വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കെത്തിയ യുവാവുമായി പരിചയത്തിലായി; പ്രണയ ബന്ധത്തിന് തടസ്സമായ ഭർത്താവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമം; നിർണായകമായത് പോസ്റ്റുമോർട്ടം റിപ്പോർട്ട്; ഭാര്യയും കാമുകനും ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

Update: 2025-12-24 11:32 GMT

ഹൈദരാബാദ്: വിവാഹേതര ബന്ധം ചോദ്യം ചെയ്ത ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തി. ഹൈദരാബാദിലെ ബോഡുപ്പൽ സ്വദേശിയായ വി.ജെ. അശോക് (36) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അശോകിന്റെ ഭാര്യ പൂർണിമ (31), കാമുകൻ മഹേഷ്, ഇവരുടെ സഹായി സായി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്ന് പത്തുദിവസത്തിന് ശേഷമാണ് യുവതി പിടിയിലായത്. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്ന് ബന്ധുക്കളെയും പോലീസിനെയും വിശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ സത്യം പുറത്തുവരികയായിരുന്നു.

പൂർണിമ വീട്ടിൽ പ്ലേ സ്കൂൾ നടത്തിവരികയായിരുന്നു. വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കെത്തിയ പ്രകാശം ജില്ലക്കാരനായ മഹേഷുമായി പൂർണിമ പ്രണയത്തിലായി. ലോജിസ്റ്റിക്സ് മാനേജറായി ജോലി ചെയ്തിരുന്ന അശോക്, തന്റെ ഭാര്യ പൂർണിമയ്ക്ക് മഹേഷ് എന്ന യുവാവുമായുള്ള ബന്ധം കണ്ടെത്തിയിരുന്നു. ഇതിനെച്ചൊല്ലി വീട്ടിൽ നിരന്തരം വഴക്കുകൾ നടന്നിരുന്നു. തന്റെ ബന്ധത്തിന് തടസ്സമായി നിൽക്കുന്ന അശോകിനെ ഒഴിവാക്കാൻ പൂർണിമ കാമുകനൊപ്പം ചേർന്ന് പദ്ധതിയിടുകയായിരുന്നു.

ഡിസംബർ 21-ന് രാത്രി അശോക് ഉറങ്ങിക്കിടക്കുമ്പോൾ പൂർണിമയും മഹേഷും ചേർന്ന് തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം സംഭവം സ്വാഭാവിക മരണമാണെന്ന് വരുത്തിത്തീർക്കാൻ പൂർണിമ ശ്രമിച്ചു. അശോക് ബാത്ത്റൂമിൽ കുഴഞ്ഞുവീണതാണെന്നും ഹൃദയാഘാതം മൂലമാണ് മരിച്ചതെന്നും അവർ ബന്ധുക്കളെയും അയൽക്കാരെയും വിശ്വസിപ്പിച്ചു. തുടർന്ന് മൃതദേഹം സംസ്കരിക്കാനുള്ള നീക്കങ്ങളും നടത്തി. അശോകിന്റെ മരണത്തിൽ അസ്വാഭാവികത തോന്നിയ ചില ബന്ധുക്കൾ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

പോലീസ് എത്തി മൃതദേഹം പരിശോധിച്ചപ്പോൾ കഴുത്തിലും മുഖത്തും ചെറിയ പരിക്കുകൾ കണ്ടെത്തി. തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് മരണം ശ്വാസംമുട്ടിയാണെന്ന് സ്ഥിരീകരിച്ചത്. അശോകിന്റെ വീടിന് പരിസരത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ രാത്രി വൈകി മഹേഷും സുഹൃത്തും വീട്ടിൽ വന്നുപോകുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ഇതോടെ പൂർണിമയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തായത്. മൂന്ന് പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    

Similar News