ചിലന്തിവല പോലെ കുരുങ്ങിക്കിടക്കുന്ന വയറുകൾക്കിടയിലൂടെ കൂളായി ഓടുന്ന എലികൾ; ഒരെണ്ണം മോണിറ്ററിന് താഴെ ഇരുന്ന് എന്തോ..കഴിക്കുന്ന കാഴ്ച; ഇവയെല്ലാം കൂട്ടത്തോടെ താമസിക്കുന്ന സ്ഥലം കണ്ട് അമ്പരപ്പ്; കുഞ്ഞുങ്ങളെ കാണിക്കാൻ എങ്ങനെ..വിശ്വസിച്ച് കൊണ്ടുവരുമെന്ന് അമ്മമാർ
ഭോപ്പാൽ: ആരോഗ്യ പരിപാലന രംഗത്ത് അതീവ ശുചിത്വവും സുരക്ഷയും പാലിക്കേണ്ട ഇടമാണ് നവജാത ശിശുക്കളുടെ ഐസിയു അഥവാ എൻഐസിയു (NICU). എന്നാൽ മധ്യപ്രദേശിലെ ഇൻഡോറിലുള്ള മഹാരാജ യശ്വന്ത് റാവു (MYH) ആശുപത്രിയിൽ നിന്നുള്ള ദൃശ്യങ്ങൾ കാണിക്കുന്നത് തീർത്തും ഭയാനകമായ അവസ്ഥയാണ്. ജീവൻ നിലനിർത്താൻ പോരാടുന്ന കുഞ്ഞുങ്ങൾ കിടക്കുന്ന മുറിക്കുള്ളിൽ എലികൾ യഥേഷ്ടം ഓടിനടക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളിൽ, നവജാത ശിശുക്കളെ കിടത്തിയിരിക്കുന്ന മെഡിക്കൽ ഉപകരണങ്ങൾക്കിടയിലൂടെയും ബെഡുകൾക്ക് അടിയിലൂടെയും വലിയ എലികൾ ഓടിനടക്കുന്നത് വ്യക്തമായി കാണാം. ആശുപത്രിയിലെ ശുചിത്വമില്ലായ്മയുടെ ഏറ്റവും ഭീകരമായ മുഖമാണിത്. ഏത് നിമിഷവും അണുബാധയുണ്ടാകാൻ സാധ്യതയുള്ള ഈ വാർഡിൽ, രോഗപ്രതിരോധ ശേഷി കുറഞ്ഞ കുഞ്ഞുങ്ങളുടെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്കയാണ് ഉയരുന്നത്.
ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളെയും ശുചിത്വ നിലവാരത്തെയും കുറിച്ച് വലിയ ചോദ്യങ്ങളാണ് ഈ സംഭവം ഉയർത്തുന്നത്. ഇതിന് മുൻപും ഇതേ ആശുപത്രിയിൽ സമാനമായ പരാതികൾ ഉയർന്നിരുന്നു. ഏതാനും വർഷങ്ങൾക്ക് മുൻപ് ഇതേ ആശുപത്രിയിൽ നവജാത ശിശുവിനെ എലി കടിച്ച വാർത്തയും പുറത്തുവന്നിരുന്നു. ഇത്രയേറെ വിവാദങ്ങൾ ഉണ്ടായിട്ടും അധികൃതർ യാതൊരുവിധ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടില്ല എന്നതിന്റെ തെളിവാണ് ഇപ്പോൾ പുറത്തുവന്ന ദൃശ്യങ്ങൾ.
വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സർക്കാരിനെതിരെയും ആശുപത്രി അധികൃതർക്കെതിരെയും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ദരിദ്രരായ ആളുകൾ ആശ്രയിക്കുന്ന സർക്കാർ ആശുപത്രികളിൽ പോലും കുഞ്ഞുങ്ങൾക്ക് സുരക്ഷയില്ലെങ്കിൽ എവിടെയാണ് സുരക്ഷിതമെന്ന് നാട്ടുകാർ ചോദിക്കുന്നു. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ടെങ്കിലും, കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.
എലികൾ വാർഡിൽ വിഹരിക്കുന്നത് കുഞ്ഞുങ്ങൾക്ക് ലെപ്റ്റോസ്പൈറോസിസ് (എലിപ്പനി) ഉൾപ്പെടെയുള്ള മാരകമായ രോഗങ്ങൾ പിടിപെടാൻ കാരണമാകും. കൂടാതെ ഓക്സിജൻ പൈപ്പുകളും മറ്റു ഇലക്ട്രിക് വയറുകളും എലികൾ കടിച്ചു മുറിക്കുന്നത് വലിയ അപകടങ്ങൾക്കും ചികിത്സാ തടസ്സങ്ങൾക്കും വഴിതെളിക്കും.
ആശുപത്രി അധികൃതർ ഇതിനെ ഒരു ഒറ്റപ്പെട്ട സംഭവമായി കാണാതെ, അടിയന്തിരമായി പേസ്റ്റ് കൺട്രോൾ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും ശുചിത്വം ഉറപ്പാക്കണമെന്നും മനുഷ്യാവകാശ പ്രവർത്തകർ ആവശ്യപ്പെട്ടു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശനമായ നിരീക്ഷണം വാർഡുകളിൽ ഏർപ്പെടുത്തേണ്ടതുണ്ട്. ഒരു വികസിത സമൂഹത്തിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഇത്തരമൊരു കാഴ്ച ആരോഗ്യവകുപ്പിന് തന്നെ നാണക്കേടായി മാറിയിരിക്കുകയാണ്.
