അഭിമന്യുവിനെ കൊന്നത് അറിയില്ലെന്ന് എസ്എഫ്‌ഐക്കാരന്‍! സാക്ഷികളെ ഒരേ വസ്ത്രം ധരിപ്പിച്ച് കോടതിയെ പറ്റിക്കാന്‍ പ്രതികള്‍; വിശാലിനെ കുത്തിവീഴ്ത്തിയത് 'ലൗ ജിഹാദ്' എതിര്‍ത്തതിനെന്ന് പ്രോസിക്യൂഷന്‍; വിശാല്‍ വധക്കേസ് വിധി നിര്‍ണ്ണായകമാകും

Update: 2025-12-24 06:44 GMT

ആലപ്പുഴ: ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ എബിവിപി പ്രവര്‍ത്തകനായിരുന്ന വിശാലിനെ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ കേസില്‍ മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി ഈ മാസം 30-ന് വിധി പ്രഖ്യാപിക്കും. ജഡ്ജി പൂജ പി.പി. ആണ് വിധി പുറപ്പെടുവിക്കുന്നത്. 2012 ജൂലൈ 16-നായിരുന്നു കേരള മനസാക്ഷിയെ നടുക്കിയ ഈ കൊലപാതകം നടന്നത്.

പുതിയ വിദ്യാര്‍ത്ഥികളെ വരവേല്‍ക്കുന്നതിനായി സംഘടനകള്‍ ഒരുക്കിയ പരിപാടിക്കിടെയാണ് ആസൂത്രിതമായ ആക്രമണം ഉണ്ടായത്. എബിവിപി നഗര്‍ സമിതി അംഗമായിരുന്ന വിശാലിനെ ക്യാമ്പസ് ഫ്രണ്ട് സംഘം കുത്തിവീഴ്ത്തുകയായിരുന്നു. ആക്രമണം തടയാന്‍ ശ്രമിച്ച സുഹൃത്തുക്കളായ വിഷ്ണുപ്രസാദ്, ശ്രീജിത്ത് എന്നിവര്‍ക്കും മറ്റ് ഏഴോളം പ്രവര്‍ത്തകര്‍ക്കും അന്ന് ഗുരുതരമായി പരിക്കേറ്റിരുന്നു. ആദ്യം ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ വിശാല്‍ മരണത്തിന് കീഴടങ്ങി.

മെഡിക്കല്‍ കോളേജിലേക്കുള്ള യാത്രയ്ക്കിടയില്‍, 'പോപ്പുലര്‍ ഫ്രണ്ടുകാരാണ് തന്നെ കുത്തിയത്' എന്ന് വിശാല്‍ സുഹൃത്തിനോട് പറഞ്ഞത് പ്രോസിക്യൂഷന്‍ പ്രധാന തെളിവായി കോടതിയില്‍ ഹാജരാക്കിയിരുന്നു. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച മൂന്നാം പ്രതി ഷെഫീക്കിന്റെ തിരിച്ചറിയല്‍ കാര്‍ഡും പ്രതികളുടെ മൊഴി പ്രകാരം കണ്ടെടുത്ത മാരകായുധങ്ങളും കേസില്‍ നിര്‍ണ്ണായകമായി. 20 പ്രതികള്‍ക്കെതിരെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തില്‍ തുടക്കത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വിമുഖത കാട്ടിയത് വലിയ വിവാദമായിരുന്നു. ഒടുവില്‍ കേന്ദ്ര ഇടപെടല്‍ ഉണ്ടാകുമെന്ന സാഹചര്യത്തിലാണ് അഡ്വ. പ്രതാപ് ജി. പടിക്കലിനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായത്. പ്രതികളെ തിരിച്ചറിയാതിരിക്കാന്‍ ഒരേ വസ്ത്രം ധരിച്ച് അവര്‍ കോടതിയില്‍ ഹാജരായെങ്കിലും സാക്ഷികള്‍ എല്ലാവരെയും കൃത്യമായി തിരിച്ചറിഞ്ഞു എന്നത് പ്രോസിക്യൂഷന് കരുത്തായി.

പ്രദേശത്തെ ലൗ ജിഹാദ് ഉള്‍പ്പെടെയുള്ള പോപ്പുലര്‍ ഫ്രണ്ട് നീക്കങ്ങളെ വിശാലും സുഹൃത്തുക്കളും എതിര്‍ത്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കൊലപാതകത്തിന് പ്രത്യേക പരിശീലനം ലഭിച്ച സംഘമാണ് കൃത്യം നടത്തിയത്. കൃത്യത്തിന് ശേഷം കായംകുളത്തെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസിലടക്കം പ്രതികള്‍ ഒളിവില്‍ കഴിഞ്ഞിരുന്നു.

വിചാരണവേളയില്‍ കെഎസ്യു, എസ്എഫ്‌ഐ പ്രവര്‍ത്തകരായ സാക്ഷികള്‍ പ്രതികള്‍ക്ക് അനുകൂലമായി നിലപാട് സ്വീകരിച്ച് കൂറുമാറിയത് കോടതിയില്‍ വലിയ നാടകീയ രംഗങ്ങള്‍ക്ക് കാരണമായി. 'പോപ്പുലര്‍ ഫ്രണ്ട് കൊലപാതകങ്ങള്‍ നടത്തുന്നതായി അറിയില്ല' എന്ന് പറഞ്ഞ എസ്എഫ്‌ഐക്കാരനായ സാക്ഷിയോട്, മഹാരാജാസ് കോളേജില്‍ കൊല്ലപ്പെട്ട അഭിമന്യുവിനെക്കുറിച്ച് അറിയില്ലേ എന്ന് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ചോദിച്ചത് വലിയ വാര്‍ത്തയായിരുന്നു.

55 സാക്ഷികളെ വിസ്തരിക്കുകയും 205 രേഖകള്‍ ഹാജരാക്കുകയും ചെയ്ത വിചാരണക്കൊടുവിലാണ് കേസ് വിധി പറയാന്‍ മാറ്റിയത്. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും മാറിമാറി അന്വേഷിച്ച കേസില്‍ മൂന്ന് ഡിവൈഎസ്പിമാരാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്. പ്രതാപ് ജി. പടിക്കലിനൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്‍പ ശിവന്‍, ഹരീഷ് കാട്ടൂര്‍ തുടങ്ങിയവര്‍ പ്രോസിക്യൂഷന് വേണ്ടി ഹാജരായി.

Tags:    

Similar News