നെയ്യാറ്റിന്‍കരയില്‍ വയോധിക ചിതയൊരുക്കി ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ഭര്‍ത്താവിന്റെ അസുഖവും ഒറ്റപ്പെടലും കാരണം നളിനകുമാരി കുറച്ചുനാളുകളായി കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് നാട്ടുകാര്‍

നെയ്യാറ്റിന്‍കരയില്‍ വയോധിക ചിതയൊരുക്കി ആത്മഹത്യയ്ക്ക് ശ്രമിച്ചു

Update: 2026-03-02 06:40 GMT

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ചിതയൊരുക്കി ജീവനൊടുക്കാന്‍ വയോധികയുടെ ശ്രമം. നെയ്യാറ്റിന്‍കര സ്വദേശി നളിനികുമാരി (67) ആണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. നളിനികുമാരിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിന് പുറക് വശത്തായാണ് ചിത ഒരുക്കി ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇന്ന് രാവിലെയാണ് നളിനികുമാരി ചിതയൊരുക്കി ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇതുകണ്ട നാട്ടുകാര്‍ തീ കെടുത്തി ഇവരെ നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് വലിയ രീതിയില്‍ പൊള്ളലേറ്റിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

വീടിന്റെ പിന്‍വശത്ത് വിറക് കൂട്ടിയിട്ട് ചിതയൊരുക്കി തീ കൊളുത്തിയ ശേഷം നളിനകുമാരി അതിലേക്ക് ഇറങ്ങിക്കിടക്കുകയായിരുന്നു. തീ കത്തുന്നത് കണ്ട് ഓടിയെത്തിയ അയല്‍വാസികളാണ് പൊലീസിനെ വിവരമറിയിച്ചത്. ഉടന്‍ തന്നെ തീ അണച്ച് നളിനകുമാരിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്.

ഒരു വര്‍ഷമായി നളിനകുമാരിയുടെ ഭര്‍ത്താവ് രോഗബാധിതനായി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ മക്കളെല്ലാം വിദേശത്താണെന്നാണ് ലഭിക്കുന്ന വിവരം. ഭര്‍ത്താവിന്റെ അസുഖവും ഒറ്റപ്പെടലും കാരണം നളിനകുമാരി കുറച്ചുനാളുകളായി കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്ന കാര്യത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

Tags:    

Similar News