അനധികൃത മണ്ണെടുപ്പ് പൊലീസിന് ചോര്‍ത്തിയെന്ന് സംശയം; മണ്ണു മാഫിയ സംഘം വീട് കയറി ആക്രമിച്ചു; യുവാവിന് ക്രൂരമര്‍ദനം; നാലു പേര്‍ക്കെതിരെ കേസ് എടുത്ത് ആറന്മുള പോലീസ്

Update: 2026-03-17 08:49 GMT

പത്തനംതിട്ട: അനധികൃത മണ്ണെടുപ്പ് പൊലീസിന് ചോര്‍ത്തിയെന്ന് സംശയിച്ചു മണ്ണു മാഫിയ സംഘം വീട് കയറി ആക്രമിച്ചു. യുവാവിനെ മര്‍ദിച്ചു. നാലുപേര്‍ക്കെതിരെ ആറന്മുള പോലീസ് കേസ് എടുത്തു. ഇലന്തൂര്‍ ചങ്ങഴിയപറമ്പില്‍ വീട്ടില്‍ മനീഷ് മോഹനെ (41) യാണ് നാലംഗ സംഘം വീട്ടില്‍ കയറി മര്‍ദിച്ചത്. കഴിഞ്ഞ 14 ന് രാത്രി 7.30 നാണ് സംഭവം. ആറന്മുള കാഞ്ഞിരവേലി സ്വദേശി അനാമിക മനോജ്, കുളമാപ്പുഴി സ്വദേശി ജോബി, കണ്ടാലറിയാവുന്ന മറ്റു രണ്ടുപേര്‍ എന്നിവര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയത്. ഇവരെ പ്രതികളാക്കിയാണ് കേസ് എടുത്തിട്ടുള്ളത്.

മനീഷ് ടാര്‍ ലോറി വര്‍ക്കും സിമന്റ് വര്‍ക്കും മിനറല്‍ വാട്ടര്‍ ബിസിനസ്സും നടത്തിവരികയാണ്. മനോജിന്റെ അനധികൃത മണ്ണു കടത്തലിനെതിരെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വിവരങ്ങള്‍ നല്‍കിയത് തങ്ങള്‍ ആണെന്ന് പറഞ്ഞാണ് ആക്രമണം നടത്തിയതെന്നാണ് മനോജിന്റെ മൊഴി. മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ചു കയറി മുഖത്തിന്റെ രണ്ടുഭാഗത്തും തലയ്ക്കും കൈ കൊണ്ട് അടിക്കുകയും ഇടിക്കുകയും ചെയ്തു. നിലത്തു വീണപ്പോള്‍ ചവിട്ടുകയും ഉപദ്രവിക്കുകയും ചെയ്തു.കഴുത്തില്‍ കിടന്നിരുന്ന സ്വര്‍ണ മാല വലിച്ചു പൊട്ടിക്കുകയും മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങുകയും ചെയ്തു. കുഞ്ഞിനേയും വീട്ടിലുള്ള സ്ത്രീകളെയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

മര്‍ദനമേറ്റ മനീഷ് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. പിറ്റേന്ന് തന്നെ പോലീസ് കേസ് എടുത്തെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല. മണ്ണ് മാഫിയ സംഘത്തിന് പോലീസില്‍ നല്ല സ്വാധീനം ഉള്ളത് കാരണം അറസ്റ്റ് വൈകുന്നുവെന്നാണ് ആക്ഷേപം.

Similar News