. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. തിങ്കളാഴ്ച ഹര്‍ജി പരിഗണിച്ചേക്കും. സൈബര്‍ ഇടങ്ങളില്‍ തനിക്കെതിരെ രാഹുല്‍ ഈശ്വര്‍ സംഘടിത ആക്രമണം നടത്തുന്നുവെന്നാണ് ഹണി റോസിന്റെ ആരോപണം.
പരാതിയില്‍ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല. നിയമോപദേശം തേടിയ ശേഷം മാത്രമേ കേസെടുക്കൂവെന്നാണ് പോലീസിന്റെ നിലപാട്. നിയമോപദേശം കിട്ടുന്ന മുറയ്ക്ക് നടപടികള്‍ വേഗത്തിലാക്കും. സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് നടിയുടെ പരാതി. ഹണി റോസിന്റെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് അന്വേഷണം നടത്തുന്നത്.
ബോബി ചെമ്മണൂരിനെതിരായ പരാതിയില്‍ ഹണി റോസിനെ വിമര്‍ശിച്ച് രാഹുല്‍ ഈശ്വര്‍ രംഗത്തെത്തിയിരുന്നു. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കവെ രാഹുല്‍ നടത്തിയ പരാമര്‍ശങ്ങളിലാണ് ഹണി പരാതി നല്‍കിയത്. ഹണിക്കെതിരായ പരാമര്‍ശങ്ങളില്‍ തൃശ്ശൂര്‍ സ്വദേശിയും രാഹുലിനെതിരെ പരാതി നല്‍കിയിരുന്നു.
ചാനല്‍ ചര്‍ച്ചകളില്‍ നടി ഹണി റോസിനെതിരെ മോശം പരാമര്‍ശം നടത്തിയെന്നു ചൂണ്ടിക്കാട്ടി തൃശൂര്‍ സ്വദേശിയാണു പരാതി നല്‍കിയത്. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. പരാതിയില്‍ ഉടന്‍ നടപടിയുണ്ടാകുമെന്നാണു വിവരം.
രാഹുല്‍ ഈശ്വറിന് എതിരായ ഹണി റോസിന്റെ പരാതിയില്‍ പൊലീസ് ഇന്ന് കേസെടുത്തേക്കും. ഇന്നലെയാണു രാഹുലിനെതിരെ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ നേരിട്ടെത്തി ഹണി റോസ് പരാതി നല്‍കിയത്. അതിനിടെ രാഹുല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുകയായിരുന്നു.
സമൂഹമാധ്യമങ്ങളിലൂടെ രാഹുല്‍ ഈശ്വറിന്റെ പരാമര്‍ശങ്ങളോട് പ്രതികരിച്ച നടി ഉടന്‍ തന്നെ നിയമനടപടികള്‍ സ്വീകരിക്കുകയായിരുന്നു. ബോബി ചെമ്മണ്ണൂരിന് എതിരായ കേസില്‍ വീണ്ടും മൊഴിയെടുക്കാന്‍ സ്റ്റേഷനിലേക്ക് വിളിച്ചപ്പോള്‍ ആയിരുന്നു രാഹുല്‍ ഈശ്വറിനെതിരെ കൂടി പരാതി നല്‍കിയത്.
ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റിന് പിന്നാലെയാണ് നടി ഹണി റോസിനെ വിമര്‍ശിച്ച് രാഹുല്‍ ഈശ്വര്‍ രംഗത്തെത്തിയത്. നടിയുടെ വസ്ത്രധാരണത്തെയടക്കം വിമര്‍ശിച്ചിരുന്നു. ഇതിന് ചുവടുപിടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ ഹണി റോസിനെതിരെ വ്യാപക പ്രചാരണവുമുണ്ടായി. ഇത് ചൂണ്ടിക്കാട്ടിയാണ് കൊച്ചി സിറ്റി പൊലീസിനെ സമീപിച്ചത്.
രാഹുല്‍ ഈശ്വറിന്റെ നേതൃത്യത്തില്‍ സംഘടിത സൈബര്‍ ആക്രമണമാണെന്നും നടപടി വേണമെന്നുമാണ് ആവശ്യം. പൊതുബോധം തനിക്കെതിരാക്കാനാണ് ശ്രമം. വലിയ ഗൂഢാലോചന ഇതിന്റെ ഭാഗമായുണ്ട്. ഇക്കാര്യങ്ങളെല്ലാം പരിശോധിക്കണമെന്നാണ് ആവശ്യം. രാഹുലുമായി ബന്ധപ്പെട്ട് ഫേസ് ബുക് പോസ്റ്റുകളുടെയടക്കം പകര്‍പ്പുകളും പരാതിയുടെ ഭാഗമാക്കിയിട്ടുണ്ട്.
സമൂഹമാധ്യമങ്ങളില്‍ നടിക്കെതിരെ അശ്ലീല കമന്റുകള്‍ ഇട്ട കൂടുതല്‍ പേര്‍ക്കെതിരെ നടപടികള്‍ ഉണ്ടായേക്കും. നിലവില്‍ നടിയുടെ പരാതിയില്‍ റിമാന്‍ഡിലായ ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ചയാകും കോടതി പരിഗണിക്കുക.