തൃശൂരില്‍ തമിഴ് ദമ്പതികളോട് വീട്ടുടമയുടെ പ്രതികാരം! ബന്ധുവിന്റെ മരണവീട്ടില്‍ പോയി മടങ്ങിവന്നപ്പോള്‍ കണ്ടത് തകര്‍ന്നു തരിപ്പണമായ വീടും വീട്ടുപകരണങ്ങളും; ഇസ്തിരിയിട്ടുണ്ടാക്കിയ സമ്പാദ്യമെല്ലാം റോഡില്‍ എറിഞ്ഞു; മുന്നറിയിപ്പില്ലാതെ നശിപ്പിച്ചത് 12 വര്‍ഷത്തെ സമ്പാദ്യം; പരാതി നല്‍കിയിട്ടും തിരിഞ്ഞുനോക്കാതെ പോലീസ്
തൃശൂര്‍: ഉറ്റബന്ധുവിന്റെ മരണത്തെ തുടര്‍ന്ന് നാട്ടിലേക്ക് പോയ തമിഴ്‌നാട് സ്വദേശികളായ ദമ്പതികള്‍ തിരിച്ചെത്തിയപ്പോള്‍ നേരിടേണ്ടി വന്നത് കൊടുംക്രൂരത. ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട് ഉടമയുടെ ബന്ധുക്കള്‍ ഹിറ്റാച്ചി ഉപയോഗിച്ച് തകര്‍ത്തു. വീട്ടുപകരണങ്ങളും നിത്യോപയോഗ സാധനങ്ങളും റോഡിലേക്ക് വലിച്ചെറിഞ്ഞു. പൊലീസിനും കമ്മീഷണര്‍ക്കും പരാതി നല്‍കിയിട്ടും തിരിഞ്ഞു നോക്കിയില്ലെന്നും തമിഴ്‌നാട് സ്വദേശികളായ മുരുകനും ഭാര്യയും പറയുന്നു. വസ്ത്രങ്ങള്‍ ഇസ്തിരിയിട്ട് കഷ്ടപ്പെട്ട് സമ്പാദിച്ച ഫ്രിഡ്ജും വാഷിംഗ് മെഷീനും ടിവിയുമെല്ലാമാണ് ഇവര്‍ക്ക് നഷ്ടമായത്. തൃശൂര്‍ കുരീച്ചിറ മാവേലി നഗറില്‍ താമസിക്കുന്ന ഈ തമിഴ്നാട് സ്വദേശികള്‍ക്ക് ഇപ്പോള്‍ പറയാനുള്ളത് നീതി നിഷേധത്തിന്റെ പൊള്ളുന്ന കഥയാണ്.
തമിഴ്‌നാട് മധുര സ്വദേശികളായ മുരുകനും ഭാര്യ ശാന്തിയും 12 വര്‍ഷമായി തൃശൂര്‍ കുരീച്ചിറ മാവേലി നഗറില്‍ താമസിച്ച് വരികയായിരുന്നു. വസ്ത്രങ്ങള്‍ ഇസ്തിരി ചെയ്താണ് ഇവര്‍ ജീവിക്കാനുള്ള മാര്‍ഗം കണ്ടെത്തുന്നത്. 'താമസിക്കുന്നിടത്ത് ആരും ശത്രുക്കളില്ല. എല്ലാവരുമായും സൗഹൃദത്തിലാണ്' നല്ലവരായ നാട്ടുകാര്‍ പലപ്പോഴും സഹായിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത് എന്നും മുരുകന്‍ പറയുന്നു. ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, ടിവി, ചെറുതും വലുതുമായി ഇത്രകാലം സമ്പാദിച്ച വിലയേറിയ സാമഗ്രികളും പൈതൃകമായി സൂക്ഷിച്ചു വെച്ചിരുന്ന പാരമ്പര്യ വസ്തുക്കളും നഷ്ടപ്പെട്ടതായും മുരുകനും ഭാര്യയും പരാതിയില്‍ പറയുന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരി 8ന് തങ്ങളുടെ ബന്ധു അത്യാസന്ന നിലയിലായതിനെ തുടര്‍ന്ന് നാട്ടിലേക്ക് പോകേണ്ടിവന്നു. തൊട്ടടുത്ത ദിവസം ബന്ധു മരിച്ചതിനെ തുടര്‍ന്ന് മരണാനന്തര ചടങ്ങുകള്‍ക്കായി നാട്ടില്‍ തന്നെ നില്‍ക്കേണ്ടിവന്നു. മരണാനന്തര ചടങ്ങുകള്‍ക്കിടയില്‍ തൃശ്ശൂരില്‍ നിന്ന് ഒരു ഫോണ്‍ കോള്‍ വന്നു. വീട്ടുവാടക കൈപ്പറ്റിയിരുന്ന ജോണ്‍സന്റെ പെങ്ങള്‍ ആലീസ് ആയിരുന്നു ഫോണ്‍ ചെയ്തത്. താങ്കള്‍ താമസിച്ചിരുന്ന കെട്ടിടം പൊളിച്ചു എന്നും 'വീട്ട് സാമഗ്രികള്‍ എല്ലാം പുറത്തേക്ക് ഇട്ടിട്ടുണ്ട്. ആവശ്യമെങ്കില്‍ എടുത്തുകൊണ്ടു പോകണം എന്നുമായിരുന്നു ഫോണില്‍ പറഞ്ഞത്. ഫെബ്രുവരി 9ന് ആയിരുന്നു ഫോണ്‍ കോള്‍. മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കേണ്ടതിനാല്‍ ഇത്ര ദൂരം പെട്ടെന്ന് വരാന്‍ മുരുകനും ഭാര്യക്കും കഴിഞ്ഞില്ല.
മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം ഫെബ്രുവരി 23ന് വാടക സ്ഥലത്തേക്ക് തിരിച്ചുവന്നപ്പോള്‍ ഫോണില്‍ പറഞ്ഞതിലും അപ്പുറമായിരുന്നു കാഴ്ചകള്‍. ഹിറ്റാച്ചി ഉപയോഗിച്ചായിരുന്നു കെട്ടിടം തകര്‍ത്തത്. വീട്ടുസാമഗ്രികള്‍ റോഡിലും തകര്‍ന്ന വീട്ടിലുമായി ചിതറി കിടക്കുന്നു. ഒന്നും വീണ്ടും ഉപയോഗിക്കാന്‍ കഴിയാത്ത വിധം നാശമായി കിടക്കുകയായിരുന്നു. എന്തുകൊണ്ട് ഇത് ചെയ്തു എന്ന് അറിയില്ലെന്നും മുരുകനും ഭാര്യ ശാന്തിയും പറഞ്ഞു.
അന്വേഷിച്ചപ്പോള്‍ വാടക നല്‍കിവരുന്ന വീട്ടുടമയുടെ മക്കളും മരുമക്കളുമാണ് ഇതെല്ലാം തകര്‍ത്ത് എന്നാണ് അയല്‍വാസികള്‍ പറഞ്ഞത്. ഉടന്‍ ഒല്ലൂര്‍ പൊലീസില്‍ പരാതി നല്‍കി. പക്ഷേ, ഒരു നടപടിയും ഉണ്ടായില്ല. തുടര്‍ന്ന് തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കി. ഒരു അന്വേഷണവും ഉണ്ടായില്ല. പൊലീസ് കാര്യം പോലും തിരക്കിയില്ല. വാടക വീട് ഒഴിയുന്നതിനോ മാറി താമസിക്കുന്നതിന് തങ്ങള്‍ക്ക് ബുദ്ധിമുട്ടില്ല, മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം ഞങ്ങള്‍ തിരികെ വരുന്നതുവരെ കാത്തിരിക്കാമായിരുന്നു എന്നും എന്ത് തെറ്റ് ചെയ്തിട്ടാണ് വിലപ്പെട്ടതായി സൂക്ഷിച്ച സാമഗ്രികള്‍ തകര്‍ത്തത് എന്നാണ് മുരുകന്‍ ചോദിക്കുന്നത്.
മേല്‍ക്കൂരയില്ലാത്ത വീട്ടില്‍ അപ്രതീക്ഷിതമായി പെയ്ത മഴയില്‍ ഉറങ്ങാന്‍ കഴിയാതെ നിന്ന് കൊണ്ടാണ് മൂന്ന് രാത്രികള്‍ കഴിച്ചു കൂട്ടിയത്. സ്‌നേഹമുള്ള നാട്ടുകാരുടെ സഹായത്താലാണ് വീണ്ടും ജീവിക്കാനുള്ള സൗകര്യമൊരുക്കി സമീപത്തെ മറ്റൊരു വാടക സ്ഥലം തയ്യാറാക്കി നല്‍കിയത് എന്നും മുരുകന്‍ പറയുന്നു. നടപടി ഉണ്ടായില്ലെങ്കില്‍ ജില്ലാ കളക്ടര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്നും മുരുകനും ശാന്തിയും തൃശ്ശൂരില്‍ പറയുന്നു. നിയമപരമായ കുടിയൊഴിപ്പിക്കല്‍ രീതികള്‍ നിലവിലിരിക്കെ, ഗുണ്ടാ സ്‌റ്റൈലില്‍ വീട് തകര്‍ക്കുന്ന ഇത്തരം നടപടികള്‍ക്കെതിരെ ശക്തമായ നിയമനടപടി ഉണ്ടായേ തീരുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
