അയല്‍വാസി യുവാവിനോട് 57കാരിയായ അധ്യാപികയ്ക്ക് തോന്നിയ പ്രണയം; ലക്ഷങ്ങള്‍ തട്ടിയെടുത്തു; 'ഥാര്‍' അടക്കം സ്വന്തമാക്കി; പണം തിരിച്ച് ചോദിച്ചതോടെ കൊടുംക്രൂരത; മകന്റെ പ്രായമുള്ള കാമുകന്‍ അറസ്റ്റില്‍

Update: 2026-04-10 16:25 GMT

കലബുറഗി: പ്രണയം നടിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത ശേഷം 57കാരിയായ അധ്യാപികയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച 27കാരന്‍ പിടിയില്‍. കര്‍ണാടകയിലെ കലബുറഗിയില്‍ നടന്ന ഈ അതിക്രൂരമായ കൊലപാതകത്തിന് പിന്നില്‍ ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കലബുറഗി സ്വദേശിനിയും സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയുമായ ജ്യോതി കപാളെ (57) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസിയായ അമര്‍ ഗുഡ്ഡള്ളി (27) എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

കലബുറഗി ജില്ലയിലെ കലമൂഡ് ഗ്രാമത്തിലെ ആളൊഴിഞ്ഞ പറമ്പില്‍ പാതി കത്തിയ നിലയില്‍ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് കമലാപുര്‍ പോലീസ് അന്വേഷണം ആരംഭിച്ചത്. മൃതദേഹം ജ്യോതിയുടേതാണെന്ന് തിരിച്ചറിഞ്ഞ പോലീസ്, അവരുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതോടെയാണ് അമറുമായുള്ള ബന്ധത്തെക്കുറിച്ച് സൂചന ലഭിച്ചത്. ഒളിവില്‍ പോയ അമറിനെ പിടികൂടി ചോദ്യം ചെയ്തതോടെ ഞെട്ടിക്കുന്ന കൊലപാതക വിവരങ്ങള്‍ പുറത്തുവന്നു.

അവിവാഹിതയായ ജ്യോതി ബീദര്‍ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് ജോലി ചെയ്തിരുന്നത്. അവധി ദിവസങ്ങളില്‍ കലബുറഗിയിലെ അമ്മയുടെ വീട്ടിലെത്തുമ്പോഴാണ് അയല്‍വാസിയായ അമറുമായി പരിചയപ്പെടുന്നത്. വിവാഹിതനും കുട്ടികളുമുള്ള അമര്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ജ്യോതിയുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഈ ബന്ധത്തിന് പിന്നില്‍ അമറിന് കൃത്യമായ ലക്ഷ്യമുണ്ടായിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ 15 മുതല്‍ 20 ലക്ഷം രൂപ വരെ ജ്യോതി അമറിന് നല്‍കിയിരുന്നു.

അധ്യാപികയില്‍ നിന്ന് വാങ്ങിയ പണം ഉപയോഗിച്ച് അമര്‍ ആഡംബര ജീവിതമാണ് നയിച്ചിരുന്നത്. അടുത്തിടെ ഇയാള്‍ ഒരു 'ഥാര്‍' കാറും വാങ്ങിയിരുന്നു. അടുത്തിടെ താന്‍ നല്‍കിയ വലിയ തുക തിരികെ വേണമെന്ന് ജ്യോതി അമറിനോട് കര്‍ശനമായി ആവശ്യപ്പെടാന്‍ തുടങ്ങി. ഇതോടെയാണ് ജ്യോതിയെ ഇല്ലാതാക്കാന്‍ അമര്‍ തീരുമാനിച്ചത്. താന്‍ വാങ്ങിയ ആഡംബര കാറും ജീവിതവും നഷ്ടപ്പെടുമെന്ന ഭയമാണ് കൊലപാതകത്തിന് പ്രേരണയായത്.

ഏപ്രില്‍ 3-ന് ക്ഷേത്ര ദര്‍ശനത്തിനെന്ന വ്യാജേന ജ്യോതിയെ അമര്‍ തന്റെ ഥാര്‍ കാറില്‍ കൂട്ടിക്കൊണ്ടുപോയി. രാത്രിയായതോടെ വിജനമായ സ്ഥലത്തെത്തിച്ച് നേരത്തെ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് അവരെ കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം മൃതദേഹം കാറിന്റെ ഡിക്കിയില്‍ സൂക്ഷിച്ചിരുന്ന പെട്രോള്‍ ഒഴിച്ച് കത്തിച്ച ശേഷം അമര്‍ കടന്നുകളഞ്ഞു. അമറിനെ ചോദ്യം ചെയ്തതിന് പിന്നാലെ കൊലപാതകത്തിന് ഉപയോഗിച്ച ആയുധം, പെട്രോള്‍ ക്യാന്‍, കൊലപാതകത്തിന് ഉപയോഗിച്ച ഥാര്‍ കാര്‍ എന്നിവ പോലീസ് കണ്ടെടുത്തു.

ജ്യോതിയുടെ മൊബൈല്‍ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അമറിനെ സംശയം തോന്നിയത്. പിന്നാലെയാണ് ഒളിവില്‍പ്പോയ അമറിനെ പിടികൂടുന്നത്. ഇയാളെ ചോദ്യം ചെയ്തതിന് പിന്നാലെ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു.

Similar News