വിവാഹിതയാകുമ്പോള്‍ പ്രായപൂര്‍ത്തിയായില്ല; വിവാഹത്തിന് നാലു വര്‍ഷത്തിന് ശേഷം ഭര്‍ത്താവിനെതിരെ പോക്‌സോ കേസ് നല്‍കി ഭാര്യ: യുവാവിനെ വെറുതേ വിട്ട് കോടതി
ഭര്‍ത്താവിനെതിരെ പോക്‌സോ കേസ് നല്‍കി ഭാര്യ: യുവാവിനെ വെറുതേ വിട്ട് കോടതി
ഇടുക്കി: ഭാര്യ നല്‍കിയ പോക്‌സോ കേസില്‍ ഭര്‍ത്താവിനെ വെറുതേവിട്ട് കോടതി. നാലു വര്‍ഷം മുമ്പ് വിവാഹിതയാകുമ്പോള്‍ പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് കാണിച്ച് യുവതി നല്‍കിയ പരാതിയിലാണ് കട്ടപ്പനയിലെ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ആനവിലാസം കണ്ണിയക്കല്‍ സ്വദേശിയായ യുവാവിനെ വെറുതേ വിട്ടത്. തെളിവുകളുടെ അടിസ്ഥാനത്തില്‍ വിവാഹ സമയത്ത് യുവതിക്ക് 18 വയസ്സുണ്ടായിരുന്നെന്ന് മനസ്സിലാക്കിയ കോടതി കേസ് തള്ളുകയും യുവാവിനെ വെറുതേ വിടുകയുമായിരുന്നു.
ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ദമ്പതികള്‍ക്ക് രണ്ട് വയസ്സുള്ള കുഞ്ഞുണ്ട്. വിവാഹം കഴിഞ്ഞ് നാല് വര്‍ഷത്തിന് ശേഷമാണ് യുവതി പൊലീസിനെ സമീപിക്കുന്നത്. പരാതിയുമായി പൊലീസിനെ സമീപിക്കുമ്പോള്‍ യുവതിക്ക് 22 വയസ്സായിരുന്നു. ഇരുവരും തമ്മിലുണ്ടായിരുന്ന ദാമ്പത്തിക പ്രശ്‌നങ്ങളാണ് ഇത്തരത്തില്‍ ഒരു പരാതിയിലേക്ക് നയിച്ചത്. യുവാവിനൊടൊപ്പം താമസിക്കാന്‍ തുടങ്ങിയപ്പോള്‍ തനിക്ക് 17 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് യുവതി ആരോപിച്ചു. ശാരീരിക ബന്ധം പരസ്പര സമ്മതത്തോടെയായിരുന്നുവെന്ന് അവര്‍ സമ്മതിച്ചെങ്കിലും, ആ സമയത്ത് താന്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍, പോക്‌സോ നിയമപ്രകാരം ഇത് ബലാത്സംഗത്തിന്റെ പരിധിയില്‍ വരുമെന്ന് അവര്‍ അവകാശപ്പെട്ടു.
എന്നാല്‍ പതിക്കൊപ്പം പോകുന്നതിന് രണ്ട് ദിവസം മുമ്പ് സ്ത്രീക്ക് 18 വയസ്സ് പൂര്‍ത്തിയായതായി കാണിക്കുന്ന ജനന രേഖകള്‍ പ്രതിഭാഗം ഹാജരാക്കി. ഉത്തമപാളയം മുനിസിപ്പാലിറ്റിയിലാണ് ജനനം രജിസ്റ്റര്‍ ചെയ്തിരുന്നത്. ഡെപ്യൂട്ടി തഹസില്‍ദാരെ പ്രതിഭാഗം സാക്ഷിയായി വിസ്തരിച്ചു. ഇതോടെ കേസ് തള്ളുകയും കോടതി യുവാവിനെ വെറുതെ വിടുകയും ചെയ്തു.
പോക്‌സോ കേസ് ഫയല്‍ ചെയ്യുന്നതിന് ആറ് മാസം മുമ്പ്, പരാതിക്കാരിയും അമ്മാവനും അമ്മായിയും ചേര്‍ന്ന് ഭര്‍ത്താവിനെ ആക്രമിച്ച് നഗ്‌നനാക്കിയതായും ഇയാളുടെ അസ്ഥി ഒടിയാന്‍ കാരണമായതായും പ്രതിഭാഗം ചൂണ്ടിക്കാട്ടി. ആ സംഭവവുമായി ബന്ധപ്പെട്ട് ഉപ്പുതറ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസ് കട്ടപ്പന ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലാണ്. ഈ കേസ് പിന്‍വലിക്കാന്‍ പ്രതികള്‍ യുവാവിന് മേല്‍ സമ്മര്‍ദം ചെലത്തിയിരുന്നു.
എന്നാല്‍ യുവാവ് കേസ് പിന്‍വലിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് പോക്‌സോ കേസ് ഫയല്‍ ചെയ്തതെന്ന് വാദിച്ചു. പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് പോലീസ് സൂക്ഷ്മവും ശരിയായതുമായ അന്വേഷണം നടത്തിയില്ലെന്ന് കോടതി നിരീക്ഷിച്ചു.
