നീ ചുമ്മാ...എന്തിന് ഇങ്ങനെ വരണേ..ഒരു കാര്യം ചെയ്യ്; ഇവിടെ നിന്ന് എടുത്തുചാടി ചാക്! എല്ലാവരുടെയും മുന്നിൽ ആകെ നാണംകെട്ട് ഒരു കോമാളിയെപോലെ ആ ജീവനക്കാരൻ; വിഷമം സഹിക്കാൻ കഴിയാതെ വീട്ടിലെത്തി കാര്യങ്ങൾ പറഞ്ഞതും പൊല്ലാപ്പ്; ബംഗളൂരുവിലെ വണ്ടർലാ സിഒഓക്കെതിരെ കേസ്; പിന്നാലെ സംഭവിച്ചത്
ബംഗളൂരു: ബംഗളൂരു വണ്ടർലായിലെ മാർക്കറ്റിങ് വിഭാഗം ജീവനക്കാരനെ പരസ്യമായി അധിക്ഷേപിച്ച സംഭവത്തിൽ ഉത്തരേന്ത്യക്കാരനായ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ (സിഒഓ) ധീരേൻ സിങ് ഒടുവിൽ മുട്ടുമടക്കി മാപ്പുപറഞ്ഞു. പ്രമുഖ വ്യവസായ ഗ്രൂപ്പായ വി-ഗാർഡിന്റെ ഉടമസ്ഥതയിലുള്ള അമ്യൂസ്‌മെന്റ് പാർക്കാണ് വണ്ടർലാ. ഇവിടെ ജോലി ചെയ്തിരുന്ന കർണാടക സ്വദേശിയായ ജീവനക്കാരനെ സഹപ്രവർത്തകരുടെ മുന്നിൽ വെച്ച് ധീരേൻ സിങ് അതിരൂക്ഷമായി അധിക്ഷേപിക്കുകയായിരുന്നു.
കേവലം ശകാരിക്കുക മാത്രമല്ല, നാലുനില കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യാൻ വരെ ഇയാൾ ജീവനക്കാരനോട് ആക്രോശിച്ചു. ഈ സംഭവമുണ്ടാക്കിയ കടുത്ത മനോവിഷമത്തിൽ വീട്ടിലെത്തിയ ജീവനക്കാരൻ കാര്യങ്ങൾ കുടുംബത്തോട് വെളിപ്പെടുത്തിയതോടെയാണ് പ്രശ്നം ഗുരുതരമായത്. പ്രാദേശിക വികാരം കണക്കിലെടുത്ത് കന്നഡ സംഘടനകൾ വിഷയത്തിൽ ഇടപെടുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു.
പരാതിയെത്തുടർന്ന് പോലീസ് ഇരുകൂട്ടരെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി ചർച്ച നടത്തി. ശക്തമായ പ്രതിഷേധം ഉയർന്നതോടെ നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാൻ ധീരേൻ സിങ്ങിന് പരസ്യമായി മാപ്പുപറയേണ്ടി വന്നു. കന്നഡ സംഘടനാ നേതാക്കളുടെ സാന്നിധ്യത്തിൽ, അവർ പറഞ്ഞുകൊടുത്ത വാചകങ്ങൾ ഏറ്റുചൊല്ലിക്കൊണ്ടാണ് ഇയാൾ മാപ്പപേക്ഷ നടത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കന്നഡ മാധ്യമങ്ങളും ഈ വാർത്തയ്ക്ക് വലിയ പ്രാധാന്യമാണ് നൽകിയത്. ധീരേൻ സിങ് തന്റെ കീഴിലുള്ള ജീവനക്കാരോട് സ്ഥിരമായി മോശമായ രീതിയിലാണ് പെരുമാറുന്നതെന്ന് നേരത്തെ തന്നെ വ്യാപകമായ പരാതികൾ ഉയർന്നിരുന്നു. ഈ സംഭവം പുറത്തുവന്നതോടെ വണ്ടർലായിലെ തൊഴിൽ അന്തരീക്ഷത്തെക്കുറിച്ചും വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
കൊച്ചി ആസ്ഥാനമായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി തുടക്കം കുറിച്ച വി-ഗാർഡ് ഗ്രൂപ്പിന്റെ ഏറ്റവും ലാഭകരമായ സംരംഭങ്ങളിൽ ഒന്നാണ് വണ്ടർലാ. കേരളത്തിന് പുറത്തേക്ക് വിപുലീകരിച്ചതിന്റെ ഭാഗമായാണ് ബംഗളൂരുവിൽ അമ്യൂസ്‌മെന്റ് പാർക്ക് സ്ഥാപിച്ചത്.
എന്നാൽ ഉയർന്ന തസ്തികയിലിരിക്കുന്ന ഉദ്യോഗസ്ഥൻ ഒരു സാധാരണ ജീവനക്കാരനോട് കാണിച്ച ഈ ക്രൂരത സ്ഥാപനത്തിന്റെ പ്രതിച്ഛായയ്ക്ക് വലിയ മങ്ങലേൽപ്പിച്ചിട്ടുണ്ട്. ജോലി സ്ഥലത്തെ മാനസിക പീഡനങ്ങൾക്കെതിരെ ശക്തമായ നിയമനിർമ്മാണം വേണമെന്ന ആവശ്യവും ഇതോടെ ഉയരുന്നുണ്ട്. ഏതായാലും കന്നഡ സംഘടനകളുടെ ശക്തമായ നിലപാട് മൂലം ഒരു ഉന്നത ഉദ്യോഗസ്ഥന് പരസ്യമായി മാപ്പുപറയേണ്ടി വന്നത് സാധാരണക്കാരായ ജീവനക്കാർക്ക് വലിയ ആശ്വാസമാണ് നൽകിയിരിക്കുന്നത്.
