ഭാര്യാഭർത്താക്കന്മാരാണെന്നു പറഞ്ഞ് വീടെടുത്തത് രണ്ടു മാസം മുൻപ്; കൈകാലുകൾ കെട്ടിയിട്ട നിലയിൽ യുവാവിന്റെ മൃതദേഹം; ലിവ് ഇൻ പങ്കാളികൾ തമ്മിൽ വീട്ടിൽ വഴക്ക് പതിവ്; യുവതി കസ്റ്റഡിയിൽ
ബെംഗളൂരു: മഞ്ജുനാഥ നഗറിർ യുവാവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഹാസൻ സ്വദേശി മോഹൻ കൃഷ്ണയെയാണ് (29) വിജയലക്ഷ്മി ലേ ഔട്ടിലെ വീടിനുള്ളിൽ കൈകാലുകൾ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. വാടകവീട്ടിലായിരുന്നു യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് ഇയാൾക്കൊപ്പം താമസിച്ചിരുന്ന ഉർവശിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
രണ്ടു മാസം മുൻപാണ് ഭാര്യാഭർത്താക്കന്മാരാണെന്നു പറഞ്ഞ് മോഹനും ഉർവശിയും ഇവിടെ വീട് വാടകയ്‌ക്കെടുത്തത്. കഴിഞ്ഞ ദിവസം വീട്ടുടമ നാഗരാജ് വാടക ചോദിക്കാനായി എത്തിയെങ്കിലും വീട് പൂട്ടിക്കിടക്കുന്നതാണ് കണ്ടത്. എന്നാൽ, വീട്ടിൽനിന്നു അസഹനീയമായ ദുർഗന്ധം വമിക്കുന്നതായി അയൽക്കാർ അറിയിച്ചതോടെ നാഗരാജിന്റെ മകൻ എത്തി പരിശോധിക്കുകയായിരുന്നു. ജനലിലൂടെ നോക്കിയപ്പോഴാണ് ജീർണിച്ചു തുടങ്ങിയ നിലയിൽ മോഹന്റെ മൃതദേഹം കണ്ടത്.
കൈകാലുകൾ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം. കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. മോഹനും ഉർവശിയും തമ്മിൽ വീട്ടിൽ പതിവായി വഴക്കുണ്ടാകാറുള്ളതായി അയൽക്കാർ മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിനു ശേഷം ഒളിവിൽ പോയ ഉർവശിയെ മറ്റൊരു സ്ഥലത്തുനിന്നാണ് പോലീസ് പിടികൂടിയത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.