ജോലിക്ക് പോകാതെ ദിവ്യശ്രീയുടെ പണം ധൂര്‍ത്തടിച്ചു; ഒടുവില്‍ വരുമാനം നിലയ്ക്കുമെന്ന ഭീതിയില്‍ ക്രൂരമായ അരുംകൊല; കരിവെള്ളൂരിലെ വനിതാ പോലീസ് ഓഫീസറെ വെട്ടിക്കൊന്ന രാജേഷിന് കിട്ടിയത് മൂന്ന് ജീവപര്യന്തം; ദിവ്യശ്രീയെ അരുംകൊല ചെയ്തതിന് പിന്നിലെന്ത്? കുറ്റപത്രത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍
ദിവ്യശ്രീയെ അരുംകൊല ചെയ്തതിന് പിന്നിലെന്ത്? കുറ്റപത്രത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍
കണ്ണൂര്‍: കഠിനാധ്വാനത്തിലൂടെ പി.എസ്.സി പരീക്ഷകള്‍ എഴുതിയെടുത്ത്, തന്റെ കുടുംബത്തിന്റെയും മകന്റെയും തണലായി മാറിയ ഒരു സ്ത്രീയുടെ സ്വപ്നങ്ങളാണ് കരിവെള്ളൂരിലെ ആ വീട്ടുമുറ്റത്ത് ഒടുങ്ങിയത്. വനിതാ സിവില്‍ പോലീസ് ഓഫീസറായിരുന്ന ദിവ്യശ്രീയെ (38) ഭര്‍ത്താവ് രാജേഷ് ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ കോടതി മൂന്ന് ജീവപര്യന്തം ശിക്ഷ വിധിക്കുമ്പോള്‍, ആ കൊലപാതകത്തിന് പിന്നിലെ ഭീകരമായ കാരണങ്ങളാണ് പോലീസ് കുറ്റപത്രത്തിലൂടെ ഇപ്പോള്‍ പുറത്തുവരുന്നത്.
കുറ്റപത്രത്തിലെ കണ്ടെത്തലുകള്‍
ദിവ്യശ്രീയുടെ ഭര്‍ത്താവ് രാജേഷിനെ നയിച്ച സംശയരോഗവും സാമ്പത്തിക അരാജകത്വവുമാണ് ഈ ദാരുണമായ അന്ത്യത്തിന് വഴിവെച്ചതെന്ന് പോലീസ് വ്യക്തമാക്കുന്നു. സ്ഥിരമായി ജോലിക്ക് പോകാതിരുന്ന രാജേഷിന് ടാക്‌സിയും ബൈക്കും ഉള്‍പ്പെടെ വാങ്ങി നല്‍കിയത് ദിവ്യശ്രീയുടെ വീട്ടുകാരായിരുന്നു. എന്നാല്‍ ദിവ്യശ്രീയുടെ ഏഴുലക്ഷത്തോളം രൂപ രാജേഷ് ധൂര്‍ത്തടിച്ചു നശിപ്പിച്ചു. ഈ സാമ്പത്തിക ചൂഷണം ദിവ്യശ്രീ ചോദ്യം ചെയ്തത് രാജേഷിനെ പ്രകോപിപ്പിച്ചു.
ദിവ്യശ്രീ തന്നില്‍ നിന്നും അകന്നുപോകുന്നുവെന്ന രോഗാതുരമായ സംശയവും പ്രതിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചു. വിവാഹമോചനം നേടിയാല്‍ തന്റെ സാമ്പത്തിക സ്രോതസ്സ് പൂര്‍ണ്ണമായും നിലയ്ക്കുമെന്ന ഭീതിയാണ് ദിവ്യശ്രീയെ ഇല്ലാതാക്കാന്‍ രാജേഷിനെ പ്രേരിപ്പിച്ചത്.
കുടുംബ പ്രശ്‌നങ്ങളെത്തുടര്‍ന്ന് രാജേഷുമായി അകന്ന് പിതാവ് വാസുവിനൊപ്പമായിരുന്നു ദിവ്യശ്രീ താമസിച്ചിരുന്നത്. 2024 നവംബറില്‍ കണ്ണൂര്‍ കുടുംബ കോടതിയില്‍ വിവാഹമോചനക്കേസ് പരിഗണിച്ചതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു ആ ക്രൂരകൃത്യം നടന്നത്. വൈകിട്ട് അഞ്ചരയോടെ ബൈക്കിലെത്തിയ രാജേഷ് വീട്ടില്‍ ബഹളമുണ്ടാക്കുകയും കൈയില്‍ കരുതിയിരുന്ന വടിവാളുകൊണ്ട് ദിവ്യശ്രീയെ തുരുതുരാ വെട്ടുകയുമായിരുന്നു. ആക്രമണം തടയാന്‍ ശ്രമിച്ച പിതാവ് വാസുവിനും ഗുരുതരമായി വെട്ടേറ്റു.
തലയ്ക്കും മുഖത്തും കൈകള്‍ക്കും മാരകമായി പരിക്കേറ്റ ദിവ്യശ്രീ പ്രാണരക്ഷാര്‍ത്ഥം പുറത്തേക്ക് ഓടിയെങ്കിലും ഗേറ്റിന് മുന്നില്‍ കുഴഞ്ഞുവീണു. നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൃത്യം നിര്‍വ്വഹിച്ച ശേഷം കടന്നുകളഞ്ഞ രാജേഷിനെ അന്ന് രാത്രി തന്നെ കണ്ണൂര്‍ പുതിയതെരുവിലെ ബാറില്‍ വെച്ച് വളപട്ടണം പോലീസ് അതിസാഹസികമായി പിടികൂടി. കൊലയ്ക്ക് ഉപയോഗിച്ച വാള്‍ പിന്നീട് പുഴയില്‍ നിന്ന് കണ്ടെടുത്തു.
പ്രതി രാജേഷിന് മൂന്ന് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. നീതി നടപ്പിലായെങ്കിലും, നാടിന് ഒരു മികച്ച ഉദ്യോഗസ്ഥയെയും ആ മകന് തന്റെ ഏക ആശ്രയത്തെയുമാണ് നഷ്ടമായത്.
